കൊച്ചി: ഒരു നൂറ്റാണ്ടിലേറെക്കാലമായി കേരളം കണ്ടിട്ടില്ലാത്ത ഒരു പ്രളയക്കെടുതിയിൽ നിന്ന് എങ്ങിനെയും രക്ഷപ്പെടാനുളള അശ്രാന്ത പരിശ്രമത്തിലാണ് നാട്. അണ്ണാൻ കുഞ്ഞും തന്നാലായത് എന്നല്ലാതെ മറിച്ചൊന്നും ഇപ്പോഴും ജനത്തിന്റെ ചിന്തയിലില്ല. ദുരിതാശ്വാസ ക്യാംപിൽ സഹായം എത്തിക്കാനുളള ഓട്ടപ്പാച്ചിലിലാണ് സമൂഹം ഒന്നാകെ.

എന്നാൽ പ്രളയക്കെടുതിയിൽ നിന്ന് രക്ഷനേടി ഓരോ ക്യാംപിലും കഴിയുന്നവർക്ക് പകർച്ചവ്യാധി ഭീഷണിയും നേരിടുന്നുണ്ട്. ഭക്ഷണവും മറ്റ് സഹായങ്ങളും ലഭ്യമാക്കുന്നത് പോലെ ആർക്കും നൽകാവുന്നതല്ല മരുന്ന്. അതിന് വൈദഗ്ദ്ധ്യം ആവശ്യമാണ്.

സംസ്ഥാനത്ത് എല്ലാ ദുരിതാശ്വാസ ക്യാംപിലേക്കും വിവിധയിടങ്ങളിൽ കുടുങ്ങിപ്പോയവർക്കും വൈദ്യസഹായം എത്തിക്കാനുളള കേന്ദ്രീകൃത സംവിധാനം വിജയകരമായാണ് മുന്നോട്ട് പോകുന്നത്. എറണാകുളം ജനറൽ ആശുപത്രി കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

പ്രളയക്കെടുതി നേരിടുന്ന പ്രദേശങ്ങളിലേക്ക് വൈദ്യസഹായം എത്തിക്കുന്നതിനും ഷിഫ്റ്റ് ചെയ്യുവാന്‍ സാധ്യമാകാത്ത പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരായ രോഗികള്‍ക്ക് അടിയന്തിര ചികിത്സ ഉറപ്പാക്കുന്നതിനുമാണ് ഈ ഹെൽപ്‌ലൈൻ ആരംഭിച്ചിരിക്കുന്നത്.

ആരോഗ്യവകുപ്പും എറണാകുളം ജനറല്‍ ആശുപത്രിയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരും,  ഐഎപി, കെജിഎംഒഎ, പാരാമെഡിക്കല്‍ അസോസിയേഷനുകളും ചേർന്നാണ് പ്രവർത്തനം. ഹെൽപ് ലൈൻ നമ്പർ: 9946992995.

ജീവൻ രക്ഷ തേടിയുള്ള കോളുകൾ ഈ നമ്പറിൽ വിളിച്ചാൽ സഹായം ലഭിക്കില്ല.  വൈദ്യസഹായം തേടിയുള്ള കോളുകള്‍ മാത്രമേ ഇതില്‍ വിളിക്കാവൂ. കൊല്ലം കേന്ദ്രീകരിച്ചാണ് ഈ കോളുകള്‍ 24 മണിക്കൂറും കൈകാര്യം ചെയ്യുന്നത്. 30 ലൈനുകളില്‍ ഇതിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിലേക്ക് വരുന്ന കോളുകള്‍ കൈകാര്യം ചെയ്യാന്‍ കേരളത്തിലെ വിദഗ്ദരായ 300 ഡോക്ടര്‍മാരുടെ പാനലും പ്രവര്‍ത്തിക്കുന്നുണ്ട്.

രോഗിയുടെ നില, രോഗാവസ്ഥ, ലഭ്യമായ മരുന്നുകള്‍, ചികിത്സാസൗകര്യങ്ങള്‍ തുടങ്ങിയവ പരിഗണിച്ച് ഡോക്ടർമാർ  രോഗിയുടെ ചികിത്സ നിശ്ചയിക്കും. രോഗിയെ മറ്റൊരിടത്തേക്ക് മാറ്റേണ്ട ആവശ്യമുണ്ടെങ്കില്‍ അതിനുള്ള ക്രമീകരണങ്ങളും നടത്തും.

എന്നാൽ ദുരിതത്തിൽ ഒറ്റപ്പെട്ട് കിടക്കുന്ന, എത്തിച്ചേരാൻ പറ്റാത്ത സ്ഥലത്താണ് രോഗി ഉള്ളതെങ്കില്‍ മരുന്നുകള്‍ നേവിയുടെ സഹായത്തോടെ എയര്‍ ഡ്രോപ്പ് ചെയ്യും. തുടര്‍ന്ന് രോഗിയുമായോ കൂടെയുള്ളവരുമായോ ബന്ധപ്പെട്ട് മരുന്നുകള്‍ എങ്ങനെ കഴിക്കണമെന്ന് നിര്‍ദ്ദേശിക്കും.

രോഗികളുടെ ചികിത്സ നിശ്ചയിക്കുന്നതിനായി ഇവരെ മുൻഗണനാ ക്രമത്തിൽ മൂന്നായി തരംതിരിക്കും. അടിയന്തിര സഹായം വേണ്ട രോഗികൾ,  നിലവിലെ സ്ഥലത്ത് തന്നെ ചികിത്സ ലഭ്യമാക്കാനാവുന്നവര്‍, നിരീക്ഷണത്തില്‍ വെക്കേണ്ടവര്‍ എന്നിങ്ങനെയാണ് തരം തിരിക്കുക.

രോഗി നിലവിലുള്ളത് എത്തിപ്പെടാവുന്ന സ്ഥലം, എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള സ്ഥലം എന്നിങ്ങനെ തിരിച്ച് ചികിത്സ ലഭ്യമാക്കാനാണ് നടപടി സ്വീകരിക്കുക. ഓരോ രോഗിയുടെയും കേസ് ഷീറ്റ് ഓണ്‍ലൈനായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഉള്ള കണ്‍ട്രോള്‍ റൂമില്‍ ലഭിക്കും. ഇത് പ്രിന്‍റെടുത്ത് സൂക്ഷിക്കും. 15 മിനിട്ട് കൂടുമ്പോള്‍ ഗൂഗിളിന്‍റെ സഹായത്തോടെ ചികിത്സയുടെ പുരോഗതി അപ്ഡേറ്റ് ചെയ്യുന്നുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.