പാലക്കാട്: പമ്പ, ആനത്തോട് അണക്കെട്ടുകൾ തുറന്ന് വിട്ടതിന് പിന്നാലെ പമ്പ നദി കരകവിഞ്ഞൊഴുകി. ഇതോടെ പമ്പ ത്രിവേണിയിൽ കടകളടക്കം വെളളത്തിൽ മുങ്ങി. ശക്തമായ ഒഴുക്ക് ഇവിടെ തുടരുന്നതിനാൽ ശബരിമലയില്‍ ദര്‍ശനത്തിനെത്തരുതെന്ന് ദേവസ്വം ബോര്‍ഡ്. പമ്പാ നദിയ്ക്ക് കുറുകെയുള്ള പാലം പൂര്‍ണ്ണമായും വെള്ളം കയറിയ അവസ്ഥയിലാണ്. ഇത് കണക്കിലെടുത്താണ് നിര്‍ദ്ദേശം.

ത്രിവേണിയിൽ പുഴയ്ക്ക് കുറുകെയുളള പാലം വഴി യാത്ര ചെയ്യാൻ സാധിക്കാത്ത നിലയിലാണ്. ഇതിനാലാണ് ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ശബരിഗിരി പദ്ധതിയുടെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യമാണ്.

ഇന്ന് വൈകിട്ട് അഞ്ച് മണിക്കാണ് ശബരിമല ക്ഷേത്രനട തുറക്കേണ്ടത്. ഈ സമയത്താണ് പമ്പ ത്രിവേണി വെളളത്തിൽ മുങ്ങിക്കിടക്കുന്നത്. ഇന്ന് മുതൽ അയ്യപ്പന്മാർ ശബരിമലയിലേക്ക് വന്നുതുടങ്ങുമെന്നാണ് കരുതുന്നത്. എന്നാൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അണക്കെട്ടിൽ വെളളം തടഞ്ഞുനിർത്താൻ യാതൊരു നിർവ്വാഹവുമില്ല. പമ്പയിൽ കടകളെല്ലാം വെള്ളത്തിലാണ്.

വീണ്ടും ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ മലമ്പുഴ അണക്കെട്ടിന്റെ ഷട്ടർ 30 സെന്റിമീറ്റർ തുറന്നു. ഇവിടെ വാളയാർ അണക്കെട്ടിന്റെ ഷട്ടറുകളും ഉടൻ തുറന്നേക്കും. ഇതോടെ കൽപ്പാത്തിപ്പുഴയിൽ വെള്ളം ഉയരുകയാണ്. ഇതിന് പുറമെ ബാണാസുരസാഗർ അണക്കെട്ടിലെ ജലം ഉയർത്തിയത് അവിടെയും പ്രയാസം സൃഷ്ടിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇടമലയാർ അണക്കെട്ടിലെ വെളളം തുറന്നുവിടുന്നതിന്റെ തോത് വർദ്ധിപ്പിച്ചിട്ടുണ്ട്. മൂന്നിടങ്ങളിലും നദീതീരങ്ങളിലുള്ളവര്‍ക്കു ജാഗ്രത നിർദ്ദേശം നൽകി.

ഇടമലയാര്‍ അണക്കെട്ടിൽ നിന്ന് കൂടുതല്‍ വെള്ളം പുറത്തേക്കൊഴുക്കാന്‍ തുടങ്ങിയതോടെ പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. വാളയാർ ഡാം തുറക്കുന്നതിനു മുന്നോടിയായുള്ള ആദ്യ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. മൂഴിയാർ അണക്കെട്ടിന്റെ ഒരു ഷട്ടർ തുറന്നിട്ടുണ്ട്. കക്കാട് ആറിന്റെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം നൽകി.

അതേസമയം തൃശൂർ ചിമ്മിണി ഡാമിൽ നാലു ഷട്ടറുകൾ ഏഴര സെന്റിമീറ്റർ ഉയർത്തിയിട്ടുണ്ട്. വാഴാനി അണക്കെട്ടിലും നാല് ഷട്ടറുകളാണ് ഉയർത്തിയിരിക്കുന്നത്. പക്ഷെ മൂന്നര സെന്റിമീറ്റർ മാത്രമാണ് ഷട്ടറുകൾ തുറന്നിട്ടുളളത്.

പീച്ചി അണക്കെട്ടിന്റെ നാലു ഷട്ടറുകൾ രണ്ടു സെന്റിമീറ്റർ വീതം തുറന്നിട്ടുണ്ട്. തൃശ്ശൂരിലെ ഷോളയാർ അണക്കെട്ടിൽ ഒരു ഗേറ്റ് 45 സെന്റിമീറ്റർ ആണു തുറന്നത്. കോഴിക്കോട് കക്കയം ഡാമിന്റെ രണ്ടു ഷട്ടറുകൾ 15 സെന്റിമീറ്റർ വീതം തുറന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.