Kerala Floods: കൊച്ചി: പ്രളയം കേരളത്തെ അക്ഷരാർത്ഥത്തിൽ സ്തംഭിപ്പിച്ച ഓഗസ്റ്റ് മാസത്തിലെ മൂന്നാം വാരം. ഓഗസ്റ്റ് 18 ന് വൈകിട്ട് ആറരയോടെയാണ് തൃശ്ശൂർ ബസ് സ്റ്റാന്റിലെത്തുന്നത്. തൃശ്ശൂരിൽ നിന്ന് ചാലക്കുടി പുഴയോ പെരിയാറോ കടന്ന് കൊച്ചിയിലെത്തണമെന്നായിരുന്നു ലക്ഷ്യം. എന്നാൽ എങ്ങിനെ പോകും എന്നതായിരുന്നു അങ്കലാപ്പ്.

തൃശ്ശൂരിൽ എത്തിയപ്പോഴേക്കും കേട്ടത് ഒരു ശുഭവാർത്തയാണ്. അങ്കമാലി വരെ പോകാം. അവിടെ നിന്ന് ടോറസിൽ ആളുകളെ പെരിയാർ കടത്തിവിടുന്നുണ്ട്. പിന്നെ മെട്രോയിൽ കയറി കൊച്ചിയിലെത്താം. വൈകുന്നേരമാണ്, വേലിയിറക്കം ഉണ്ട്, പെരിയാറിൽ വെളളം കുറഞ്ഞു. അതിനാൽ തന്നെ പോകാനാവും എന്നൊരു ഉറപ്പുണ്ടായി. രാത്രി പതിനൊന്നോടെയെങ്കിലും കൊച്ചിയിലേക്ക് എത്താനാവുമെന്ന് പ്രതീക്ഷയായിരുന്നു അപ്പോൾ.

കോട്ടയം ബോർഡ് വച്ച കെഎസ്ആർടിസി ബസ് അങ്കമാലി വരെ പോകുമെന്ന് അനൗൺസ്മെന്റ് കേട്ടാണ് ബസിൽ കയറിയത്. ഒരാൾ അൽപ്പം വലിയൊരു ട്രോളി കെഎസ്ആർടിസി ബസിന്റെ സീറ്റിനടിയിലേക്ക് വയ്ക്കാൻ കഷ്ടപ്പെടുകയായിരുന്നു. അയാൾക്കൊപ്പം ആ സീറ്റിൽ ഞാനുമിരുന്നു. ക്ഷീണിതനായിരുന്നു അയാൾ. അലച്ചിലിന്റെ ഭാരം മുഖത്ത് കാണാനുണ്ടായിരുന്നു. ഒരു ദീർഘയാത്രയുടെ പാതിയിലാണ് അയാളെന്ന് തോന്നി.

“എവിടെ നിന്നാണ്?” ഞാൻ ചോദിച്ചു. “യാൻബൂ” അയാൾ പറഞ്ഞു. ഏഷ്യാ-ആഫ്രിക്ക വൻകരയ്ക്കിടയിൽ ചെങ്കടലിന്റെ തീരത്തോട് ചേർന്ന് കിടക്കുന്ന ഒരു നാട്. സൗദി അറേബ്യയുടെ ഭാഗമാണവിടം. പിന്നീടയാൾ പറഞ്ഞത് ഒരു കഥയാണ്. പ്രളയകാലത്ത് ഒരു പ്രവാസിയുടെ നാട്ടിലേക്കുളള യാത്ര.

എറണാകുളം കാക്കനാട് സ്വദേശിയായ ബിജു, ഐടി കമ്പനിയായ വിപ്രോയിൽ സൊല്യൂഷൻ ആർകിടെക്റ്റാണ്. യാൻബൂവിൽ ഒരു പ്രൊജക്ടിന്റെ ഭാഗമായാണ് അദ്ദേഹം പോയത്. “ഇതിനോടകം ഏതാണ്ട് 15 ഓളം വാഹനങ്ങൾ മാറിക്കയറിയാണ് യാത്ര ചെയ്‌തത്. വിമാനടിക്കറ്റിനടക്കം 50,000 രൂപയോളം യാത്രയ്ക്ക് ചിലവായിട്ടുണ്ട്. മൂന്ന് ദിവസത്തോളം നീണ്ടുനിന്ന യാത്രയാണ്. ജീവിതത്തിൽ ഒരിക്കലും ഇങ്ങിനെയൊരു യാത്ര അനുഭവത്തിലില്ലായിരുന്നു. മലയാളികൾ എത്രത്തോളം മനുഷ്യത്വമുളളവരാണ് എന്ന് പഠിച്ച യാത്രയാണിത്,” ബിജു പറഞ്ഞു.

