ചെറുതോണി: ചെറുതോണി പാലത്തിലേക്ക് ആര്‍ത്തലച്ചുവരുന്ന ഇടുക്കി അണക്കെട്ടിലെ വെള്ളം. ആ വെള്ളം പ്രാണനെടുക്കും മുമ്പേ, പാലം തകര്‍ക്കും മുമ്പേ ഒരു പിഞ്ചുകുഞ്ഞിനെ നെഞ്ചോട് ചേര്‍ന്ന് ഓടുന്ന രക്ഷാപ്രവര്‍ത്തകന്‍. കേരളം, മാത്രമല്ല ലോകം നെഞ്ചിടിപ്പോടെ കണ്ടതാണ് ഈ ദൃശ്യങ്ങള്‍. കുഞ്ഞും രക്ഷകനും അക്കരയെത്തി, പക്ഷേ ചെറുതോണി പാലമോ?
ഒരുപക്ഷേ, കേരളത്തിൽ ഏറ്റവും കൂടുതൽ വെളളംകുത്തിയൊലിച്ച് പോയത് ചെറുതോണി പാലത്തിലൂടെയാണ്. കൂടുതൽകാലം വെളളം കടന്നുപോയതും ഈ പാലം വഴിയാണ്. ഡാമില്‍ നിന്നു തുറന്നുവിട്ട വെള്ളം പാലത്തെ തകര്‍ത്തോയെന്ന ചോദ്യം എല്ലായിടത്തും മുഴങ്ങിയപ്പോഴും ഡാം തുറന്നുവിട്ട് 37 ദിവസത്തിന് ശേഷം താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ക്കു ശേഷം ഡാം ഭാരം കയറ്റി പോകുന്ന വാഹനങ്ങളും ബസുകളും ഉള്‍പ്പടെ ഗതാഗതത്തിന് തയാറായിരിക്കുന്നു വെന്നതാണ് ചെറുതോണി പാലത്തിന്റെ പുതിയ വിശേഷം.

പ്രളയം എങ്ങനെയാണ് ചെറുതോണിയെ ബാധിച്ചതെന്നറിയാനാണ് ഒരു മാസത്തിനു ശേഷം ചെറുതോണിയിലെത്തിയത്. ഇടുക്കിയില്‍ നിന്നും ചെറുതോണിയിലേക്കെത്തുന്ന റോഡിന്റെ പല ഭാഗങ്ങളും ചെറുതോണി ബസ് സ്റ്റാന്‍ഡും ജലമൊഴുകിയ പ്രദേശങ്ങളെയുമെല്ലാം പ്രളയജലം തകര്‍ത്തെറിഞ്ഞപ്പോള്‍ ചെറുതോണി പാലത്തിനു മാത്രം കാര്യമായ തകരാറുണ്ടായില്ല. പാലത്തിലേക്കുള്ള അപ്രോച്ച് റോഡും കല്‍ക്കെട്ടും ഇളകിപ്പോയെങ്കിലും പാലത്തിന്റെ തൂണുകള്‍ക്കോ കോണ്‍ക്രീറ്റിനോ ബലക്ഷയം സംഭവിച്ചിട്ടില്ലെന്നാണ് ദേശീയ പാത വിഭാഗം ഉദ്യോഗസ്ഥരുടെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്. തുടര്‍ന്നാണ് താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ക്കു ശേഷം പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തത്.
ചെറുതോണി പാലത്തിന്റെ താല്‍ക്കാലിക അറ്റകുറ്റപ്പണികളാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കിയതെന്നും ബാക്കി ജോലികള്‍ ഡല്‍ഹിയില്‍ നിന്നുള്ള ദേശീയ പാത ഉദ്യോഗസ്ഥരുടെ സന്ദര്‍ശനത്തിന് ശേഷമായിരിക്കും പൂര്‍ത്തിയാക്കുകയെന്നും ദേശീയപാത വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ റെക്‌സ് ഫെലിക്‌സ് പറയുന്നു. തിങ്കളാഴ്ച ദേശീയപാത വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറയുന്നു.

