തിരുവനന്തപുരം: സംസ്ഥാനത്ത് രക്ഷാപ്രവർത്തനം അന്തിമഘട്ടത്തിലേക്ക് അടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇന്ന് മാത്രം 22000ത്തിലേറെ പേരെ രക്ഷപ്പെടുത്തി. പക്ഷെ 13 പേർക്ക് ജീവൻ നഷ്ടമായി.

കക്കിയിലും പമ്പയിലും ശക്തമായ മഴ വീണ്ടും പെയ്യുന്നതായി രാത്രി വൈകി  റിപ്പോർട്ടുകൾ. മഴ ശക്തമായി പെയ്താൽ ആനത്തോട്, പമ്പ ഡാമുകളിൽ നിന്നും കൂടുതൽ വെളളം തുറന്നുവിടേണ്ടി വരുമെന്ന് ഇക്കാര്യം പത്തനംതിട്ട, ആലപ്പുഴ ജില്ലാ കലക്ടർമാരെയും ദുരന്ത നിവാരണ അതോറിട്ടിയെയും എക്സിക്യൂട്ടീവ് എൻജിനിയർ തുടങ്ങിയ അധികൃതരെയെല്ലാം അറിയിച്ചതായി മുലപ്പെരിയാറിലെ ഉദ്യോസ്ഥനായ ജയിംസ് വിൽസൺ ട്വീറ്റിൽ വ്യക്തമാക്കുന്നു.

രാത്രി 10.21 ഓടെയാണ് ജയിംസ് വിൽസൺ ആശങ്കാജനകമായ ഈ ട്വീറ്റ് ചെയ്തിരിക്കുന്നത്.

പലയിടങ്ങളിലും ദുരിതാശ്വാസ ക്യാംപുകളിലേക്ക് നിരവധി പേരെ മാറ്റിക്കഴിഞ്ഞു. ഇപ്പോഴും ആളുകള്‍ കുടുങ്ങിക്കിടക്കുന്ന ചെങ്ങന്നൂരില്‍ അടക്കം ഇന്ന് തന്നെ എല്ലാവരേയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീക്കാനാണ് രക്ഷാപ്രവര്‍ത്തകരുടെ ശ്രമം.

എല്ലായിടത്തും കുടുങ്ങിക്കിടക്കുന്ന എല്ലാവരെയും രക്ഷപ്പെടുത്താനുളള ശ്രമം തുടരും. ദുരിതാശ്വാസ പ്രവർത്തനത്തിനാണ് ഇനി ശ്രദ്ധിക്കേണ്ടത്. ശുചിത്വ പ്രവർത്തനങ്ങളിൽ കൂടുതൽ ജാഗ്രതയോടെ ഇടപെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ വീടുകളിലും സർക്കാർ കൂടി ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തും.

വ്യക്തവും കൃത്യവുമായ ഏകോപനമാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നടന്നത് എന്ന് മുഖ്യമന്ത്രി വിലയിരുത്തി. 22 ഹെലിക്കോപ്റ്റര്‍, 83 നാവികസേന ബോട്ടുകള്‍, 57 എന്‍പിആര്‍എഫ് ബോട്ടുകള്‍, 5 ബിഎസ്എഫ് ബോട്ടുകള്‍, 35 കോസ്റ്റല്‍ ബോട്ട്, 25 സൈനിക എഞ്ചിനിയറിങ് യൂണിറ്റ്, 59 കേരളാ ഫയര്‍ഫോഴ്സ് ബോട്ടുകള്‍, തമിഴ്നാട് ഫയര്‍ ഫോര്‍സിന്റെയും ഒഡീഷ ഫയര്‍ ഫോഴ്സിന്റെയും ബോട്ടുകള്‍ എന്നിവയാണ് ഇന്നത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായത്. വിവിധ സ്ഥലങ്ങളിലായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് മത്സ്യബന്ധന തൊഴിലാളികളുടെ മുപ്പതിനായിരത്തില്‍പരം ബോട്ടുകളാണ്.