ഭാര്യ അപർണയും മകൻ ആറ് വയസുകാരൻ സിദ്ധാർത്ഥിന്റെയും അരികിലേക്ക് എത്രയും വേഗത്തിൽ എത്തിച്ചേരാനായിരുന്നു ശ്രമം. ഏറിയാൽ രണ്ട് വിമാനങ്ങളും രണ്ട് ടാക്സികളിലും അര ദിവസം കൊണ്ട് അവസാനിക്കേണ്ടുന്ന യാത്രയാണ് 57 മണിക്കൂറും 15 വാഹനങ്ങളിലുമായി നീണ്ടത്.

ബിജുവിന്റെ കഥ

യാൻബൂവിൽ നിന്ന് ജിദ്ദയിലേക്കുളള യാത്രക്കിടെ പകർത്തിയത്

യാൻബൂവിൽ നിന്ന് ജിദ്ദ വഴി മുംബൈ പിന്നെ കോയമ്പത്തൂർ

ഓഗസ്റ്റ് 16 ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് യാൻബൂവിൽ നിന്ന് കൊച്ചിയിലേക്കുളള യാത്ര തുടങ്ങിയത്. കൈയ്യിൽ ഒരു ബാക്‌പാക്കും, ട്രോളിയും പിന്നൊരു ഹാന്റ്ബാഗുമായി ഒരു ടാക്സിയിൽ നേരെ ജിദ്ദയിലേക്ക്. ഏതാണ്ട് 350 കിലോമീറ്റർ ദൂരമുളള സ്ഥലം. യാത്ര പുറപ്പെടുമ്പോൾ കൊച്ചിയിലെ സ്ഥിതി അത്രയും മോശമാണെന്ന് അറിയില്ലായിരുന്നു. ജിദ്ദയിൽ നിന്ന് മുംബൈയിലേക്കും അവിടെ നിന്ന് കൊച്ചിയിലേക്കുമായിരുന്നു യാത്ര ഉദ്ദേശിച്ചത്. എന്നാൽ ജിദ്ദയിലെത്തും മുൻപ് തന്നെ കൊച്ചി വിമാനത്താവളം അടച്ചതായി അറിയിപ്പ് വന്നു. മുംബൈയിൽ നിന്ന് കോഴിക്കോടേക്കോ തിരുവനന്തപുരത്തേക്കോ വിമാനടിക്കറ്റിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. കോയമ്പത്തൂരേക്കുളള വിമാനടിക്കറ്റാണ് ലഭിച്ചത്.

16 ന് രാത്രി ഒൻപത് മണിക്കായിരുന്നു ജിദ്ദയിൽ നിന്നുളള വിമാനം. 17 ന് പുലർച്ചെ അഞ്ച് മണിക്ക് മുംബൈ വിമാനത്താവളത്തിൽ. അവിടെ ഏഴ് മണിക്കൂർ നീണ്ട കാത്തിരിപ്പ്. 11.50 ന് കോയമ്പത്തൂരേക്കുളള വിമാനം കിട്ടി. 1.50 നാണ് കോയമ്പത്തൂരില്‍ വിമാനം എത്തിയത്. ഇവിടെ നിന്നാണ് ദുരിത പർവ്വം തുടങ്ങുന്നത്.

കൊച്ചിയിലേക്കുളള ട്രെയിനായിരുന്നു ബിജുവിന്റെ ലക്ഷ്യം. എന്നാൽ “നോ ട്രെയിൻസ് ടു കേരള” എന്ന മറുപടിയാണ് ലഭിച്ചത്. പിന്നീട് ടാക്‌സി വിളിച്ചു. വാളയാർ വരെ പോകാമെന്ന് പറഞ്ഞ ഡ്രൈവർമാർ പിന്നീട് പാലക്കാട് വരെ പോകാമെന്ന് സമ്മതിച്ചു. പാലക്കാടേക്ക് 1700 രൂപയായിരുന്നു ടാക്സി വാടക.

