/indian-express-malayalam/media/media_files/uploads/2018/08/Kerala-Flood.jpg)
കൊച്ചി: സംസ്ഥാനത്ത് പ്രളയബാധിതർ തങ്ങുന്ന ദുരിതാശ്വാസ ക്യാംപുകൾ സ്‌കൂളുകളിൽ നിന്ന് മാറ്റാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. ഇതിന് ആവശ്യമെങ്കിൽ സ്വകാര്യ കെട്ടിടങ്ങൾ കണ്ടെത്താൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
വീടുകൾ തകർന്നവർക്ക് താമസിക്കാൻ പൂട്ടിക്കിടക്കുന്ന വീടുകൾ ഉപയോഗിക്കാൻ സാധിക്കുമോയെന്ന് അറിയാൻ കളക്ടർമാരോട് ആവശ്യപ്പെട്ടു. ആലപ്പുഴ ജില്ലയിലാണ് കൂടുതല്‍ ക്യാമ്പുകള്‍ സ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്നത്. ക്യാമ്പുകളില്ലാത്ത സ്കൂളുകള്‍ അടുത്ത രണ്ടു ദിവസത്തിനകം പൂര്‍ണ്ണമായും വൃത്തിയാക്കണമെന്നും നിർദ്ദേശിച്ചു. ഈ മാസം 29 നാണ് ഓണ അവധിക്ക് ശേഷം വീടുകൾ തുറക്കുന്നത്.
ഇപ്പോള്‍ 1435 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 4,62,456 പേരാണ് ക്യാമ്പുകളിലുള്ളത്. ആഗസ്റ്റ് എട്ടുമുതല്‍ ഇന്നുവരെ 302 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വെള്ളം കയറിയ വീടുകള്‍ വൃത്തിയാക്കുന്ന പ്രവൃത്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ എല്ലായിടത്തും നടക്കുന്നുണ്ട്. ഇതിനകം മൂന്നു ലക്ഷത്തിലധികം വീടുകള്‍ വൃത്തിയാക്കി.
ഇതിനകം 3,64,000 പക്ഷികളുടേയും 3285 വലിയ മൃഗങ്ങളുടേയും 14,274 ചെറിയ മൃഗങ്ങളുടേയും ശവങ്ങള്‍ മറവുചെയ്തു. ഇനിയും ശവങ്ങള്‍ ബാക്കിയുണ്ടെങ്കില്‍ അടിയന്തിരമായി മറവുചെയ്യണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
അജൈവ മാലിന്യം ശേഖരിച്ച് ഇവ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറണം. ഈ ചുമതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാണ്. ക്ലീന്‍ കേരള കമ്പനിക്ക് അവ പെട്ടെന്ന് പൂര്‍ണ്ണമായും കൈകാര്യം ചെയ്യാന്‍ കഴിയില്ലെങ്കില്‍ മറ്റ് ഏജന്‍സികളുടെ സഹായവും തേടണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
കുടിവെള്ളം എല്ലായിടത്തും ലഭ്യമാക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കിയോസ്ക്കുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി പെട്ടെന്ന് പൂര്‍ത്തിയാക്കണം. വീടുകളില്‍ പാത്രങ്ങളില്‍ വെള്ളം വിതരണം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. അത് കൃത്യമായി നടക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കന്നുകാലികള്‍ക്ക് ഇതിനകം ഒരു ലക്ഷത്തിലേറെ ചാക്ക് (50 കിലോ) കാലിത്തീറ്റ വിതരണം ചെയ്തു. കേരള ഫീഡ്സില്‍ നിന്നും മില്‍മയില്‍ നിന്നും കൂടുതല്‍ കാലിത്തീറ്റ ലഭ്യമാക്കും. നാഷണല്‍ ഡയറി ഡെവലപ്പ്മെന്‍റ് ബോര്‍ഡില്‍ നിന്നും 500 ടണ്‍ കാലിത്തീറ്റ ലഭിച്ചിട്ടുണ്ട്. ക്ഷീര സഹകരണ സംഘങ്ങള്‍ വഴി നല്ല രീതിയില്‍ കാലിത്തീറ്റ വിതരണം നടക്കുന്നുണ്ട്.
യോഗത്തില്‍ ചീഫ് സെക്രട്ടറി ടോം ജോസ്, പോലീസ് മേധാവി ലോക്നാഥ് ബഹ്റ, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ്, പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടി ബിശ്വനാഥ് സിഹ്ന, ഫയര്‍ ഫോഴ്സ് മേധാവി എ. ഹേമേന്ദ്രന്‍, വനം വന്യജീവി പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വേണു, ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാള്‍, മുഖ്യമന്ത്രി ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.