തിരുവനന്തപുരം: കേരളത്തിലെ കാർഷിക മേഖലയെ കടപുഴക്കിയെറിഞ്ഞാണ് ഈ മൺസൂൺകാലമെന്ന് കണക്കുകൾ. 1430 കോടി രൂപയുടെ നഷ്ടമാണ് വിളകളുടെ കാര്യത്തിൽ മാത്രമെടുത്തിട്ടുളള പ്രാഥമിക കണക്കുകൾ. ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ ഇന്നലെ വരെയുളള ആദ്യ കണക്കുകളുടെ അടിസ്ഥാനത്തിലാണ് 1430. 72കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാന വ്യാപകമായി ഉണ്ടായത് എന്ന് കണക്കാക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തെ പ്രാഥമിക കണക്കാണിത്.
കേരളത്തിലെ പതിനാല് ജില്ലകളിലായി ഏകദേശം അറുപതിനായിരം ഹെക്ടറിലെ കാർഷിക വിളകളാണ് നശിച്ചത്. ഇതു വഴി മൂന്നേകാൽ ലക്ഷത്തോളം കർഷകർക്കാണ് കനത്ത നഷ്ടം സംഭവിച്ചിരിക്കുന്നത്. കർഷകർക്ക് പുറമെ കർഷകത്തൊഴിലാളികളും ഇതുമായി ബന്ധപ്പെട്ട മറ്റ് വ്യാപാര രംഗത്തുളളവർക്കും തൊഴിൽ നഷ്ടമുൾപ്പെടെയുളളതും അടിസ്ഥാനസൗകര്യ തകർച്ചയുമൊന്നും കൂട്ടാതെയുളള നഷ്ടമാണിത്.
ജൂണിലും ജൂലൈയിലും ഉണ്ടായ നഷ്ടത്തേക്കാൾ ഏറെയാണ് ഓഗ്സ്റ്റ് എട്ട് മുതൽ ആരംഭിച്ച പേമാരിയും പ്രളയവുമാണ് വൻ നഷ്ടമുണ്ടാക്കിയത്. ജൂലൈയിലെ കാറ്റും മഴയും ഉണ്ടാക്കിയ നഷ്ടത്തിൽ നിന്നും കര കയറാമെന്ന് തോട്ടം മേഖല കരുതിയിരിക്കുമ്പോഴാണ് കനത്ത തിരിച്ചടിയായി പേമാരിയും പ്രളയവും ഇതിനെ കടപുഴക്കിയത്.
കേരളത്തിലെ പതിനാല് ജില്ലകളിലായി ഓഗസ്റ്റ് 28 വരെയുളള പ്രാഥമിക കണക്കുകൾ പ്രകാരം 59,321ഹെക്ടറിലായി 14307.20 കോടി രൂപയുടെ വിള നഷ്ടമാണ് കണക്കാക്കുന്നതെന്ന് ഫാം ഇൻഫർമേഷൻ ബ്യൂറോ ഡപ്യൂട്ടി ഡയറക്ടർ ഡോ. ടി.വി.രാജേന്ദ്രലാൽ പറഞ്ഞു. തെക്ക് പടിഞ്ഞാറൻ മൺസൂണിലെ മുഴുവൻ കാലയളവുമാണ് ഇതിൽ പരിഗണിച്ചിട്ടുളളതെങ്കിലും കാര്യമായ നഷ്ടമുണ്ടായിട്ടുളളത് ഓഗസ്റ്റ് എട്ട് മുതൽ പെയ്ത മഴയിലും പ്രളയത്തിലുമാണെന്ന് ഡോ.രാജേന്ദ്ര ലാൽ പറയുന്നു.