പാലക്കാട് സ്റ്റാന്റിൽ ഒരു മണിക്കൂർ നീണ്ട കാത്തിരിപ്പ്. പലരെയും കണ്ടു പലരോടും കാര്യങ്ങൾ തിരക്കി. എറണാകുളത്ത് പിറവത്തേക്ക് പോകേണ്ട ഡിഞ്ചുവും ഭാര്യയും കുഞ്ഞും കോയമ്പത്തൂരിൽ വിദേശത്തേക്ക് പോകാനുളള ഇന്റർവ്യൂ കഴിഞ്ഞ് വരികയായിരുന്നു. ഇവർക്കൊപ്പം അവരുടെ ഏജന്റുമുണ്ടായിരുന്നു. അവധിക്ക് സ്വന്തം നാടായ തൊടുപുഴയ്ക്ക് പോയ ഷാജിയും ചേർന്ന് പാലക്കാട് നിന്നും ഒരു ഇന്നോവ പിടിച്ചു. കൊടുങ്ങല്ലൂർ വഴി മാല്യങ്കരയിലൂടെ ചെറായി വഴി എറണാകുളത്തേക്ക് കടക്കാനായിരുന്നു അഞ്ച് പേരും ഒരു കൈക്കുഞ്ഞും അടങ്ങിയ കുടുംബത്തിന്റെ ശ്രമം.

“ടയറിന് മുകളിൽ വെളളം കയറിയാൽ അവിടെ നിർത്തും”

പാലക്കാട് നിന്ന് പുറത്ത് കടക്കാൻ സഹായിക്കാമെന്നേറ്റ തൃശ്ശൂരുകാരനായ ഇന്നോവ ഡ്രൈവർ ഇവരോട് പറഞ്ഞതാണത്. “ടയർ വരെയേ വെളളം ഉളളൂവെങ്കിൽ ഞാനോടിക്കും. അതിന് മുകളിലായാൽ ഞാൻ റിവേഴ്‌സ് എടുക്കും. പിന്നെയും മുന്നോട്ട് പോകില്ല. നിങ്ങൾ അവിടെ നിന്ന് നടന്ന് പോകേണ്ടി വരും.”

മറ്റൊന്നും അവർ ആലോചിച്ചില്ല. എല്ലാവർക്കും എങ്ങിനെയെങ്കിലും അവിടെ നിന്ന് പുറത്തുകടന്നാൽ മതി. അപ്പോൾ സമയം 3.30. പട്ടാമ്പിയിലെത്തിയപ്പോൾ ആദ്യ തടസം. പട്ടാമ്പി പാലം അപകടാവസ്ഥയിലാണ്. അതുവഴി കടക്കാനാവില്ലെന്ന് പറഞ്ഞ് പൊലീസ് മടക്കി. കൂറ്റനാട് വഴി പെരുമ്പിലാവിലേക്ക് കടന്ന് ദേശീയപാത പിടിച്ചപ്പോഴേക്കും സമയം ഏഴരയായിരുന്നു. അവിടെ നിന്നും കൊടുങ്ങല്ലൂരേക്ക് പോയി. വഴിനീളെ റോഡ് തകർന്ന് തരിപ്പണമായിരുന്നു. എന്നാൽ മാല്യങ്കരയ്ക്ക് തൊട്ടുമുന്നിൽ പൊലീസ് വീണ്ടും തടഞ്ഞു.

കരകവിഞ്ഞൊഴുകിയ പുഴ

“വേലിയേറ്റമാണ്. വീടുകളുടെ രണ്ടാം നില വരെ വെളളം കയറി. അതുവഴി പോകാനാവില്ല,” അതായിരുന്നു പൊലീസിന്റെ മറുപടി. വഴിനീളെ നൂറിലധികം വാഹനങ്ങൾ നിർത്തിയിട്ടിരുന്നു. ഏതെങ്കിലും ലോഡ്‌ജിൽ തങ്ങുകയല്ലാതെ മറ്റ് വഴിയില്ല. എന്നാൽ ഏത് ലോഡ്‌ജ്?

15ഓളം അംഗീകൃത ലോഡ്‌ജുകളുളള കൊടുങ്ങല്ലൂരിൽ എല്ലാ ലോഡ്ജുകളിലും രണ്ട് കുടുംബങ്ങൾ വരെയാണ് ഒരു മുറിയിൽ കഴിഞ്ഞിരുന്നത്. പലരും വരാന്തയിൽ കിടന്നുറങ്ങുന്നു. കുഞ്ഞിന്റെ കരച്ചിലടക്കാനാവാതെ ആശ്വസിപ്പിച്ച് അമ്മയും തളർന്നു. എവിടെയെങ്കിലും തങ്ങിയേ പറ്റൂ. പക്ഷെ ഒറ്റ ലോഡ്ജിലും ഈച്ചയ്ക്ക് പോലും ഇടമില്ലാത്ത സ്ഥിതി.

