ന്യൂഡല്‍ഹി: വെളളപ്പൊക്കം ഉണ്ടായി നാല് മാസത്തിന് ശേഷം 2500 കോടി രൂപ ദുരിതാശ്വാസ അധികസഹായം അംഗീകരിച്ച് കേന്ദ്രം. ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും നേരത്തെ 600 കോടി നൽകിയതിന് പുറമെയാണ് ഈ സഹായം.

നഷ്ടങ്ങള്‍ തിട്ടപ്പെടുത്തി 4,800 കോടി സഹായം നല്‍കണമെന്ന് കേരളം സെപ്റ്റംബറില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 3100 കോടി നല്‍കുമെന്നാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജിവ് ഗൗഭ അദ്ധ്യക്ഷനായ സമിതി അറിയിച്ചത്. ആഭ്യന്തരമന്ത്രി അധ്യക്ഷനായ ഉന്നതതലസമിതിയുടെ അംഗീകാരം ലഭിച്ചതിന് ശേഷമാണ് കേരളത്തിനു പണം ലഭിക്കുക.

പ്രകൃതിദുരന്തങ്ങള്‍ സംബന്ധിച്ച് അടിയന്തരമായി ഉന്നതതല സമിതിയോഗം വിളിച്ചുചേര്‍ത്ത് പ്രളയദുരന്തം നേരിട്ട കേരളത്തിന് സഹായം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിനോട് ആവശ്യപ്പെട്ടിരുന്നു. കത്തിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അവശ്യപ്പെട്ടത്. ഓഗസ്റ്റിലുണ്ടായ മഹാപ്രളയം കേരളത്തില്‍ വിവരണാതീതമായ നഷ്ടമാണുണ്ടാക്കിയത്. ഇത് സംബന്ധിച്ച് സംസ്ഥാനം രണ്ടു നിവേദനങ്ങള്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു.

രണ്ടു നിവേദനങ്ങളിലായി 5,616 കോടി രൂപയാണ് സഹായമായി സംസ്ഥാനം ആവശ്യപ്പെട്ടത്. ദേശീയ ദുരന്തപ്രതികരണ നിധിയില്‍ നിന്ന് 2,000 കോടി രൂപ അടിയന്തര സഹായമായും ചോദിച്ചു. എന്നാല്‍ 600 കോടി രൂപ മാത്രമാണ് എന്‍ഡിആര്‍എഫില്‍ നിന്ന് അനുവദിച്ചത്. ഇത് കണക്കിലെടുത്ത് ഉന്നതതല സമിതിയോഗം ഉടനെ വിളിക്കണമെന്ന് ആവശ്യപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.