scorecardresearch

ചേന്ദമംഗലത്തിന്റെ ജീവിതം നെയ്‌തെടുക്കാൻ ഇനി ‘ചേക്കുട്ടി’ പാവകളും

പാവകളെ വിറ്റു കിട്ടുന്ന പണം പൂർണമായും ചേന്ദമംഗലത്തെ കൈത്തറി യൂണിറ്റുകളുടെ പുനർനിർമാണത്തിനായി നൽകുകയാണ് ചേക്കുട്ടി പാവകൾക്കു പിറകിലെ കൂട്ടായ്മ

chekutty dolls,kerala floods

കൊച്ചി: ചേന്ദമംഗലത്തെ ജീവിതം ഇഴചേർത്തെടുത്ത  കൈത്തറിമേഖലയെ തകർത്താണ്  മഹാപ്രളയം കടന്നു പോയത്. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടങ്ങളാണ് ഇവിടുത്തെ കൈത്തറി വ്യവസായമേഖലയ്ക്ക് ഉണ്ടായിരിക്കുന്നത്. പ്രളയജലത്തിൽ മുങ്ങി കൈത്തറി യൂണിറ്റുകളും തറികളും നശിച്ചു, ഐശ്വര്യസമൃദ്ധമായ ഓണവിപണി മുന്നിൽ കൊണ്ടു നെയ്തുകൂട്ടിയ വസ്ത്രങ്ങളെല്ലാം ചെളിയിൽ പുതഞ്ഞുപോയി.

തകർന്നുപോയ ചേന്ദമംഗലം കൈത്തറിയുടെ പുനർജീവനമെന്ന ലക്ഷ്യത്തോടെ നിരവധി സുമനസ്സുകൾ മുന്നോട്ട് വരുന്നതു നെയ്ത്ത് ഗ്രാമങ്ങൾക്ക് പ്രത്യാശ നൽകുന്നുണ്ട്. ആ ദൗത്യത്തിൽ കൈ കോർക്കുകയാണ് ‘ചേക്കുട്ടി’ എന്ന പാവക്കുട്ടി’യും.

ചേക്കുട്ടിയെന്നാൽ ‘ചേറിനെ അതിജീവിച്ച കുട്ടി’ എന്നാണ് അർത്ഥം. ചേറിൽ പുതഞ്ഞുപോയ നമ്മുടെ നെയ്ത്തുപാരമ്പര്യത്തിന് പുതുജീവൻ നൽകാനുള്ള പരിശ്രമത്തിൽ അണ്ണാറക്കണ്ണനും തന്നാലായത് എന്ന വിധം സഹായമാവുകയാണ് ‘ചേക്കുട്ടി പാവ’കൾ എന്ന സംരംഭം. കൊച്ചി സ്വദേശികളായ ലക്ഷ്മി മേനോനും ഗോപിനാഥ് പാറയിലും സംഘവുമാണ് ചേക്കുട്ടി പാവകൾ എന്ന ആശയത്തിനു പിന്നിൽ.

ചെളിപുരണ്ട തുണിത്തരങ്ങൾ ക്ലോറിൻ ഉപയോഗിച്ച് അണിവിമുക്തമാക്കിയെടുത്ത് പുനരുപയോഗിക്കാൻ കൈത്തറി യൂണിറ്റുകൾ ശ്രമിക്കുന്നുണ്ട്. ഇവയിൽ പുനരുപയോഗിക്കാവുന്ന സാരികൾ നല്ല രീതിയിൽ വിറ്റുപോവുന്നുണ്ട്. ശേഷിക്കുന്ന സാരികൾ അണുവിമുക്തമാക്കിയാണ് ലക്ഷ്മി മേനോനും സംഘവും ചേക്കുട്ടി പാവകളെ നിർമ്മിക്കുന്നത്.