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം

Kerala Floods Live Updates: പ്രളയക്കെടുതിയുടെ തത്സമയ വിവരങ്ങൾ

12.00 AM: ഇടുക്കിയിലെ ജലനിരപ്പ് ഉയരുന്നു. ഇതേസമയം തന്നെ തമിഴ് നാട്ടിലെ വൈഗാ ഡാമിന്റെ ഷട്ടറുകളെല്ലാം തുറന്നതായും റിപ്പോർട്ട്. മുല്ലപ്പെരിയാറിലെ വെളളം തമിഴ്നാട്ടിൽ ശേഖരിക്കുന്നത് വൈഗാ ഡാമിലാണ്.

Kerala Floods: മഴ കുറഞ്ഞു, ഇടുക്കി ഡാമിൽ ജലനിരപ്പ് കുറയുന്നില്ല: വൈഗാ ഡാമിന്റെ ഏഴ് ഷട്ടറുകൾ​ തുറന്നു

11.30PM: കക്കിയിലും പമ്പയിലും ശക്തമായ മഴ പെയ്യുന്നുവെന്നും അത് തുടർന്നാൽ ആനത്തോട്, പമ്പ ഡാമുകളിൽ നിന്നും കൂടുതൽ വെളളം ഒഴുക്കിവിടേണ്ടി വരുമെന്നും റിപ്പോർട്ട്.

7.05 pm: വടക്കൻ പറവൂർ നിന്നും എറണാകുളത്തേക് ചെറായി വൈപ്പിൻകര വഴി അര മണിക്കൂർ ഇടവിട്ട് കെഎസ്ആർടിസി ബസുകൾ ഓടുന്നുണ്ട്.

6.50 pm: കേരളത്തിൽ അടുത്ത പത്ത് ദിവസം ശക്തമായ മഴ ഉണ്ടാവില്ലെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യനമർദ്ദം വടക്ക് ദിശയിലേക്ക് മാറിയതാണ് സംസ്ഥാനത്തിന്റെ അനുകൂല സാഹചര്യം ഉണ്ടാക്കിയത്.

6.40 pm: ഈദ് ആഘോഷത്തിനായി നീക്കിവച്ച തുകയിൽ നിന്ന് 10 ശതമാനം എങ്കിലും കേരളത്തിലെ മഴക്കെടുതി നേരിടാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നീക്കിവയ്ക്കണം എന്ന് ഇസ്ലാമിക് സെന്റർ ഓഫ് ഇന്ത്യ.

6.30 pm: എറണാകുളത്ത് കുടിവെള്ളം വിതരണം ചൊവ്വാഴ്ച ഭാഗികമായി പുനസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് വാട്ടർ അതോറിറ്റി എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. ആലുവ നഗരത്തിലെ ചില ഭാഗങ്ങളിൽ കുടിവെള്ള വിതരണം ഭാഗികമായി പുനസ്ഥാപിച്ചിട്ടുണ്ട്.

6.05 pm: നാവികസേനയുടെ ദുരിതാശ്വാസ പ്രവർത്തനം. സി17 എയർക്രാഫ്റ്റിൽ നിന്നുളള ദൃശ്യം

6.00 pm: പ്രളയക്കെടുതിയിൽ അകപ്പെട്ട കേരളത്തിന് ലോകം മുഴുവൻ സഹായവുമായി നിൽക്കുമ്പോൾ റെയിൽവെയ്ക്ക് എതിരെ ആക്ഷേപം. സൗജന്യ യാത്ര അനുവദിക്കേണ്ട ഘട്ടത്തിൽ സ്പെഷ്യൽ ട്രെയിനിന്ന് അധിക നിരക്ക് ഈടാക്കി പിഴിയുന്നുവെന്നാണ് ആക്ഷേപം.

