കണ്ണൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെന്ന വ്യാജേന പണപ്പിരിവ് നടത്തിയ മൂന്നു യുവാക്കൾ അറസ്റ്റിൽ. പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. മോഷണം, കഞ്ചാവ് വിൽപ്പന ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളായ റിഷഭ്, സഫാൻ, മുഹമ്മദ് ഇർഫാൻ എന്നിവരാണ് പിടിയിലായത്.

പൊലീസ് മൈതാനത്ത് ‘മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക’ എന്നെഴുതി ഒട്ടിച്ച ബക്കറ്റുമായിട്ടായിരുന്നു മൂന്നംഗ സംഘം പിരിവ് നടത്തിയത്. സംശയം തോന്നിയ നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. പൊലീസ് എത്തിയതും യുവാക്കൾ ഓടാൻ ശ്രമിച്ചെങ്കിലും പിടിയിലായി. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. 3500 ഓളം രൂപ ഇവരുടെ പക്കൽനിന്നും കണ്ടെടുത്തു.

ബാറിൽ മദ്യപിച്ചുകൊണ്ടിരിക്കെയാണ് ബക്കറ്റ് പിരിവ് നടത്തി പണം തട്ടാനുളള ആശയം യുവാക്കൾക്ക് തോന്നിയതെന്ന് എസ്ഐ ശ്രീജിത്ത് കൊടേരി പറഞ്ഞു. തിരക്കേറിയ സ്ഥലമാണ് ഇതിനായി പ്രതികൾ തിരഞ്ഞെടുത്തത്. സമാന രീതിയിൽ തട്ടിപ്പുകൾ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നെല്ലിയാമ്പതിയിലേക്കുള്ള ഭക്ഷ്യവസ്തുക്കൾ മോഷ്ടിച്ച ലോറി ഡ്രൈവറും അറസ്റ്റിലായിട്ടുണ്ട്. അയിലൂർ എടപ്പാടം സ്വദേശി ദിനേശിനെ നെന്മാറ പൊലീസാണ് അറസ്റ്റു ചെയ്തത്. ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചിരുന്ന നെന്മാറ സ്കൂളിൽ നിന്ന് ലോറിയിൽ കയറ്റി വച്ചിരുന്ന 44 ചാക്ക് സാധനങ്ങളാണ് കാണാതായത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