നെല്ല്, തേങ്ങ, വാഴ, മരച്ചീനി, പച്ചക്കറി, അടയ്ക്ക, കശുവണ്ടി, ഗ്രാമ്പൂ, കൊക്കോ, റബ്ബർ, ഏലം, കപ്പ, മഞ്ഞൾ, കുരുമുളക് തുടങ്ങി എല്ലാ മേഖലകളിലും കനത്ത നഷ്ടമാണ് പ്രളയം വിതച്ചത്. കേരളത്തിലെ വിളപ്പെടുപ്പ് സമയം മുഴുവൻ പ്രളയത്തിലായിപ്പോയ കൃഷിഭൂമിയായി മാറി കേരളം.
കേരളത്തിൽ ഏറ്റവും കൂടുതൽ നാശ നഷ്ടമുണ്ടായ കാർഷിക മേഖല നെൽകൃഷിക്കാണ്. 26,466 ഹെക്ടർ നെൽകൃഷിയാണ് നശിച്ചത്. മരച്ചീനി (കപ്പ) കൃഷി ചെയ്തിരുന്ന 10,409 ഹെക്ടർ കൃഷി നശിച്ചു. 6868 ഹെക്ടർ വാഴകൃഷിയും 3,968 ഹെക്ടർ പച്ചക്കറി കൃഷിയും 677.3 ഹെക്ടർ തെങ്ങ് കൃഷിയും ഈ കാലയളവിൽ നശിച്ചു. സാമ്പത്തികാടിസ്ഥാനത്തിൽ നോക്കിയാൽ വിളവിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നഷ്ടം സംഭവിച്ചിരിക്കുന്നത് വാഴകൃഷി മേഖലയിലാണ്. 627.95 കോടിരൂപയുടെ നഷ്ടമാണ് സംഭവിച്ചത്. നെൽകൃഷിയിൽ 396.99 കോടി രൂപയും പച്ചക്കറി മേഖലയിൽ 105.26 കോടി രൂപയും തേങ്ങയുടെ കാര്യത്തിൽ 39.90 കോടി രൂപയുടെയും മരച്ചീനി കൃഷിയിൽ 10.62 കോടി രൂപയുടെയും നഷ്ടമാണ് വിളയിനിത്തിൽ മാത്രം നഷ്ടമായിട്ടുളളതെന്ന് പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നതായി ഡോ.രാജേന്ദ്രലാൽ പറയുന്നു.
ജില്ലാ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ നഷ്ടം കണക്കാക്കുന്നത് ആലപ്പുഴ ജില്ലയിലാണ്. 370 കോടി രുപയിലേറെ നഷ്ടമാണ് ആലപ്പുഴയ്ക്ക് സംഭവിച്ചിട്ടുളളത്. (3,702,431,000രൂപ എന്നാണ് കണക്കുകൾ കാണിക്കുന്നത്). നഷ്ടത്തിൽ രണ്ടാംസ്ഥാനം വന്നിട്ടുളളത് മലപ്പുറം ജില്ലയ്ക്കാണ്. 202 കോടി രൂപയിലേറെ (2,025,630, 348രൂപ) നഷ്ടമാണ് മലപ്പുറത്ത് ഉണ്ടായത്. ഇടുക്കി ജില്ലയിൽ 145കോടിയിലേറെ (1,451,753, 765 രൂപ)രൂപയുടെ നഷ്ടമാണ്. പത്തനംതിട്ട ജില്ലയിൽ 138 കോടി രൂപയുടെയും (1384191820 രൂപ) തൃശൂരിൽ 113 കോടി രൂപയുടെയും (1134173530 രൂപ) പാലക്കാട് 116 കോടി രൂപയുടെയും (1116681799 രൂപ) നഷ്ടമാണ് കൃഷിനാശം മൂലം മാത്രം ഉണ്ടായിരിക്കുന്നതെന്ന് പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്.
മെയ് 29 മുതൽ ഓഗസ്റ്റ് 28 വരെ വരെയുളള കണക്കാണിത്. ഇതിൽ കൂടുതൽ നഷ്ടമുണ്ടായിരിക്കുന്നത് ഓഗസ്റ്റിലാണെന്നും രാജേന്ദ്രലാൽ പറഞ്ഞു.