പോയ വഴി തിരികെ വന്ന് മൂന്നുപീടികയിലെത്തി. അവിടെ ചാന്ദ്‌വി എന്ന സ്ഥാപനത്തിൽ കയറി. എങ്ങിനെയെങ്കിലും തങ്ങാനനുവദിക്കണമെന്ന് കരഞ്ഞപേക്ഷിച്ചു. പക്ഷെ, വെളളം കയറിയ വീടുകളിൽ നിന്ന് രക്ഷപ്പെട്ടോടിയവരായിരുന്നു ആ ഹോട്ടലിൽ പാതിയും ശേഷിച്ചവർ ഇടത്താവളം തേടിയ യാത്രക്കാർ. റിസപ്ഷൻ മുറിയിലടക്കം ആളുകൾ കിടന്നുറങ്ങുന്നു.

ഈ സമയത്താണ് ഹോട്ടലുടമ അകത്ത് നിന്നും പുറത്തേക്ക് വന്നത്. അയാളവരെ ഹോട്ടലിലെ കോൺഫറൻസ് റൂമിലേക്ക് കൊണ്ടുപോയി. കസേരകൾ മാറ്റിയിട്ട് തറയിൽ കിടന്നുറങ്ങാൻ ഇടമൊരുക്കി. ആളൊന്നിന് ആയിരം രൂപ വച്ച് 5000 രൂപ വാങ്ങി കാറുടമ മടങ്ങി.

മലയാളി ആരെന്ന് പഠിച്ച യാത്ര

18 ന് രാവിലെ ഹോട്ടൽ വിട്ടിറങ്ങുമ്പോൾ ഉടമയക്ക് പണം നൽകാൻ ശ്രമിച്ചു. അയാളത് വാങ്ങിയില്ല. പണം നൽകി അപമാനിക്കരുതെന്നായിരുന്നു അയാളുടെ മറുപടി. “പ്രളയമാണ്. സർവ്വവും നഷ്ടപ്പെട്ട് അഭയം തേടി വന്നവരാണ് ഇവിടെ. ഞാനിപ്പോൾ കച്ചവടമല്ല  ചെയ്യുന്നത്,”  ഹോട്ടലുടമ പറഞ്ഞു.

ഇനിയും അലയാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി ഡിഞ്ചിയും സംഘവും അവിടെ തന്നെ തങ്ങി. പട്ടാളക്കാരനും ഞാനും മാത്രമായി. കൊടുങ്ങല്ലൂരേക്ക് പോയി. എന്നാൽ വെളളം കയറി രണ്ട് നില വീടിന്റെ മേൽക്കൂരയ്ക്ക് മുകളിലൂടെയാണ് ഒഴുകുന്നതെന്നും വഴി മനസിലാകില്ലെന്നും പൊലീസ് പറഞ്ഞു. ഒന്നും ചെയ്യാനില്ലാതെ ഇരുന്നു. കൈയ്യിലുണ്ടായിരുന്നത് യാൻബൂവിലെ സിമ്മാണ്. മറ്റൊരു സിമ്മിന് ശ്രമിച്ചിട്ട് അത് ലഭിച്ചതുമില്ല. എല്ലായിടത്തും ടവർ പ്രശ്നം.

Kerala Floods: കേരളത്തിന്‌ ഫെയ്‌സ്ബുക്കിന്റെ വക 1.75 കോടി

അതിനിടെ ചൂണ്ടലിൽ ബണ്ട് പൊട്ടി തിരികെ തൃശ്ശൂരിലേക്കുളള യാത്രയും വഴിമുട്ടി. അവിടെ റോഡ് ഒഴുകിപോയെന്ന് കേട്ടു. ബസ് സർവ്വീസുകൾ നിന്നു. വഴിയില്ലാതായി. അതിനിടെ തൊടുപുഴയിലേക്ക് പോകാൻ സാാധിക്കില്ലെന്ന് പട്ടാളക്കാരനെ അദ്ദേഹത്തിന്റെ കുടുംബം വിളിച്ചറിയിച്ചു. അയാൾ കൊടുങ്ങല്ലൂരിൽ നിന്ന് കോഴിക്കോട് ബസിൽ കയറി കോഴിക്കോടിന് പോകാൻ തീരുമാനിച്ചു. ഇതോടെ ഞാൻ വീണ്ടും ഒറ്റയ്ക്കായി.

ബസ് കാത്ത് കൊടുങ്ങല്ലൂർ സ്റ്റാന്റിൽ നിൽക്കുമ്പോഴാണ് മുളങ്കുന്നത്തുകാവിലേക്ക് പോകുന്ന മറ്റൊരാളെ കണ്ടത്. അദ്ദേഹവും ഞാനും ഒരു ഓട്ടോറിക്ഷ വിളിച്ച് പോകാമെന്ന് തീരുമാനിച്ചു. തൃശ്ശൂരേക്കുളള മറ്റൊരാൾ കൂടി ഈ സമയത്ത് വണ്ടിയിൽ കയറി. മൂന്നംഗ സംഘമായി വീണ്ടും യാത്ര തുടങ്ങി.

