കൊച്ചി: ഈ വർഷം ലോകം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമെന്ന് ലോക കാലാവസ്ഥ സംഘടന വിശേഷിപ്പിച്ച പ്രളയത്തിൽ നിന്ന് കരകയറാൻ കേരളത്തിന് കേന്ദ്രം അധിക സഹായം പ്രഖ്യാപിച്ചിട്ടില്ല. കേരളത്തിന് 2500 കോടി അധിക സഹായം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതായുളള പ്രചാരണങ്ങൾ തെറ്റാണെന്ന് സംസ്ഥാന സർക്കാർ സ്ഥിരീകരിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ‌്നാഥ‌് സിങ‌്, ധനമന്ത്രി അരുൺ ജെയ‌്റ്റ‌്‌ലി, കൃഷിമന്ത്രി രാധാമോഹൻ സിങ‌് എന്നിവരടങ്ങിയ ഉന്നതതല സമിതി യോഗം ചേർന്ന‌് റിപ്പോർട്ട‌് പഠിച്ചശേഷമാണ‌് സംസ്ഥാനങ്ങൾക്കുള്ള ധനസഹായം പ്രഖ്യാപിക്കേണ്ടത‌്.  സമിതി ഇതുവരെ യോഗം ചേർന്നിട്ടില്ല.  കേരളത്തിന‌് പണം നൽകാൻ  അഭ്യന്തര സെക്രട്ടറി രാജീവ‌് ഗൗബെ ശുപാർശ നൽകിയെന്നായിരുന്നു പ്രചാരണം.

നേരത്തെ ലഭിച്ച 600 കോടിക്ക് പുറമെ 2,500 കോടി കൂടി ലഭിക്കുന്നതോടെ കേന്ദ്രസഹായം 3100 കോടിയാകുമെന്നായിരുന്നു പ്രചാരണം.  കേരളത്തിൽ പ്രളയം മൂലം 31,000 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ‌് യുഎൻ ഉൾപ്പെടെ തയ്യാറാക്കിയ കണക്ക‌്.

ലോക കാലാവസ്ഥാ സംഘടനയുടെ (ഡബ്ല്യുഎംഒ) റിപ്പോർട്ടിൽ കേരളത്തിൽ ആഞ്ഞടിച്ച പ്രളയം  483 പേരുടെ മരണത്തിന് കാരണമായതായി ചൂണ്ടിക്കാട്ടുന്നു. ദുരന്തം 54 ലക്ഷം പേരെ ബാധിച്ചെന്ന‌് റിപ്പോർട്ടിൽ പറയുന്നു. ജപ്പാനിലെയും നൈജീരിയയിലെയും പ്രളയം, പാക്കിസ്ഥാനിലെ ഉഷ‌്ണതരംഗം എന്നിവയാണ‌് പട്ടികയിൽ തൊട്ടുപിന്നിലുളളത്.

കേന്ദ്രത്തോട് അടിയന്തര സഹായമായി ആദ്യം 2,200 കോടിയാണ് സർക്കാർ ചോദിച്ചത്. എന്നാൽ ലഭിച്ചത് 600 കോടി രൂപ മാത്രമാണ്. പിന്നീട് പ്രളയകാലത്ത് അധികമായി അനുവദിച്ച അരി, മണ്ണെണ്ണ എന്നിവയ്ക്കും കേന്ദ്രം കേരളത്തോട് പണം ആവശ്യപ്പെട്ടു. രക്ഷാപ്രവർത്തന കാലത്ത് വിമാനങ്ങൾ ഉപയോഗിച്ച വകയിൽ വ്യോമസേനയ്ക്കും പണം നൽകണം. ഇത് സംസ്ഥാനമൊട്ടാകെ വലിയ പ്രതിഷേധത്തിന് കാരണമായതിന് പിന്നാലെയാണ് വ്യാജപ്രചാരണം വന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook