തിരുവനന്തപുരം: സംസ്ഥാനം നേരിട്ട കാലവർഷക്കെടുതിയിൽ കേന്ദ്രത്തിൽ നിന്ന് അനുകൂല നിലപാടാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രി നേരിട്ട് വിളിച്ച് കാര്യങ്ങൾ ചോദിച്ചതും ആഭ്യന്തര മന്ത്രി നേരിട്ടെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചതും കേന്ദ്രത്തിന്റെ അനുകൂല നിലപാടിന്റെ തെളിവാണെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാനം നേരിട്ട എക്കാലത്തെയും വലിയ ദുരന്തമായിരുന്നു ഈ കാലവർഷ കെടുതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. 20,000 ത്തിലേറെ വീടുകൾ തകർന്നതും 60,000 ത്തോളം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയേണ്ടി വന്നതും ഇതാദ്യമായാണ്. 27 അണക്കെട്ടുകൾ തുറക്കേണ്ടി വന്ന സാഹചര്യം മുൻപ് ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് 38 പേർക്ക് ജീവൻ നഷ്ടമായി. നാല് പേരെ കാണാതായിട്ടുണ്ട്. ഇവർക്കായി തിരച്ചിൽ നടത്തുന്നുണ്ട്. സംസ്ഥാനത്താകമാനം 60,000 ത്തോളം കൃഷി ഭൂമികൾ ഇല്ലാതായി. ഈ സാഹചര്യത്തിൽ ഇത്തവണത്തെ ഓണാഘോഷം റദ്ദാക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

“ഒരു വശത്ത് ദുരിതാശ്വാസത്തിന് തുക വേണമെന്ന് അപേക്ഷിക്കുകയും മറ്റൊരു വശത്തുകൂടി ആഘോഷത്തിന് പണം ചിലവഴിക്കുകയും ചെയ്യുന്ന രീതി ശരിയല്ല” എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം സംസ്ഥാനത്തെ സർക്കാർ ജീവനക്കാരോട് രണ്ട് ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. രണ്ട് ദിവസം എങ്കിലും ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞവർക്ക് 10000 രൂപ അടിയന്തിര സഹായമായി നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

വിവിധ ജില്ലകളിലെ ഓണാഘോഷ പരിപാടികൾക്ക് 35 കോടിയോളം രൂപ വിനോദസഞ്ചാര വകുപ്പ് ചെലവിടുന്നുണ്ട്. ഇത് പൂർണ്ണമായും ഒഴിവാക്കും. കുട്ടനാട്ടിലെ വെള്ളപ്പൊക്കവും ദുരിതവും കണക്കിലെടുത്ത് ആലപ്പുഴയിൽ നടക്കേണ്ടിയിരുന്ന നെഹ്‌റുട്രോഫി വള്ളം കളി മാറ്റിവച്ചിരുന്നു. പക്ഷെ വള്ളംകളി പൂർണമായി മാറ്റിവച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാഹചര്യം മെച്ചപ്പെട്ട ശേഷം വള്ളംകളി നടത്തുന്ന കാര്യം ആലോചിക്കുമെന്നും പിണറായി പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