കല്‍പ്പറ്റ: പ്രളയത്തില്‍ നിന്നും കരകയറുന്ന കേരളത്തെ നെഞ്ചോട് ചേര്‍ത്തു പിടിക്കുകയാണ് ഓരോ വ്യക്തിയും. വെള്ളം നാടിന്റെ ഹൃദയത്തിലുണ്ടാക്കിയ മുറിവുണക്കാന്‍ മരുന്നു വച്ചു കെട്ടുകയാണ് ഓരോരുത്തരും. പണക്കുടുക്ക പൊട്ടിച്ച് കുരുന്നുകള്‍ മുതല്‍ വേതനം മാറ്റിവച്ച് മുതിര്‍ന്നവര്‍ വരെ നാടിന് കൈത്താങ്ങാവുകയാണ്. ഇപ്പോഴിതാ പ്രളയം ഏറെ ദുരിതം വിതച്ച വയനാട്ടില്‍ നിന്നും സ്‌ന്തോഷിപ്പിക്കുന്നൊരു കാഴ്ച.

തന്റെ ജീവിതത്തിലെ സമ്പാദ്യമായ ഒരു ലക്ഷം രൂപ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങി കല്‍പ്പറ്റയിലെ കൗണ്ടറിലേക്ക് എത്തുകയായിരുന്നു ശാന്തകുമാരി എന്ന 73 കാരി. കല്‍പ്പറ്റ എമിലിയില്‍ വാടകയ്ക്ക് താമസിക്കുന്ന ശാന്തകുമാരി തന്റെ സമ്പാദ്യമായി ബാങ്കില്‍ ഉണ്ടായിരുന്ന ഒരു ലക്ഷം രൂപ പിന്‍വലിച്ച് സാധനങ്ങള്‍ വാങ്ങി വാഹനത്തില്‍ കയറ്റി വയനാട് കലക്ടറേറ്റിനു മുന്‍പില്‍ വന്നത് കണ്ടവരുടെ കണ്ണ് നനയിക്കുന്ന കാഴ്ചയായിരുന്നു.

3 വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരണപ്പെട്ടപ്പോള്‍ മുതല്‍ ഒറ്റക്ക് താമസിക്കുന്ന ശാന്തകുമാരി പ്രളയ ദുരന്തമറിഞ്ഞപ്പോള്‍ മുതല്‍ തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല എന്നും തന്നെ പോലെ വയസായ ആളുകള്‍ ക്യാംപില്‍ കഴിയുന്ന കഷ്ടത ഓര്‍ത്തപ്പോഴാണ് ഇങ്ങനെ ചെയ്യാന്‍ തോന്നിയതെന്നും പറഞ്ഞു. കുളിമുറിയില്‍ വീണപ്പോള്‍ എല്ലു പൊട്ടിയ കൈയ്യില്‍ പ്ലാസ്റ്ററും ഇട്ടാണ് കല്‍പ്പറ്റയില്‍ കട നടത്തുന്ന സഹോദരന്റെ മകനെയും കൂട്ടി അവര്‍ കലക്ടറേറ്റിലേക്ക് എത്തിയത്.

കണ്ണൂര്‍ തളിപ്പറമ്പിലുണ്ടായിരുന്ന വീടും സ്ഥലവും വിറ്റ കാശാണ് ശാന്തകുമാരി ഇതിനായി വിനിയോഗിച്ചത്. ശാന്തകുമാരിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. തന്റെ വീഡിയോ എടുക്കുന്ന ചെറുപ്പക്കാരോടായി, ”മമ്മൂട്ടീനെ കാണിക്കല്ലേ, ഓര് ബന്ധം ഒഴിയും എന്റെ സൗന്ദര്യം കണ്ടിട്ട്” എന്ന ശാന്തകുമാരിയുടെ വാക്കുകളെ കേരള ജനത ആവര്‍ത്തിക്കുകയാണ്. അവരുടെ സൗന്ദര്യത്തെ നാട് ഹൃദയത്തോട് ചേര്‍ത്തു വയ്ക്കുകയാണ് ഇപ്പോള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.