മലപ്പുറം: കനത്ത മഴയിലുണ്ടായ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ ആറ് പേരുടെ മരണത്തിന് ഇടയാക്കിയ ചെട്ടിയംപാറയിൽ വീണ്ടും ഉരുൾപൊട്ടിയേക്കും. ജിയോളജി വകുപ്പാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്.
ജില്ലാ ജിയോളജിസ്റ്റിന്റെ നേതൃത്വത്തിൽ സ്ഥലത്ത് നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഉരുൾപൊട്ടൽ ഭീതി നിലനിൽക്കുന്നതായ കണ്ടെത്തൽ. ഇവിടെ മഴ കുറഞ്ഞ ശേഷം വിശദമായ പരിശോധന നടത്താനാണ് തീരുമാനം.
ഈ സാഹചര്യത്തിൽ മലപ്പുറത്ത് ഈ മേഖലയിൽ ദുരിതാശ്വാസ ക്യാംപുകളിലുളളവരോട് തിരികെ വീട്ടിലേക്ക് പോകരുതെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ബുധനാഴ്ച രാത്രിയുണ്ടായ ഉരുള്പൊട്ടലില് മണ്ണിടിഞ്ഞ് വീണ് ചെട്ടിയാംപാറയില് ഒരു കുടുംബത്തിലെ ആറ് പേര് മരിച്ചിരുന്നു.
മഴക്കെടുതിയിൽ മലപ്പുറത്ത് മരിച്ച ആറ് പേരടക്കം സംസ്ഥാനത്ത് 29 പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാല് പേരെ കാണാതായിട്ടുണ്ട്. പാലക്കാടും എറണാകുളത്തും രണ്ട് പേർ വീതം മരിച്ചു. ഇടുക്കിയിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്. ഇവിടെ 12 പേർക്കാണ് ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടത്.
വയനാട്ടിൽ നാല് പേർക്ക് കാലവർഷക്കെടുതിയിൽ ജീവൻ നഷ്ടമായി. കണ്ണൂരിൽ രണ്ട് പേർ മരിച്ചപ്പോൾ കോഴിക്കോട് ജില്ലയിൽ ഒരാളാണ് മരിച്ചത്. സംസ്ഥാനത്ത് നാല് പേരെ ഒഴുക്കിൽപെട്ട് കാണാതായിട്ടുണ്ട്. അതേസമയം നൂറ് കണക്കിന് വീടുകൾക്കാണ് സംസ്ഥാനത്ത് കേടുപാടുകൾ സംഭവിച്ചത്.
വീടുകൾ നഷ്ടപ്പെട്ടവർക്ക് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീടുകൾ നിർമ്മിച്ച് നൽകുമെന്നാണ് ഇന്നലെ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. സ്ഥലം നഷ്ടപ്പെട്ടവർക്ക് ആറ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് പത്ത് ലക്ഷം രൂപ വീതവും, മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതവും നൽകും. രേഖകൾ നഷ്ടപ്പെട്ടവർക്ക് പ്രത്യേക അദാലത്തുകൾ വിളിച്ചുചേർത്ത് രേഖകൾ അനുവദിക്കാനാണ് സർക്കാർ തീരുമാനം. ഇതിന് ഫീസീടാക്കില്ല.