Kerala Floods: തിരുവനന്തപുരം: കേരളത്തിലെ പ്രളയത്തെ തുടർന്ന് പ്രതിസന്ധിയിലായ വാർത്താവിനിമയ സംവിധാനം സാധാരണ നിലയിലേക്ക് പുനഃസ്ഥാപിച്ചതായി അധികൃതർ അവകാശപ്പെട്ടു. സംസ്ഥാനത്തെ 98% മൊബൈൽ ടവറുകളും പ്രവർത്തനസജ്ജമാക്കിയതായി ടെലികോം സെക്രട്ടറി അരുണ സുന്ദരരാജൻ അറിയിച്ചു. കുട്ടനാട് മേഖലയിൽ ടെലികോം സേവനങ്ങൾ പുനഃസ്ഥാപിക്കുന്നതിനു മുന്തിയ പരിഗണന നൽകുമെന്നും ടെലികോം സെക്രട്ടറി പറഞ്ഞു

കേരളത്തിൽ​ പുനഃസ്ഥാപിക്കാൻ ബാക്കിയുളള രണ്ട് ശതമാനം മൊബൈൽ ടവറുകൾ സ്ഥിതി ചെയ്യുന്നത് കുട്ടനാട് മേഖലയിലാണ്. പ്രളയജലം ഇറങ്ങിയതിന് ശേഷം മാത്രമേ കുട്ടനാട് മേഖലയിൽ എത്തിപ്പെടാൻ സാധിക്കുകയുളളൂ. അതിന് ശേഷം അതിവേഗം പൂർവ്വസ്ഥിതിയിലാക്കുവാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 190 ഇടങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ കേബിൾ മുറിഞ്ഞതിൽ 168 ഇടങ്ങളിലും പുനഃസ്ഥാപിച്ചു. ബാക്കിയുള്ള 22 ഇടങ്ങളിൽ എത്തിപ്പെടാൻ സാധിക്കുന്ന സ്ഥിതി സംജാതമാകുന്നതോടെ പുനഃസ്ഥാപിക്കും.

കേരളത്തിൽ ആകെയുള്ള 85900 മൊബൈൽ ബി.ടി.എസുകളിൽ (BTS – Base Transceiver Station) 23552 എണ്ണത്തിന്റെ പ്രവർത്തനത്തെ പ്രളയം ബാധിച്ചു. ഓഗസ്റ്റ് 24 ഓട് കൂടി ഇതിൽ 22217 ബി.ടി.എസുകളുടെ പ്രവർത്തനം പുനഃസ്ഥാപിച്ചു. പ്രളയം പ്രവർത്തനത്തെ ബാധിച്ച 153 ടെലിഫോൺ എക്സ്ചേഞ്ചുകളിൽ 131 എണ്ണം പൂർവ്വസ്ഥിതിയിലാക്കിയിട്ടുണ്ട്.

കടുത്ത പ്രളയത്തിലും മണ്ണിടിച്ചിലും കേരളത്തിലെ ടെലികോം ശൃംഖലയുടെ 20 ശതമാനത്തിലധികം ബാധിക്കപ്പെട്ടു. ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഏറ്റവുമധികം നാശനഷ്ടങ്ങൾ ഉണ്ടായത്. ഏകദേശം 350 കോടി രൂപയുടെ നഷ്ടമാണ് പ്രാഥമിക കണക്കുകൾ​ സൂചിപ്പിക്കുന്നത്. ടെലികോം സേവനദാതാക്കൾക്കും ടെലികോം അടിസ്ഥാന സൗകര്യദാതാക്കൾക്കും പ്രളയം മൂലമുണ്ടായ നഷ്ടത്തിന്റെ പ്രാഥമിക കണക്കാണിത്.

വൈദ്യുതി ഇനിയും പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ലാത്ത പ്രളയബാധിത മേഖലകളിലെ നാനൂറിലധികം മൊബൈൽ ടവറുകൾ പൂർണമായും ഡീസൽ ജനറേറ്ററുകളിലാണ് പ്രവർത്തിക്കുന്നത്. ജനറേറ്ററുകൾക്ക് ഇന്ധനം ഉറപ്പാക്കുന്നത് ഒരു വെല്ലുവിളിയാണെന്നും യോഗം വിലയിരുത്തി.