ബണ്ട് പൊട്ടിയതിനാൽ ഊടുവഴികൾ കയറിയാണ് ഓട്ടോറിക്ഷ തൃശ്ശൂരിലെത്തിയത്. വഴിയിൽ പലയിടത്തും വെളളം കയറി ഓട്ടോറിക്ഷ മുന്നോട്ട് പോകാനാവാതെ വഴിമുട്ടി. എങ്കിലും അയാൾ തൃശ്ശൂരിലേക്ക് എത്തിച്ചു. സമയം അപ്പോഴേക്കും ആറ് മണി കഴിഞ്ഞിരുന്നു. പലരുടെയും ഫോണിൽ നിന്ന് മാറി മാറി ഭാര്യയെ വിളിച്ച് വിവരങ്ങൾ ചോദിച്ചു. അങ്കമാലി വരെ ബസ് പോകുന്നെന്ന് കണ്ടു. അവിടെ വരെയെങ്കിൽ അവിടെ വരെ എന്നാണ് കരുതിയത്.

വീട് ഒരു കാതമകലെ…

രാത്രി എട്ടരയോടെയാണ് അങ്കമാലിയിൽ എത്തിയത്. അപ്പോഴേക്കും വെളളം ഇറങ്ങിത്തുടങ്ങിയിരുന്നു. തിരുവനന്തപുരത്തേക്കുളള കെഎസ്ആർടിസി ബസിലായിരുന്നു യാത്ര. ബ്ലോക്കുണ്ടായിരുന്നു. ആലുവ പാലം കടന്നതും ബസ് നിർത്തി. തിരുവനന്തപുരത്തേക്ക് പോകാൻ സാധിക്കില്ലെന്നും അതിനാൽ ബസ് കുറച്ച് കഴിഞ്ഞേ യാത്ര തുടരൂ എന്നും ജീവനക്കാർ പറഞ്ഞു.

‘പുതിയ കേരളം സൃഷ്‌ടിക്കും, ലോകസമൂഹം കരുത്ത് പകരുന്നു, പ്രത്യേക നിയമസഭാ സമ്മേളനം ഓഗസ്റ്റ് 30 ന്’

മെട്രോ ആയിരുന്നു അടുത്ത രക്ഷാമാർഗം. പക്ഷെ എത്രയും വേഗം വീട്ടിലെത്തണമെന്ന ചിന്തയായിരുന്നു മനസിലുണ്ടായിരുന്നത്. മെട്രോ വളരെ പതുക്കെയാണ് സർവ്വീസ് നടത്തിയത്. ഞാൻ കളമശേരിയിൽ ഇറങ്ങി. മെട്രോ സ്റ്റേഷനിൽ നിന്ന് പുറത്തെത്തിയപ്പോഴാണ് തീരുമാനം തെറ്റായിരുന്നോ എന്ന് തോന്നിയത്.

ചുറ്റും ഇരുട്ട് മാത്രം. ഒറ്റ വാഹനം പോലും എവിടെയും കാണാനില്ലായിരുന്നു. മുന്നോട്ട് നടക്കാൻ തീരുമാനിച്ചു. ഈ സമയത്ത് ഒരു ബൈക്ക് വന്ന് നിന്നു. ഏതാണ്ട് പത്ത് മിനിറ്റോളം ഞാൻ നടന്നിരുന്നു. അയാൾ എന്നെ ബൈക്കിലേക്ക് വിളിച്ചുകയറ്റി. ടാക്സിയും ഓട്ടോയും ഒന്നും സർവ്വീസ് നടത്തുന്നില്ലെന്ന് അവിടെ വച്ചാണ് അറിഞ്ഞത്. അയാൾ എന്നെ ഇടപ്പളളി ടോളിൽ വിട്ടു. അവിടെ ഒരൊറ്റ ഓട്ടോറിക്ഷ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ആ ഓട്ടോറിക്ഷയിലാണ് കാക്കനാട്ടെ വീട്ടിലേക്ക് എത്തിയത്.

ഏറിയാൽ 14 മണിക്കൂറും രണ്ട് വീതം വിമാനങ്ങളും ടാക്‌സികളും 30000 ത്തിൽ താഴെ രൂപയും ആവശ്യമായി വന്നേക്കാവുന്ന ഒരു യാത്രയാണ്. അതാണ് 57 മണിക്കൂറും 15 വാഹനങ്ങളും 50000 ത്തോളം രൂപയും വരെയെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.