കൊച്ചി: കനത്ത മഴയിൽ ദുരിതം അനുഭവിക്കുന്ന ഏഴ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മഴ ശക്തമായി തുടരുന്നതും സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതുമാണ് ഇവിടങ്ങളിൽ അവധി പ്രഖ്യാപിക്കാൻ കാരണം.

വയനാട് ജില്ലയിലെ പ്രഫഷണൽ കോളേജ് അടക്കമുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്കും അങ്കണവാടികൾക്കും ബാധകം. ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കോഴിക്കോട് ജില്ലയിൽ അവധി പ്രഖ്യാപിച്ചു.

മലപ്പുറം ജില്ലയിലെ പ്രൊഫഷനൽ കോളേജുകൾ അടക്കമുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. കനത്ത മഴയാണ് പാലക്കാട് ജില്ലയിൽ തുടരുന്നത്. ഇവിടെയും പ്രൊഫഷണൽ കോളേജുകൾ അടക്കമുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്.

എറണാകുളത്ത് ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മാത്രമാണ് ജില്ല കലക്ടർ മുഹമ്മദ് വൈ.സഫീറുളള അവധി പ്രഖ്യാപിച്ചത്. അതേസമയം ഇടുക്കിയിൽ കനത്ത മഴ തുടരുന്ന ഇടുക്കി, ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ പ്രഫഷനൽ കോളേജുകളും അങ്കണവാടികളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്.

പത്തനംതിട്ട ജില്ലയിൽ തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കാണ് അവധി. കണ്ണൂർ സർവ്വകലാശാല ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