കൊച്ചി: കേരളം നേരിട്ട ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയത്തില്‍ ഇടുക്കി ജില്ലയില്‍ ബഹുഭൂരിപക്ഷം റോഡുകളും തകർന്നു. ജില്ലയിലെ റോഡുകൾ തകർന്ന ഇനത്തിൽ മാത്രം ആയിരം കോടി രൂപയുടെ നഷ്ടമാണ് പൊതുമരാമത്ത് വകുപ്പ് കണക്കാക്കുന്നത്.

ഇവിടെ  92 റോഡുകളും പ്രധാനപ്പെട്ട മൂന്നു പാലങ്ങളും തകര്‍ന്നു. മഴ മാറിയതോടെ ഇടുക്കി ജില്ലയിലെ  നഷ്ടങ്ങളുടെ  കണക്കെടുപ്പ് പൊതുമരാമത്ത് വകുപ്പ് തുടങ്ങി. പ്രാഥമിക അവലോകനത്തിൽ ജില്ലയിലെ 80 ശതമാനം റോഡുകളും സഞ്ചാരയോഗ്യമല്ലാതായെന്നാണ് വിലയിരുത്തൽ.

കൊച്ചി ധനുഷ്കോടി ദേശീയ പാതയില്‍ അടിമാലി-മൂന്നാര്‍ റോഡ്, കല്ലാര്‍-മാങ്കുളം, മൂന്നാര്‍-മറയൂര്‍-ഉദുമല്‍പേട്ട റോഡ് എന്നിവയും കല്ലാര്‍കുട്ടി-മുനിയറ -നെടുങ്കണ്ടം റോഡ്, കല്ലാര്‍കുട്ടി-പനംകുട്ടി റോഡ്, വെള്ളത്തൂവല്‍-രാജാക്കാട്, തൊടുപുഴ-ഇടുക്കി, കട്ടപ്പന-എറണാകുളം, എന്നീ റോഡുകളും സഞ്ചാരയോഗ്യമല്ലാതായി. ചെറുതോണി-കട്ടപ്പന, കട്ടപ്പന-ഇരട്ടയാര്‍, കട്ടപ്പന-നെടുങ്കണ്ടം റോഡുകളും തകര്‍ന്നു.

ഇതുവരെ 92 റോഡുകളാണ് തകര്‍ന്നതായി കണ്ടെത്തിയിരിക്കുന്നത്. ഇവയെല്ലാ പുനർനിർമ്മിക്കേണ്ടതുണ്ട്. പ്രധാനമായും ദേവികുളം സബ് ഡിവിഷനാണ് പ്രളയത്തിന്റെ കനത്ത ദുരിതത്തിന് ഇരയായത്. അതേസമയം ആകെ 86 റോഡുകളുളള ഇടുക്കി സബ് ഡിവിഷന് കീഴിൽ വെറും മൂന്നെണ്ണം മാത്രമാണ് പ്രളയത്തിൽ നിന്ന് രക്ഷപ്പെട്ടത്.

ഇടുക്കിയിലെ മൂന്ന് പ്രധാന പാലങ്ങളാണ് പ്രളയത്തിൽ തകർന്നത്. തൊടുപുഴ-ഇടുക്കി പാതയിൽ മീന്‍മുട്ടി പാലം, മൂന്നാറിൽ നിന്ന് മറയൂരിലേക്കുളള വഴിയിൽ പെരിയാവാരെ പാലം, കട്ടപ്പന ശാന്തിഗ്രാം പാലം എന്നിവയാണ് തകര്‍ന്നത്.

ചിലയിടത്ത് ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവിടെയെല്ലാം ഒറ്റവരി ഗതാഗതം മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ഇപ്പോഴും ജില്ലയിൽ നിന്ന് പുറത്തുകടക്കാൻ ഇടുക്കിക്കാർക്ക് സാധിക്കാത്ത സ്ഥിതിയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook