ന്യൂഡല്‍ഹി: കേരളത്തിന്റെ ദുരിതം മനസിലാക്കി കൂടുതൽ സഹായവുമായി അരവിന്ദ് കേജ്രിവാൾ. എല്ലാ ആം ആദ്മി എം പി മാരും, എം എൽ എ മാരും, മന്ത്രിമാരും അവരുടെ ഒരു മാസത്തെ ശമ്പളം ദുരിതമനുഭവിക്കുന്ന കേരളത്തിന്‌ സംഭാവന ചെയ്യുമെന്നാണ് പുതിയ പ്രഖ്യാപനം. നേരത്തെ ഡൽഹി സർക്കാർ 10 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു. ഇതിന് പുറമേയാണ് വീണ്ടും സഹായവുമായി ആംആദ്മി രംഗത്തെത്തിയിരിക്കുന്നത്.

നേരത്തെ കേരളത്തിന്റെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്താൻ ഡൽഹിയിൽ കേജ്രിവാൾ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. കേരള ഹൌസ് റസിഡന്റ് കമ്മിഷണർ ഉൾപ്പടെയുള്ളവർ പങ്കെടുക്കുന്ന യോഗം വൈകിട്ട് നാല് മണിക്കാണ്. ഇതിന് ശേഷം ഡൽഹി സർക്കാരിൽ നിന്നും കൂടുതൽ സഹായം ലഭിക്കുമെന്ന പ്രതീക്ഷയുമുണ്ട്.

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങും ഇന്നലെ 10 കോടി രൂപയുടെ സഹായവും വാഗ്ദാനം ചെയ്തിരുന്നു. ഇതിൽ അഞ്ച് കോടി രൂപ പണമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ എത്തിക്കഴിഞ്ഞു. ബാക്കിയുള്ള തുകയ്ക്ക് കൂടുതൽ ഭക്ഷണമുൾപ്പടെയുള്ള സഹായങ്ങൾ പ്രതിരോധ മന്ത്രാലയത്തിന്റെ സഹായത്തോടെ കേരളത്തിലെത്തിക്കും.

തമിഴ്നാട്ടിലെ മുഖ്യ പ്രതിപക്ഷമായ ഡി എം കെ ( ദ്രാവിഡ മുന്നേറ്റ കഴകം ) നേരത്തെ ഒരു കോടി രൂപ കേരളത്തിന്റെ ദുരിതാശ്വാസ സഹായ നിധിയിലേക്ക് എത്തിയിരുന്നു. 25 കോടി രൂപ സർക്കാർ ഫണ്ടിൽ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു രണ്ടര കോടി രൂപയുടെ കുടിവെള്ള ശുചീകരണ ഉപകരണങ്ങളും കേരളത്തിലെത്തിക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