കല്‍പറ്റ: കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഉരുള്‍പൊട്ടലാണ് വയനാട് മേപ്പാടിയ്ക്ക് അടുത്ത പുത്തുമലയിലുണ്ടായത്. കേരളം നേരിടുന്ന മഴക്കെടുതിയുടെ ഭീതിയുടെ മുഖമാണ് പുത്തുമലയ്ക്ക്. നിമിഷനേരം കൊണ്ട് ഒരു ഗ്രാമം മൊത്തമാണ് ഇല്ലാതായത്.

പുത്തുമലയിലെ മണ്ണിടച്ചിലില്‍ നിന്നും രക്ഷപ്പെട്ടവര്‍ക്ക് ദുരിതം വിതച്ച ആ രാത്രി ഒരിക്കലും മറക്കാനാവില്ല. കുത്തിയൊലിച്ചു വരുന്ന മലവെള്ളത്തില്‍ നിന്നും, തന്റെ കുഞ്ഞിനെ മാറോട് ചേര്‍ത്ത് സുരക്ഷിതത്വത്തിലേക്ക് ഓടിയ പ്രജിതയ്ക്ക് രക്ഷപ്പെട്ടത് എങ്ങനെയെന്ന് പോലും അറിയില്ല.

”വെള്ളം വരുന്ന ശബ്ദം കേട്ടപ്പോ തൊട്ടിലിന്ന് കുഞ്ഞിനേം എടുത്തോടി. അങ്ങനെ അടിച്ചു വീണ് ഞാനൊക്കെ വെള്ളത്തില്‍ മുങ്ങിപ്പൊങ്ങുവായിരുന്നു. കാലിലെ ചെരിപ്പൊക്കെ പോയി. എങ്ങനെയോ രക്ഷപ്പെട്ട് കയറിയതാ” പ്രജിത പറയുന്നു.

രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനേയും എടുത്താണ് തകര്‍ന്നു പോയ പാടികളിലൊന്നില്‍ നിന്നും പ്രജിത ഓടി രക്ഷപ്പെട്ടത്. പ്രവസം കഴിഞ്ഞ് രണ്ട് മാസം മാത്രമേ പിന്നിട്ടുള്ളൂ,അതുകൊണ്ട് തന്നെ ശസ്ത്രക്രിയയുടെ അവശതകള്‍ പ്രജിതയ്ക്കുണ്ട്. പക്ഷെ എല്ലാ അവശതയും ജീവന് വേണ്ടിയുള്ള ഓട്ടത്തില്‍ പിന്നിലായി. മൂന്ന് വയസ്സുള്ള മറ്റൊരു മകനും അച്ഛനും അമ്മയും അമ്മൂമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്.

”ജീവന്‍ കിട്ടിയവരെല്ലാം കയ്യില്‍കിട്ടിയതെല്ലാം എടുത്തോടുകയായിരുന്നു. കാട്ടിലൂടെ കുറേ ഓടി. നിലവിളികള്‍ മാത്രം കേട്ട രാത്രി ദുരന്തമേഖലയ്ക്ക് അടുത്ത് തന്നെ തങ്ങി. പിന്നെ ക്യാമ്പിലേക്കും അവിടെ നിന്ന് ബന്ധുവീട്ടിലേക്കും പോയി” പ്രജിത പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.