അമ്പലപ്പുഴ: സംസ്ഥാനം നേരിട്ട അതീവ ഗുരുതരമായ കാലവർഷക്കെടുതിയിൽ പെട്ടവർക്കായി കൊണ്ടുവന്ന സാധനങ്ങൾ മോഷ്ടിച്ച കേസിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. അമ്പലപ്പുഴ കോമന കൃഷ്ണ കൃപയിൽ രാജീവ് പൈയാണ് പിടിയിലായത്. ബുധനാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം.

പുറക്കാട് പഞ്ചായത്തിലെ വിവിധ ക്യാമ്പിലേയ്ക്ക് വിതരണം ചെയ്യുന്നതിന് കലക്ട്രേറ്റിൽ നിന്നെത്തിയ സാധനങ്ങളിൽ നിന്ന് 5 ചാക്ക് അരി, ഒരു ചാക്ക് ചെറുപയർ, ഒരു ചാക്ക് ഉഴുന്ന്, ഒരു ചാക്ക് പാൽപ്പൊടി എന്നിവയും സ്റ്റേഷനറി സാധനങ്ങളുമാണ് ഇയാൾ മോഷ്ടിച്ചു കടത്തിയത്.

പുറക്കാട്ടെ ശ്രീ വേണുഗോപാല ദേവസ്വം മാനേജരാണ് പിടിയിലായ രാജീവ് പൈ. ദേവസ്വത്തിന്റെ അധീനതയിലുളള കെട്ടിടം സാധനങ്ങൾ സൂക്ഷിക്കുന്നതിനായി വിട്ടുനൽകിയിരുന്നു. ഈ കെട്ടിടത്തിലെ രണ്ട് മുറികളാണ് വിട്ടുകൊടുത്തത്. ഒരു മുറിയിൽ അരി ഉൾപ്പടെയുളള ഭക്ഷണ സാധനങ്ങളും അടുത്തതിൽ വസ്ത്രങ്ങളുമാണ് സൂക്ഷിച്ചിരുന്നത്.

ഇതര സംസ്ഥാന തൊഴിലാളികളെ വിളിപ്പിച്ച് ഈ മുറിയിൽ നിന്നും സാധനങ്ങൾ തലച്ചുമടായി മറ്റൊരിടത്തേക്ക് മാറ്റുകയായിരുന്നു ഇയാൾ. സംശയം തോന്നിയ നാട്ടുകാർ ഇവരെ തടഞ്ഞ് സാധനങ്ങൾ എങ്ങോട്ടേക്കാണ് കൊണ്ടുപോകുന്നതെന്ന് ചോദിച്ചു. സാധനങ്ങൾ ദേവസ്വത്തിന്റേതാണെന്ന മറുപടിയാണ് രാജീവ് പൈ നൽകിയത്.

ഇതോടെ സ്ഥലത്ത് വാക്കുതർക്കമുണ്ടായി. നാട്ടുകാർ ആവശ്യപ്പെട്ടതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി. കൂടുതൽ നാട്ടുകാരും സംഘടിച്ചെത്തിയതോടെ പുറക്കാട് വില്ലേജ് ഓഫീസിലെ ജീവനക്കാരന്റെ സഹായത്തോടെയാണ് സാധനങ്ങൾ പുറത്തേക്ക് കടത്താൻ ശ്രമിച്ചതെന്ന് രാജീവ് പൈ സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്.

കേസിൽ തകഴി സ്വദേശിയും പുറക്കാട് വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമായ സന്തോഷിനെ പൊലീസ് തിരയുന്നുണ്ട്. ഇവിടെ നിന്ന് മുൻപും സാധനങ്ങൾ കടത്തിയതായി നാട്ടുകാർ പരാതിപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. രാജീവ് പൈയെ അമ്പലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.