മുംബൈ: ദുരിതം വിതച്ച പ്രളയത്തിൽ നിന്നും കരകയറാൻ ശ്രമിക്കുന്ന കേരളത്തിന് പിന്തുണയുമായി സച്ചിൻ ടെൻഡുൽക്കർ. ഓരോ രക്ഷാപ്രവർത്തകരെയും കാണുമ്പോൾ ബഹുമാനവും ആരാധനയും തോന്നുന്നുവെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. നിങ്ങളുടെ സമർപ്പണവും കരുണയും ഞങ്ങൾക്കെല്ലാം പ്രചോദനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഓരോ രക്ഷാപ്രവര്‍ത്തകരോടും ബഹുമാനവും ആരാധനയും തോന്നുന്നു. ഒരു ദുരന്തത്തെ ഇത്രയും ധീരതയോടെ നേരിട്ട നിങ്ങളെല്ലാം മാതൃകയാണ്. ദൈവം അനുഗ്രഹിക്കട്ടെ’ എന്ന് സച്ചിന്‍ കുറിച്ചു. ഇന്ത്യന്‍ എയര്‍ഫോഴ്‌സ്, ഇന്ത്യന്‍ നേവി, ഇന്ത്യന്‍ ആര്‍മി എന്നിവര്‍ക്കും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഓരോ സാധാരണക്കാരനും നന്ദി പറഞ്ഞാണ് സച്ചിന്റെ ട്വീറ്റ്.

കാലടി ചൊവ്വരയില്‍ ആരോഗ്യനില മോശമായ പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിയെ എയര്‍ഫോഴ്‌സ് എയര്‍ലിഫ്റ്റ് ചെയ്ത് രക്ഷിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചതോടെ അപകടമില്ലാതെ യുവതി കുഞ്ഞിന് ജന്മം. ദുരിത വാര്‍ത്തകള്‍ക്കിടയില്‍ കേരളത്തിന്റെ മനസ്സു നിറച്ച വാര്‍ത്തയായിരുന്നു ഇത്. ദേശീയ തലത്തില്‍ തന്നെ ഈ രക്ഷാപ്രവര്‍ത്തനം ശ്രദ്ധ നേടി.

നേരത്തെ കേരളത്തിനൊപ്പം എല്ലാവരും നിൽക്കണമെന്ന് സച്ചിൻ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു. പ്രാർത്ഥനകളല്ല ഈ നിമിഷം വേണ്ടത്. കഴിയുന്നത്ര സഹായം ചെയ്യുക എന്നതാണ്. ചെറുതും വലുതുമായ സംഭവനകൾ കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നും സച്ചിൻ അഭ്യർത്ഥിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.