5.50 pm: പ്രളയത്തില്‍ മുങ്ങിയ കേരളത്തിന് വേണ്ടി എല്ലാവരും ഒന്നിക്കണമെന്നും അന്താരാഷ്ട്ര സമൂഹം കേരളത്തെ സഹായിക്കണമെന്നും കത്തോലിക്ക സഭ പരമാദ്ധ്യക്ഷൻ പോപ് ഫ്രാൻസിസ്. ”തുടര്‍ച്ചയായ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും കേരളത്തിലെ ജനങ്ങള്‍ കഷ്ടപ്പെടുകയാണ്. നിരവധിയാളുകള്‍ക്ക് ജീവന്‍ നഷ്ടമാകുകയും പലരേയും കാണാതാകുകയും ചെയ്തു. നിരവധിയാളുകള്‍ക്ക് വീടുകള്‍ ഉപേക്ഷിക്കേണ്ടി വന്നു. വീടുകളും കാര്‍ഷിക വിളകളും വന്‍തോതില്‍ നശിച്ചു. കേരളത്തിലെ സഹോദരീ സഹോദരന്മാര്‍ക്കുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ഐക്യദാര്‍ഢ്യവും പിന്തുണയും ഒട്ടും വൈകരുത്” മാർപാപ്പ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

5.40 pm: കൊച്ചി താലൂക്കിൽ 65 ക്യാമ്പുകൾ, 22588 കുടുംബങ്ങൾ, 80245 അംഗങ്ങൾ. മൂവാറ്റുപുഴ താലൂക്കിൽ 88 ക്യാമ്പുകൾ, 6092 കുടുംബങ്ങൾ, 22901 അംഗങ്ങൾ. കണയന്നൂർ 164 ക്യാമ്പുകൾ, 5069 കുടുംബങ്ങൾ, 30347 അംഗങ്ങൾ. കുന്നത്തുനാട് 88 ക്യാമ്പുകൾ, 7763 കുടുംബങ്ങൾ, 36420 അംഗങ്ങൾ. കോതമംഗലം 28 ക്യാമ്പുകൾ, 1418 കുടുംബങ്ങൾ, 5171 അംഗങ്ങൾ. പറവൂരിൽ 171 ക്യാമ്പുകൾ, ആലുവ 129 ക്യാമ്പുകൾ.

5.34 pm: ക്യാംപുകളിൽ നിന്ന് വീടുകളിലേക്ക് പോകുന്ന എല്ലാവർക്കും സാധാരണ നിലയിൽ ജീവിതം ആരംഭിക്കുന്നതിന് എല്ലാ സഹായവും സർക്കാർ നൽകും. മുഖ്യമന്ത്രിയുടെ വാർത്തസമ്മേളനം അവസാനിച്ചു.

5.30 pm: കരക്കടിഞ്ഞ പ്ലാസ്റ്റിക് മാലിന്യങ്ങൾ തിരികെ പുഴയിലേക്ക് നിക്ഷേപിക്കരുത്. പ്ലാസ്റ്റിക് സംസ്കരിക്കാനുളള നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി.

5.28 pm: ക്യാംപുകളുടെ എണ്ണം 5649. ക്യാംപുകളിൽ കഴിയുന്നവരുടെ എണ്ണം 724649. ഇന്ന് മരിച്ചവർ 13. രക്ഷപ്പെടുത്തിയത് 22034 പേരെ.

5.25 pm: ദുരന്തം നേരിടുന്ന കാര്യത്തിൽ മാതൃകയാവാൻ നമുക്ക് സാധിക്കണമെന്ന് മുഖ്യമന്ത്രി. ഇത്തരം ദുരന്തം ഇനിയും ഉണ്ടായാൽ നാമുദ്ദേശിക്കുന്ന രീതിയിൽ ഇനിയും ഇടപെടാൻ സാധിക്കണമെന്നും അതിന് സർക്കാർ ഒപ്പമുണ്ടാകുമെന്ന ഉറപ്പും മുഖ്യമന്ത്രി നൽകി.

5.23 Pm: രക്ഷാപ്രവർത്തനത്തിന് കാണിച്ച ഒരുമയും യോജിപ്പും ദുരിതാശ്വാസത്തിനും നൽകണം. നാശനഷ്ടം വലുതായതിനാൽ ഒരു സഹായവും സർക്കാർ വേണ്ടെന്ന് വയ്ക്കില്ല. സർക്കാരിന് പുറത്തുനിന്നുളള സഹായം മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിലേക്ക് അയച്ചാൽ മതി. ഇടനിലക്കാരുടെ കൈയ്യിൽ പണം ഏൽപ്പിക്കേണ്ടെന്നും മന്ത്രി.