കേരളത്തിലെ പ്രളയബാധിത മേഖലകളിലെ ടെലികോം സേവനലഭ്യത അവലോകനം ചെയ്ത ശേഷം ടെലികോം സെക്രട്ടറി മാധ്യമങ്ങളെ അറിയിച്ചതാണ് ഈ​ വിവരം, കേരളത്തിലെ ദുരന്തനിവാരണ നടപടികള്‍ പിന്തുടരാവുന്ന മാതൃകയായിക്കണ്ട് നിലവിലുള്ള അംഗീകൃത പ്രവർത്തിക്രമം (SOP – Standard Operating Procedure) ടെലികോം ഡിപ്പാർട്ട്മെന്റ് പുതുക്കും.

ടെലികോം സേവനങ്ങൾ പുനഃസ്ഥാപിക്കാൻ കഴിഞ്ഞതിൽ കേരള സർക്കാർ നൽകിയ പിന്തുണ വളരെ വിലപ്പെട്ടതാണ്. ജനങ്ങൾക്ക് ഫോണുകളിൽ കൂടി മുന്നറിയിപ്പ് നൽകാനുള്ള സംവിധാനമായ കോമൺ അലേർട്ട് പ്രോട്ടോകോൾ – ഏർലി വാർണിങ് പ്ലാറ്റ് ഫോം (Common Alert Protocol – Early Warning Platform (CAP – EWP)) മികച്ച രീതിയിൽ പ്രയോജനപ്പെടുത്താൻ സാധിച്ചു. ടെലികോം ഡിപ്പാർട്മെന്റ് സമഗ്ര ജനസുരക്ഷാ / ദുരിതാശ്വാസ നടപടിക്രമങ്ങൾക്ക് രൂപം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

ടെലികോം ഡിപ്പാർട്ട്മെൻറ്റ് കേരള സർക്കാർ, ബി.എസ്.എൻ.എൽ, വിവിധ ടെലികോം സേവനദാതാക്കൾ, ടെലികോം അടിസ്ഥാനസൗകര്യദാതാക്കൾ എന്നിവരുമായി ചേർന്ന് നടപ്പാക്കിയ ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഫലമായാണ് കേരളത്തിലെ പ്രളയബാധിത മേഖലകളിലെ 98% മൊബൈൽ ടവറുകളും പ്രവർത്തനസജ്ജമായതെന്ന് ടെലികോം സെക്രട്ടറി വ്യക്തമാക്കി.

കാണാതെ പോയ ആൾക്കാരുടെ ലൊക്കേഷൻ നൽകുന്ന സേവനം ലഭ്യമാക്കുന്നതിനായി പൊതു ടെലിഫോൺ നമ്പർ നിലവിൽ വന്നു. ഈ സേവനം വഴി ഉപയോക്താവിന് തങ്ങളുടെ കാണാതെ പോയ കുടുംബാംഗംങ്ങളുടെയോ സുഹൃത്തുക്കളുടെയോ ലൊക്കേഷൻ വിവരങ്ങൾ കണ്ടെത്താൻ സഹായകരം ആകും. ഈ സേവനം പൊതു ദുരിത സേവന നമ്പർ ആയ 112 യിലേക്ക് സംയോജിപ്പിക്കാൻ ഉള്ള ശ്രമങ്ങൾ ടെലികോം ഡിപ്പാർട്ട്മെൻറ്റ് നടത്തിക്കൊണ്ടിരിക്കുകയാണ്.

