കണ്ണൂര്‍: കേരളത്തെ പിടിച്ചുകുലുക്കി പ്രളയം ബാധിച്ചെങ്കിലും ഇതിനെ അതിജീവിക്കുന്ന ജനതയുടെ ഒത്തൊരുമ കണ്ണ് നിറയ്ക്കുന്നതാണ്. ദുരന്തബാധിത പ്രദേശങ്ങളിലും ദുരിതാശ്വാസ കേന്ദ്രങ്ങളിലും പരസ്പരം സഹകരിച്ച് കരകയറുന്ന ജനതയെയാണ് നമുക്ക് കാണാന്‍ കഴിയുക. കൂടാതെ കേരളത്തിന് പിന്തുണ അറിയിച്ചും സഹായിച്ചും ഇതരസംസ്ഥാനങ്ങളും മറ്റ് രാജ്യങ്ങളും രംഗത്തെത്തി. ഇതിനിടെയാണ് ഫാത്തിമ അൽ മന്സൂരിയെന്ന ബഹ്റൈൻ സ്വദേശിനിയും കേരളത്തിന്റെ കണ്ണീരൊപ്പുന്ന കാഴ്ച ശ്രദ്ധേയമാകുന്നത്.

കൊട്ടിയൂർ അമ്പായത്തോടിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിൽ അഭയം പ്രാപിച്ച കുടുംബങ്ങളുടെ നൊമ്പരമറിഞ്ഞാണ് ഇവർ അമ്പായത്തോട് ക്യാമ്പിൽ എത്തിയത്. സോളിഡാരിറ്റി കണ്ണൂർ ജില്ലാ നേതാക്കൾക്കൊപ്പമെത്തിയ അവർ ക്യാമ്പിലുള്ളവരെ ആശ്വസിപ്പിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കാനെത്തിയ ഫാത്തിമ അൽ മൻസൂരി തന്നാലാവുന്നത് ചെയ്യുമെന്ന ഉറപ്പു നൽകിയാണ് കൊട്ടിയൂർ ജനതയുടെ നൊമ്പരം നെഞ്ചേറ്റി മടങ്ങിയത്. എല്ലാവിധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും അവര്‍ സജീവമായി.

മാംഗ്ലൂരിലെ സർവകലാശാലയിൽ അസിസ്റ്റന്‍റ് പ്രൊഫസർ കൂടിയായ ഫാത്തിമ അൽ മൻസൂരി കണ്ണൂരിലുള്ള സുഹൃത്തിനെ സന്ദർശിക്കാനെത്തിയതായിരുന്നു. അപ്പോഴാണ് കേരളത്തിൽ പ്രളയദുരിതമുണ്ടായത്. ഉടൻ തന്നെ ദുരിതബാധിതരെ കാണാനും സഹായിക്കാനുമായി അവർ മുന്നിട്ടിറങ്ങി. കണ്ണൂർ ജില്ലയിലെ ഇരിട്ടി, കൊട്ടിയൂർ ഭാഗങ്ങളിലുള്ള നിരവധി ക്യാമ്പുകളിൽ ഫാത്തിമ സന്ദർശനം നടത്തി. ആശ്വാസ വചനങ്ങളും സഹായ വാഗ്‌ദാനങ്ങളുമായി അമ്മമാരെയും സഹോദരിമാരെയും കെട്ടിപ്പിടിച്ചും കുശലം പറഞ്ഞും ഫാത്തിമ ക്യാമ്പുകളിൽ നിന്ന് ക്യാമ്പുകളിലേക്ക് യാത്ര ചെയ്തു. തന്‍റെ സന്ദർശന വിവരങ്ങൾ ഉടൻ തന്നെ അവർ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.

ബഹ്റൈനിൽ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകയും യോഗ പരിശീലകയുമാണ് ഫാത്തിമ. ബഹ്റൈനിൽ നിന്നുള്ള സഹായങ്ങൾ ഏകോപിപ്പിക്കുവാനുള്ള പരിശ്രമങ്ങളിലാണിപ്പോൾ ഫാത്തിമ. തന്‍റെ ക്യാമ്പ് സന്ദർശനങ്ങൾ ഇനിയും തുടരുമെന്ന് ഫാത്തിമ പറയുന്നു. കുറച്ച് ദിവസങ്ങൾ കൂടി കേരളത്തിൽ തങ്ങി പരമാവധി സഹായ സഹകരണങ്ങൾ ചെയ്യുകയുമാണ് അവരുടെ ആഗ്രഹം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