5.22 pm: രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട് മരിച്ചവരുടെ ത്യാഗോജ്ജ്വല ജീവിതത്തെ സർക്കാർ ഓർക്കുന്നു. ജനങ്ങളെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുളള ഭാരിച്ച ഉത്തരവാദിത്തം പൂർണ്ണമായ തോതിൽ നാം നിലനിർത്തണം.

5.20 pm: ഭക്ഷ്യവസ്തുക്കൾക്ക് വില കൂട്ടി വിറ്റതും, വ്യാജ വാർത്തകൾ പ്രചരിപ്പിച്ചവർക്കുമെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും.

5.17 pm: രക്ഷാപ്രവർത്തനത്തിൽ ഏർപെട്ട എല്ലാ മത്സ്യത്തൊഴിലാളികൾക്കും തദ്ദേശ സ്ഥാപനങ്ങൾ സ്വീകരണം നൽകണമെന്ന് നിർദ്ദേശം.

5.15 pm: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നല്ല നിലയിൽ പ്രവർത്തനങ്ങളിൽ ഇടപെട്ടു. അവരുടെ സേവനം വിലമതിക്കാനാവാത്തത്. ജനങ്ങൾക്ക് ഒപ്പം നിന്ന് പ്രവർത്തിച്ച ഭരണ-പ്രതിപക്ഷ എംഎൽഎമാർ വലിയ പങ്കുവഹിച്ചു.

5.14 pm: മനുഷ്യസ്നേഹത്തിന്റെ ഉജ്ജ്വലമായ സന്ദേശം മനസിലാവാഹിച്ച് വിവിധ മേഖലകളിൽ ഇടപെട്ട എല്ലാവരുടെയും ത്യാഗോജ്ജ്വല മനസിന്, വിവിധ സേനകളോടും മത്സ്യത്തൊഴിലാളികളോടും സന്നദ്ധ സംഘടനകളോടുമുളള നന്ദി കേരളത്തിന് വേണ്ടി രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി. രാപ്പകലില്ലാതെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച ചീഫ് സെക്രട്ടറി മുതൽ താഴേ തലം വരെയുളള ജീവനക്കാരോട് നന്ദിയോടെ സ്മരിക്കുന്നു.

5.12 pm: സർക്കാരിന്റെ ഇടപെടൽ ജനങ്ങളിലേക്ക് എത്തിക്കാൻ സഹായിച്ച മാധ്യമങ്ങളുടെ സഹായത്തെ നന്ദിയോടെ ഓർക്കുന്നു. ശുചിത്വം ആരോഗ്യം എന്നിവയിൽ ജനങ്ങളുടെ ഇടയിൽ അവബോധം ഉണ്ടാക്കാനുളള ഇടപെടൽ മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ.

5.10 pm: തങ്ങളുടെ സഹോദരങ്ങൾക്ക് സംഭവിച്ച ദുരന്തമായാണ് വിവിധ സംസ്ഥാന സർക്കാരുകളും ഇടപെട്ടത്. തെലങ്കാനയുടെ സഹായം നൽകാൻ അവിടുത്തെ ആഭ്യന്തര മന്ത്രി ഇവിടെയെത്തി. അതൊരു പ്രത്യേക മനസാണെന്ന് മുഖ്യമന്ത്രി. ഏറ്റവും ഒടുവിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി 10 കോടി രൂപ സഹായം വാഗ്ദാനം ചെയ്തു. മറ്റെന്തെങ്കിലും സഹായം വേണമെങ്കിൽ അറിയിക്കണമെന്നും മമത ബാനർജി പറഞ്ഞു. സഹോദര സ്നേഹത്തോടെ നമ്മുടെ ദു:ഖങ്ങളിൽ പങ്കുചേരാനും നേരിട്ടെത്തി സഹായം നൽകിയ ഒട്ടേറെ പേരെ ഈ ഘട്ടത്തിൽ ഓർക്കുകയും അഭിവാദ്യം അർപ്പിക്കുകയും ചെയ്യുന്നു.