കുട്ടനാട് മേഖലയിലെ സ്ഥിതി

കുട്ടനാട് മേഖലയിലെ ടെലികോം സേവനങ്ങൾ പുനഃസ്ഥാപിക്കുന്നതിനാണ് മുന്തിയ പരിഗണന നൽകിയിരിക്കുന്നത്. ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവർ തിരിച്ചു വീടുകളിൽ എത്തുന്നതിനു മുൻപ് തന്നെ പ്രത്യേക പരിഗണന നൽകി ടെലികോം സേവനങ്ങൾ പൂർവസ്ഥിതിയിലാക്കണമെന്ന് എല്ലാ ടെലികോം സേവനദാതാക്കളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ബാക്കിയുള്ള പ്രദേശങ്ങളിലെ മൊബൈൽ ടവറുകളുടെയും ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയിലേയും കേടുപാടുകൾ തീർത്തു മാസാവസാനത്തോടു കൂടി പ്രവർത്തനസജ്ജമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിൽ നിന്നുള്ള ദുരന്തനിവാരണ അനുഭവം പിന്തുടരാവുന്ന മാതൃകയായിക്കണ്ട് ദുരന്തവേളകളിൽ പ്രയോഗിക്കുവാനുള്ള ടെലികോം സേവനങ്ങളെ സംബന്ധിക്കുന്ന അംഗീകൃത സേവനക്രമം (SOP – Statement Of Purpose) പരിഷ്കരിക്കും. നിലവിലുള്ള അംഗീകൃത സേവനക്രമത്തിൽ കേരളത്തിൽ നിന്നുള്ള ദുരന്തനിവാരണ അനുഭവങ്ങളുടെ വെളിച്ചത്തിൽ പരിഷ്കാരങ്ങൾ നിർദേശിക്കുവാൻ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിലേക്ക് വേണ്ടി എല്ലാ സംസ്ഥാനങ്ങളേയും ഭാഗഭാക്കാക്കിക്കൊണ്ട് ദേശീയ ശിൽപ്പശാല സംഘടിപ്പിക്കും.

കേരള സർക്കാർ മൊബൈൽ സേവനദാതാക്കൾക്ക് ടെലികോം സേവന ലഭ്യത പുനഃസ്ഥാപിക്കുവാൻ ഉതകുന്ന രീതിയിൽ ഏറെ പ്രയത്നവും ഏകോപനപ്രവർത്തികളും നടത്തിയെന്ന് ടെലികോം സെക്രട്ടറി അരുണാ സുന്ദരരാജൻ അഭിപ്രായപ്പെട്ടു. സംസ്ഥാന സർക്കാർ ഡീസൽ നൽകുന്നതിൽ കൊടുത്ത മുൻഗണനയാണ് മൊബൈൽ ടവറുകൾ വേഗത്തിൽ പ്രവർത്തനസജ്ജമാകാനുള്ള പ്രധാന കാരണം. കേടുപാടുകൾ തീർക്കുന്നതിൽ ഏർപ്പെട്ടിരുന്ന ടെലികോം ജീവനക്കാരുടെ സഞ്ചാരം ഉറപ്പാക്കുന്നതിലും സർക്കാർ പരിഗണന നൽകിയിരുന്നു. ഇത് മൂലം ആവശ്യമുള്ള ഇടങ്ങളിൽ സമയത്തിനെത്തുവാനും ടെലികോം സേവനം വേഗത്തിൽ പുനഃസ്ഥാപിക്കുവാനും സാധിച്ചു. കേരള സർക്കാരിൻറെ ഭാഗത്ത് നിന്നുള്ള ഈ രണ്ടു പ്രധാനപ്പെട്ട സഹായങ്ങൾ കാരണമാണ് ടെലികോം ഡിപ്പാർട്ട്മെൻറ്റിനു 98% ശതമാനം ടവറുകളിലും ടെലികോം സേവനം വേഗത്തിൽ പുനഃസ്ഥാപിക്കുവാൻ കഴിഞ്ഞത്, അവർ കൂട്ടിച്ചേർത്തു.

ടെലികോം ഡിപ്പാർട്ട്മെന്റ് സംസ്ഥാന സർക്കാരുകളെയും വിവിധ ഏജൻസികളെയും മറ്റും ഉൾപ്പെടുത്തി ദുരന്തനിവാരണം ലക്ഷ്യമാക്കി രാജ്യമൊട്ടുക്ക് നടപ്പാക്കാൻ സാധിക്കുന്ന സമഗ്ര ജനസുരക്ഷാ / ദുരിതാശ്വാസ നടപടിക്രമങ്ങൾക്ക് (Public Protection and Disaster Relief – PPDR Procedure) രൂപം നൽകും. ഇത് നടപ്പിലാക്കാനുള്ള മാർഗങ്ങൾ ടെലികോം ഡിപ്പാർട്ട്മെൻറ്, ദേശീയ ദുരന്തനിവാരണ അതോറിറ്റി, ബന്ധപ്പെട്ട സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ബന്ധപ്പെട്ട മറ്റു ഏജൻസികൾ എന്നിവരുടെ കൂട്ടായ പ്രവർത്തനം വഴി കണ്ടെത്തുമെന്നും അരുണ സുന്ദരരാജ് അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.