ഓഗസ്റ്റ് ഒന്‍പതിന് ഇടുക്കി ഡാമിന്റെ ഭാഗമായ ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറന്നതോടെയാണ് ചെറുതോണി പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചത്. പിന്നീട് കൂടുതല്‍ വെള്ളം തുറന്നുവിട്ടതോടെ പാലത്തെ മൂടി ദിവസങ്ങളോളം വെള്ളമൊഴുകി. തൊടുപുഴ-കട്ടപ്പന പാതയിലെ പ്രധാനപ്പെട്ട പാലമായ ചെറുതോണി പാലം തകര്‍ന്നാല്‍ എന്തുചെയ്യുമെന്നായിരുന്നു. ജില്ലാ പഞ്ചായത്തും വെള്ളം ഒഴുകിപ്പോയ ഭാഗത്തുണ്ടായിരുന്ന ഗ്രാമ പഞ്ചായത്തുകളും നിര്‍മിച്ച പാലങ്ങളെല്ലാം ഒഴുക്കില്‍ തകര്‍ന്നടിഞ്ഞിരുന്നു. എന്നാല്‍ പരിശോധനയില്‍ ചെറുതോണി പാലത്തിന് ബലക്ഷയമില്ലെന്നും കാര്യമായ അറ്റകുറ്റപ്പണികള്‍ ആവശ്യമില്ലെന്ന ദേശീയ പാത വിഭാഗം ഉദ്യോഗസ്ഥരുടെ കണ്ടെത്തലാണ് ഇപ്പോള്‍ വേഗത്തില്‍ ഗതാഗതം പുനസ്ഥാപിക്കുന്നതിനു സഹായകമായത്.
ചെറുതോണി പാലത്തിലെ കനേഡിയന്‍ ടച്ച് !
ഇടുക്കി ഡാം നിര്‍മാണവുമായി ബന്ധപ്പെട്ട് 1960- കളിലാണ് കനേഡിയന്‍ എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ ചെറുതോണി പാലം നിര്‍മിച്ചത്. ഇടുക്കി ഡാമില്‍ നിന്നുവിടുന്ന വെള്ളം ഒന്നര മീറ്റര്‍ മുകളിലൂടെ ഒഴുകി പോയാലും തകരാത്ത വിധത്തിലാണ് പാലത്തിന്റെ നിര്‍മാണമെന്നു റെക്‌സ് ഫെലിക്‌സ് പറയുന്നു. സമീപത്തുള്ള പാറകളിലേക്ക് റോക്ക് ആങ്കറിഗ് ചെയ്തു നിര്‍മിച്ചിരിക്കുന്ന പാലം അക്കാലത്തെ ഏറ്റവും കട്ടിയുള്ള കോണ്‍ക്രീറ്റായ എം 40 ഗ്രേഡ് കോണ്‍ക്രീറ്റ് ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. ചരിഞ്ഞ മാതൃകയില്‍ നിര്‍മിച്ചിരിക്കുന്നതിനാല്‍ എത്രവെള്ളം ഒഴുകിയാലും പാലത്തിനു ക്ഷതമേല്‍ക്കില്ല. അതാണ് പാലം തകരാത്തതിന് കാരണമെന്നും റെക്‌സ് ഫെലിക്‌സ് കൂട്ടിച്ചേര്‍ന്നു.

ഡാം തുറന്നതിനു ശേഷം
ഇടുക്കി ഡാമില്‍ ജലനിരപ്പ് താഴ്ന്നതോടെ സെപ്റ്റംബര്‍ ഏഴിനാണ് ഡാമിന്റെ ഷട്ടറുകളെല്ലാം പൂര്‍ണമായി അടച്ചത്. ശക്തമായ തോതിലുള്ള ജലമൊഴുക്ക് ചെറുതോണി പട്ടണത്തിന്റെ പകുതിയോളം കവര്‍ന്നെടുത്തിരിക്കുന്നു. ബസ് സ്റ്റാന്‍ഡും സമീപത്തെ കടകളും ടോയ്‌ലറ്റും സമീപത്തെ വീടുകളുമെല്ലാം വെള്ളത്തില്‍ തകർന്നു. ഒഴുകി വന്ന വൃക്ഷങ്ങളും കല്ലുകളും മണല്‍ക്കൂനകളുമാണ് ഡാം തുറന്നുവിട്ടതിനും പ്രളയത്തിനും ശേഷമുള്ള ചെറുതോണിയിലെ കാഴ്ചകള്‍.