5.09 pm: പ്രവാസികൾ ലോകത്തെവിടെയായാലും നാടിന്റെ ഭാഗമായാണ് ചിന്തിക്കുന്നതും നിലകൊളളുന്നതും. ഈ പ്രളയഘട്ടത്തിൽ അവർ വലിയ സഹായം വാഗ്ദാനം നൽകി. അവരുടെ സ്നേഹസമ്പൂർണ്ണമായ സഹകരണത്തിന് നന്ദി. രാജ്യത്തിന് പുറത്തുളള പ്രവാസികൾ സാധനങ്ങൾ, വസ്ത്രങ്ങൾ എന്നിവ നൽകുന്നതിന് പകരം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്ന് മുഖ്യമന്ത്രി.

5.08 pm: രക്ഷാപ്രവർത്തനത്തിന് കേന്ദ്രം വിവിധ തരം സഹായങ്ങൾ നൽകി. കൂടുതൽ സഹായധനം നൽകുമെന്ന് ഉറപ്പുനൽകിയതടക്കമുളള കാര്യങ്ങൾ സംസ്ഥാന സർക്കാർ നന്ദിയോടെ ഓർക്കുന്നു. ആവശ്യമായ എല്ലാ സഹായവും നൽകാൻ ഗവർണറും തയ്യാറായതിനെ പ്രത്യേകം സ്മരിക്കുന്നു.

5.05 pm: രക്ഷാപ്രവർത്തനത്തിന് വന്ന മത്സ്യത്തൊഴിലാളികൾക്ക് വളളത്തിന്റെ ഇന്ധനത്തിന് പുറമെ 3000 രൂപ വീതം ദിനംപ്രതി നൽകും. ദുരിതാശ്വാസത്തിന് വന്ന ബോട്ടുകൾക്ക് വന്ന തകരാർ പരിഹരിക്കാൻ തുക നൽകും. ബോട്ടുകൾ അതേപോലെ തിരിച്ചെത്തിക്കാനും നടപടി സ്വീകരിക്കും.

5.00 pm: നഷ്ടപ്പെട്ട രേഖകളും പാഠപുസ്തകങ്ങളും ലഭ്യമാക്കാൻ ഐടി അധിഷ്ഠിത സംവിധാനത്തിലൂടെ ഇത് ലഭ്യമാക്കും. എല്ലാ കുട്ടികൾക്കും സൗജന്യമായി പുതിയ പാഠപുസ്തകം ലഭ്യമാക്കും. എട്ട് ലക്ഷം പാഠപുസ്തകങ്ങൾ അടിച്ചുവച്ചിട്ടുണ്ട്. അത് കെബിപിഎസ് വിതരണം ചെയ്യും. കുട്ടികളുടെ യൂനിഫോം നൽകാൻ നടപടി.

4.55 pm: ഗതാഗത മേഖലയെ ശക്തിപ്പെടുത്തണം. റെയിൽവെ തടസ്സം നീക്കാൻ ഉന്നത റെയിൽവെ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. യുദ്ധകാലാടിസ്ഥാനത്തിൽ റെയിൽവെ പ്രവർത്തനം നടത്തും. അതോടൊപ്പം റോഡ് ഗതാഗത്തിന്റെ കാര്യത്തിൽ ദേശീയപാത അതോറിറ്റിയും പിഡബ്ല്യുഡിയും യോഗം ചേർന്നു. പ്രയാസകരമാണെങ്കിലും എല്ലാ റോഡുകളും പുനസ്ഥാപിക്കും. കെഎസ്ആർടിസിയുടെ ദീർഘദൂര സർവ്വീസുകൾ പുനസ്ഥാപിക്കും. റോഡ് തകർന്ന വകയിൽ 4421 കോടിയുടെ നഷ്ടം. 221 പാലങ്ങൾ പ്രളയത്തിൽപെട്ട് കേടുപാട് പറ്റി. ഇപ്പോഴും 51 പാലങ്ങൾ വെളളത്തിൽ. പുനരുദ്ധാരണത്തിനായി നേരത്തെ ഈ മേഖലയിലേക്ക് നീക്കിവച്ച 1000 കോടി രൂപ ഉപയോഗിക്കും.

