കൊച്ചി: മഴയുടെ അളവിൽ കുറവ് വന്നതിന് പിന്നാലെ ഇടുക്കി അണക്കെട്ടുമായി ബന്ധപ്പെട്ട ആശങ്കയും നീങ്ങുന്നു. ഇവിടെ ജലനിരപ്പ് ഇപ്പോൾ 2399.46 അടിയാണ്. അതേസമയം തത്കാലം അണക്കെട്ടിൽ നിന്ന് പുറത്തേക്ക് ഒഴുക്കിവിടുന്ന വെളളത്തിന്റെ അളവിൽ കുറവു വരുത്തേണ്ടെന്നാണ് തീരുമാനം.

ഇടമലയാർ അണക്കെട്ടിൽ ഇപ്പോഴത്തെ ജലനിരപ്പ് 168.9 മീറ്ററാണ്. പരമാവധി ശേഷി 169 മീറ്ററാണ്. അണക്കെട്ടിലെ രണ്ട് ഷട്ടറുകൾ 1 മീറ്റർ ഉയർത്തി സെക്കന്റിൽ 200 ഘനമീറ്റർ വെള്ളമാണ് ഇപ്പോൾ പുറത്തേക്ക് ഒഴുക്കുന്നത്.

അതേസമയം സംസ്ഥാനത്തെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദർശിക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് കേരളത്തില്‍ എത്തും. ഉച്ചയ്ക്ക് 12.50 ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം ഒരു മണിക്ക് ഹെലികോപ്റ്ററില്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദർശിക്കും. വൈകീട്ട് നാലരയ്ക്ക് കൊച്ചി വിമാനത്താവളത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റ് ജനപ്രതിനിധികളുമടങ്ങുന്നവരുമായി അവലോകന യോഗത്തിൽ പങ്കെടുത്ത ശേഷം 6.10 ന് അദ്ദേഹം ഡൽഹിക്ക് മടങ്ങും.

വയനാട് ജില്ലയിൽ മഴ ഏറിയും കുറഞ്ഞും പെയ്‌തുകൊണ്ടിരിക്കുന്നുണ്ട്. മൈസൂരു – വയനാട് പാതയിൽ ഗതാഗത നിയന്ത്രണം ഇന്നും തുടരും. കബനിയും കൈവഴിയായ കപില നദിയും കരകവിഞ്ഞൊഴുകുകയാണ്. തെക്കൻ കർണാടകത്തിൽ ശക്തമായി മഴ പെയ്യുന്നതും വയനാടിന് തിരിച്ചടിയാണ്.

ആനത്തോട് – പമ്പ അണക്കെട്ടുകളിൽ നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചെങ്കിലും പമ്പ നദി കരകവിഞ്ഞ് ഒഴുകുകയാണ്. അപ്പർക്കുട്ടനാടിൽ വെളളക്കെട്ട് താഴ്ന്നിട്ടില്ല. തിരുവല്ല താലൂക്കിൽ 196 കുടുംബങ്ങളിലെ 634 പേരാണ് 17 ദുരിതാശ്വാസ കേന്ദ്രങ്ങളിൽ കഴിയുന്നത്.

സംസ്ഥാനത്ത് വെള്ളപ്പൊക്ക ദുരിതം നേരിടുന്ന പശ്ചാത്തലത്തിൽ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയോട് അനുബന്ധിച്ചുള്ള ആഘോഷപരിപാടികൾ ഒഴിവാക്കി. ഇന്ന് ആരംഭിക്കേണ്ടിയിരുന്ന കലാസന്ധ്യകളും ഉണ്ടാകില്ലെന്ന് തൃപ്പൂണിത്തുറ നഗരസഭാ ചെയർപേഴ്സൺ അറിയിച്ചു. ഇതിനായി സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാനും നഗരസഭ തീരുമാനിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