സുൽത്താൻബത്തേരി: കാലവർഷക്കെടുതിയിൽ ഏറ്റവും ദുരിതം അനുഭവിച്ച ജില്ലകളിലൊന്നായ വയനാട്ടിൽ വീണ്ടും ഉരുൾപൊട്ടി. നേരത്തെ ഉരുൾപൊട്ടലുണ്ടായ കുറിച്ചർ മലയ്ക്ക് സമീപമാണ് ഞായറാഴ്ച രാത്രിയോടെ വീണ്ടും ഉരുൾപൊട്ടിയത്. അതേസമയം ജലനിരപ്പ് വീണ്ടും ഉയർന്നതോടെ വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ട് 20 സെന്റിമീറ്റർ കൂടി ഉയർത്താൻ തീരുമാനിച്ചു.

ഇപ്പോൾ 90 സെന്റിമീറ്ററാണ് ഷട്ടർ ഉയർത്തിയത്. ഇത് 110 സെന്റിമീറ്ററാക്കി ഉയർത്തും. അതിനിടെ കനത്ത മഴയിൽ കുറിച്ചർ മലയിലുണ്ടായ ഉരുൾപൊട്ടലിൽ ആളപായമില്ലെന്നാണ് പ്രാഥമിക സൂചന. ഇവിടെ 25 ഏക്കര്‍ കൃഷി നശിച്ചിട്ടുണ്ട്.

മക്കിമലയിലെ 325 പേർ ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ഉരുൾപൊട്ടൽ ഭീതി ഇവർക്കുണ്ട്. മഴ കുറയുന്നത് വരെ വീടുകളിലേക്ക് പോകരുതെന്നാണ് ക്യാമ്പുകളിൽ കഴിയുന്നവർക്ക് ജില്ലാ ഭരണകൂടത്തിന്‍റെ നിർദ്ദേശം.

മക്കിമലയ്ക്കുണ്ടായ വിള്ളല്‍ ഗുരുതരമെന്നാണ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ വിലയിരുത്തിയത്. മഴ അധികമായാല്‍ വീണ്ടും ഉരുള്‍പ്പൊട്ടിയേക്കുമെന്ന മുന്നറിയിപ്പുകൂടി ആയപ്പോള്‍ ഭയം ഇരട്ടിച്ചു. 350 പേരാണ് ഇപ്പോൾ പുതിയിടം കുസുമഗിരി എല്‍പി സ്കൂളിലെ ക്യാമ്പില്‍ കഴിയുന്നത്.

ആശ്വാസവുമായി നിരവധി സന്നദ്ധ സംഘടനകളാണ് എത്തുന്നത്. സർക്കാർ സഹായം ലഭ്യമാക്കാൻ റവന്യു തദ്ദേശസ്വയംഭരണ വകുപ്പുദ്യോഗസ്ഥരും ജനപ്രതിനിധികളും ഇവര്‍ക്കൊപ്പമുണ്ട്. ഇന്ന് ജിയോളജി വകുപ്പ് അധികൃതർ വീണ്ടും മക്കിമലയിൽ പരിശോധന നടത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.