4.54 pm: ശുചിത്വപ്രവർത്തനങ്ങൾ എങ്ങിനെ നടത്തണമെന്ന് മേൽനോട്ടം വഹിക്കാൻ എല്ലായിടത്തും ഹെൽത്ത് ഇൻസ്പെക്ടർമാരെ നിയോഗിക്കും. സഹകരിക്കാൻ തയ്യാറാകുന്ന എല്ലാ സംഘടനകളും പ്രവർത്തനത്തിൽ ഒന്നിച്ച് പങ്കുചേരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു പഞ്ചായത്തിൽ ആറ് പേരെ ഹെൽത്ത് ഇൻസ്പെക്ടർമാരെ നിയോഗിക്കും. കൂടുതൽ പേരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കും. ആരോഗ്യവകുപ്പിന്റെ അഡീണൽ ചീഫ് സെക്രട്ടറിയും തദ്ദേശസ്വയംഭരണ വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറിയും അടങ്ങുന്ന ഉപസമിതി ഈ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കും.

4.50 pm: എല്ലാ ദുരിതാശ്വാസ ക്യാംപിലും വനിത പൊലീസിനെ നിയമിക്കും. വീടുകളിൽ ചളി കെട്ടിക്കിടക്കാനുളള സാധ്യതയുണ്ട്. പകർച്ചവ്യാധികൾ പകരാമെന്ന സാധ്യ പരിഗണിച്ച് മാലിന്യ നിർമ്മാർജ്ജനത്തിന് ഹരിത കേരള മിഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂടി നേതൃത്വത്തിൽ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി.

4.49 pm: പുനരധിവാസ പ്രവർത്തനങ്ങൾക്ക് എല്ലാവിധ സഹായങ്ങളും നൽകും. വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്നവർക്ക് ഭക്ഷണത്തിന് ഫലപ്രദമായ നടപടികൾ സ്വീകരിച്ചതായി മുഖ്യമന്ത്രി.

4.45 pm: മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം തുടങ്ങി. സംസ്ഥാനത്ത് ആകെ ക്യാംപുകൾ 3734. രക്ഷപ്പെടുത്തിയത് 846680 പേരെ. രക്ഷാപ്രവർത്തനം ലക്ഷ്യത്തിലേക്ക് എത്തുന്നു. ഇനി ദുരിതാശ്വാസ പ്രവർത്തനം നടത്തണം. ജീവൻ രക്ഷിക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകിയതെന്ന് മുഖ്യമന്ത്രി.

4.00 pm: ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം തുറക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജയാണ് നിര്‍ദേശം നല്‍കിയത്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്ന് കൂടുതല്‍ ജീവനക്കാരെ ചെങ്ങന്നൂരിലേക്ക് ദുരിതാശ്വാസ പ്രവർത്തനത്തിനായി ചുമതലപ്പെടുത്തി. ജീവനക്കാർക്ക് അടിയന്തിര ആവശ്യങ്ങൾക്കല്ലാതെ അവധി നൽകരുതെന്നും നിർദ്ദേശം.

3.30 pm: കേരളം ഇപ്പോൾ നേരിടുന്ന പ്രളയ ദുരിതത്തിൽ ഏറ്റവുമധികം രക്ഷാപ്രവർത്തനം നടത്തിയ വിഭാഗമാണ് മത്സ്യത്തൊഴിലാളികൾ. ബോട്ടുകളിലേക്ക് ആളുകളെ കയറ്റുന്നതിനായി വെളളത്തിൽ മുട്ടുകുത്തി, മണ്ണിൽ കൈയ്യൂന്നി നിന്ന് സ്വന്തം ശരീരം ഒരു പടവാക്കി മാറ്റിയ മത്സ്യത്തൊഴിലാളിയുടെ വീഡിയോ ആണ് ഇന്ന് സമൂഹമാധ്യമത്തിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ടത്. ധീരനും മനുഷ്യസ്നേഹിയുമായ ആ മത്സ്യത്തൊഴിലാളി ഇദ്ദേഹമാണ്.

3.00 pm: സഹായത്തിന് സന്നദ്ധത  അറിയിച്ച് ഐക്യരാഷ്ട്ര സംഘടന. കേരള മുഖ്യമന്ത്രി പിണറായി വിജയന് ഐക്യരാഷ്ട്രസഭയുടെ ഇന്ത്യയിലെ റസിഡന്റ് കമ്മിഷണർ ഇമെയിലിൽ വിവരമറിയിച്ചു.

