തിരുവനന്തപുരം: യുഎഇയുടെ സാമ്പത്തിക സഹായം ലഭിക്കാന്‍ കേന്ദ്രം നയം തിരുത്തണമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ഇത് സംബന്ധിച്ച് കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎഇ അനുവദിച്ച 700കോടി രൂപ കേരളത്തിന് കിട്ടണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കേന്ദ്രത്തില്‍ നിന്ന് അനുവദിച്ച 600കോടി ധനസഹായത്തിന്റെ ആദ്യ ഗഡുമാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു കണ്ണന്താനത്തിന്റെ പ്രതികരണം. കേരളത്തിന്റെ പ്രളയക്കെടുതി നേരിടാന്‍ വിദേശ സാമ്പത്തിക സഹായം വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കണ്ണന്താനത്തിന്റെ പ്രതികരണം.

അതേസമയം, പ്രളയക്കെടുതി നേരിടുന്ന കേരളത്തെ സഹായിക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമം തടഞ്ഞ കേന്ദ്ര സര്‍ക്കാരിന്റെ വാദങ്ങള്‍ക്കെതിരെ മുന്‍ വിദേശ സെക്രട്ടറിമാര്‍ രംഗത്തെത്തി. യുഎഇ അടക്കമുള്ള രാജ്യങ്ങള്‍ പ്രഖ്യാപിച്ച വിദേശസഹായം വേറിട്ട് കാണണം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വിദേശസഹായം വേണ്ടെങ്കിലും പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ വിദേശ സഹായം തേടുന്നതില്‍ തെറ്റില്ലെന്നാണ് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനും മുന്‍ വിദേശ കാര്യ സെക്രട്ടറി നിരുപമ റാവുവും പ്രതികരിച്ചു.

ഇതിനിടെ 175 ടണ്‍ ദുരിതാശ്വാസ വസ്തുക്കളുമായി എമിറേറ്റ്‌സ് വിമാനം തിരുവനന്തപുരത്തെത്തുകയായിരുന്നു. യുഎഇിലുള്ള മലയാളി സമൂഹം ശേഖരിച്ച വസ്തുക്കളടമാണ് എമിറേറ്റ്‌സ് വിമാനം കേരളത്തിലെത്തിച്ചത്. ജീവന്‍രക്ഷാ ബോട്ടുകള്‍, ബ്ലാങ്കറ്റ്, ഉണക്കിയ പഴങ്ങള്‍, തുടങ്ങിയ സാധനങ്ങളാണ് പ്രധാനമായും യുഎഇയില്‍ നിന്നെത്തുന്നത്.

ഒരു ഡസനിലധികം എമിറേറ്റ്സ് കാര്‍ഗോ വിമാനങ്ങളില്‍ കേരളത്തിലേക്ക് സഹായങ്ങളെത്തും. മലയാളികള്‍ക്കു പുറമെ യുഎഇയിലെ വ്യാപാര സ്ഥാപനങ്ങളും സംഘടനകളും എമിറേറ്റ്സ് വഴി കേരളത്തിലേക്ക് സാധനങ്ങള്‍ അയയ്ക്കുന്നുണ്ട്. കേരളത്തിലേക്ക് അവശ്യവസ്തുക്കള്‍ കയറ്റി വിടുന്നതിന്റെ വീഡിയോ എമിറേറ്റ്സ് പുറത്തുവിട്ടുണ്ട്.

വിദേശ സഹായം സ്വീകരിക്കാന്‍ പാടില്ല എന്നാണ് കേന്ദ്ര നിലപാടെങ്കില്‍ വാഗ്ദാനം ചെയ്ത തുകയ്ക്ക് തത്തുല്യമായ തുക അധികമായി കേരളത്തിന് അനുവദിക്കാന്‍ കേന്ദ്രഗവണ്‍മെന്റ് സന്നദ്ധമാകണമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. വിദേശ സഹായം സ്വീകരിക്കേണ്ടതില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കേരളത്തോടുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ അവഗണനയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ പ്രളയ ദുരിതാശ്വാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി യുഎഇ വാഗ്ദാനം ചെയ്ത 700 കോടി രൂപ സ്വീകരിക്കേണ്ടെന്ന കേന്ദ്ര നിലപാടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