ഒരു പാവയ്ക്ക് 25 രൂപയാണ് വില ഈടാകുന്നത്. ഒരു സാരിയില്‍ നിന്ന് 360 പാവകള്‍ വരെ നിര്‍മ്മിക്കാമെന്നാണ് സംരംഭകർ പറയുന്നത്. “1300 രൂപ വിലയുള്ള ഒരു സാരിയിൽ നിന്നും ഇങ്ങനെ 360 ചേക്കുട്ടി പാവകൾ നിർമ്മിക്കാൻ സാധിക്കുമ്പോൾ ഏതാണ്ട് 9000 രൂപയോളം വരുമാനം തിരിച്ചുകിട്ടും,” സംഘാടകരിൽ ഒരാളായ ഗോപിനാഥ്  പാറയിൽ പറയുന്നു. പാവകളെ വിറ്റു കിട്ടുന്ന പണം പൂർണമായും ചേന്ദമംഗലത്തെ കൈത്തറി യൂണിറ്റുകളുടെ പുനർനിർമാണത്തിനായി നൽകുകയാണ് ഈ കൂട്ടായ്മ.

 

ആർക്കും എളുപ്പത്തിൽ ചെയ്യാൻ കഴിയുന്നതാണ് ഈ പാവകളുടെ നിർമ്മാണമെന്ന് ഗോപിനാഥ് പറയുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങളിലും മറ്റും തൽപ്പരരായി മുന്നോട്ട് വരുന്ന കുട്ടികൾക്ക് ‘ചേക്കുട്ടി പാവകൾ’ നിർമ്മിക്കാനുള്ള പരിശീലനവും ഇവർ നൽകുന്നുണ്ട്. “ഇന്നലെ പനമ്പിള്ളി നഗറിലെ ഫൂട്‌പാത്തിലിരുന്നാണ് കുറച്ചു വോളന്റിയർമാരുടെ സഹായത്തോടെ 200 ഓളം പാവകളെ നിർമ്മിച്ചത്,” ഗോപിനാഥ് കൂട്ടിച്ചേർത്തു.chekutty dolls, kerala floods

“ചേന്ദമംഗലത്തെ ഒരു യൂണിറ്റിൽ മാത്രം 75 ലക്ഷം രൂപയുടെ നഷ്ടമാണ് മൊത്തത്തിൽ ഉണ്ടായിരിക്കുന്നത്. അതിൽ 21 ലക്ഷം രൂപയുടെ സ്റ്റോക്കുകൾ നശിച്ചിട്ടുണ്ട്. ആറു മാസമെങ്കിലും കഴിയാതെ ഈ കൈത്തറി ഗ്രാമങ്ങൾ പഴയ അവസ്ഥയിലേക്ക് എത്തില്ല. അത്രയും നഷ്ടമുണ്ടായിട്ടുണ്ട്. ‘ചേക്കുട്ടി പാവ’കൾ വ്യാപകമായി വിറ്റുപോകുകയാണെങ്കിൽ, അതുവഴി അടുത്ത വിഷു വിപണിയിലേക്കുള്ള ക്യാപിറ്റൽ കണ്ടെത്താൻ ഇവിടുള്ളവർക്ക് സാധിക്കും. ഈ ‘ചേക്കുട്ടി പാവ’കൾ ലോകമെന്പാടുമുള്ള മലയാളികളുടെ വീടുകളിലേക്ക് ചെല്ലുകയാണെങ്കിൽ അതുവഴി ചേന്ദമംഗലം നെയ്ത്തുതൊഴിലാളികൾക്ക് അത് വലിയൊരു ആശ്വാസമായിരിക്കും,” ഹാൻഡ്‌ലൂം വീവേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റി (കരിമ്പാടം) സെക്രട്ടറി അജിത്കുമാർ പറയുന്നു.chekutty dolls,kerala floods

ഒരു ജനത ഒത്തൊരുമിച്ച് മഹാപ്രളയത്തെ അതീജിവിച്ച കഥകൾ വരുംകാലത്തോട് പറയാനായി ചേക്കുട്ടി പാവകളും മലയാളക്കരയിൽ ഇനിയുണ്ടാകും. അതിജീവനത്തിന്റെ കഥകൾ പറഞ്ഞുകൊണ്ട് ചേക്കുട്ടി പാവകൾ പിറന്നുകൊണ്ടേയിരിക്കുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala floods chendamangalam weavers chekutty dolls

Best of Express