02 38 pm: ദേശിയ-സംസ്ഥാന പാതകൾ വഴിയുള്ള എല്ല സർവീസുകളും കെ എസ് ആർ ടി സി പുനസ്ഥാപിച്ചു

02.28 pm: പ്രളയം മുതലെടുത്ത് കൊച്ചിയിൽ സാധനങ്ങൾക്ക് കൊള്ളവില ഈടക്കുന്ന വ്യാപാരസ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാൻ ഭക്ഷ്യവകുപ്പ് ഉത്തരവിട്ടു

02.25 pm: കേരളത്തിലേക്ക് കൂടുതൽ വിമാന സർവ്വീസുകൾ നടത്തുമെന്ന് കോന്ദ്ര വ്യോമയാന മന്ത്രി

02.15 pm: കോട്ടയംവഴി ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു

02.00 pm: ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴക്ക് സാധ്യത

01.45 pm: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ വർദ്ധനവ്

01.37 pm: കോഴിക്കോട് കണ്ണാടികടവിൽ ഒഴിക്കിൽപ്പെട്ട് കാണാതായ സിദ്ധിക്കിന്റെ മൃതദേഹം കണ്ടെടുത്തു

01.27 pm: ദുരന്തനിവാരണ പ്രവർത്തനങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞ രാഷ്ട്രപതി, സംസ്ഥാനത്തിന് ഐക്യദാർഢ്യം അറിയിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു

01.26 pm: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഫോണിൽ വിളിച്ചതായി മുഖ്യമന്ത്രി

01.25 pm: അവസാന ആളെയും രക്ഷിക്കുന്നതിനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നതെന്ന് മുഖ്യമന്ത്രി

01.17 pm: ഒപ്പറേഷൻ ജലരക്ഷയുടെ ഭാഗമായി കേരള പോലിസും ഫയർഫോഴ്സും ചേർന്ന് രക്ഷിച്ചത് അമ്പതിനായിരത്തിലധികം ജീവനുകൾ

01.10 pm: സംസ്ഥാനത്താകെ ഏഴ്ലക്ഷത്തോളം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ

01.04 pm: തൃശ്ശുർ കരിവണ്ണുരിൽ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു

12.50 pm: പാണ്ടനാട് രക്ഷാപ്രവർത്തനത്തിനുപോയ ബോട്ട് കാണതെയായി

12.42 pm: പെരിയാറിൽ ജലനിരപ്പ് താഴുന്നു

12.33 pm: ചെങ്ങന്നൂരിലും ആലുവയിലും വെള്ളമിറങ്ങുന്നു

12.28 pm: രണ്ട് ദിവസത്തേക്ക് സംസ്ഥാനത്ത് ഒരിടത്തും മഴക്ക് സാധ്യതയില്ല

12.20 pm: ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കുന്നതിൽ രാഷ്ട്രീയമില്ലെന്ന് രമേഷ് ചെന്നിത്തല

12.10 pm: പ്രളയം മുതലെടുത്ത് കൊച്ചിയിലെ സൂപ്പർമാർക്കറ്റുകളിൽ, സാധനങ്ങൾക്ക് കൊള്ളവില

12.05 pm: പത്തനംതിട്ടയിൽ മഴ പൂണ്ണമായും വിട്ടുനിൽക്കുന്നു

12.00 pm: ആലപ്പുഴ നഗരത്തിന്റെ പലഭാഗങ്ങളിലും വെള്ളം ഉയരുന്നു

11.50 am: ആലപ്പുഴയിൽ രക്ഷാപ്രവർത്തനത്തിന് ബോട്ട് വിട്ടുനൽകാതിരുന്ന 4 ബോട്ടുടമകളെ അറസ്റ്റ് ചെയ്തു

11.45 am: പമ്പയാറിൽ വെള്ളം കുറഞ്ഞെങ്കിലും അച്ചൻകോവിലാർ നിറഞ്ഞൊഴുകുന്നു

11.35 am: കെ എസ് ആർ ടി സി പാലക്കാട് കുതിരാൻപാറ വഴി സർവീസ് പുനസ്ഥാപിച്ചു

11.30 am: പൊന്നാനി കോൾ പാടങ്ങളിൽ വെള്ളം ഉയരുന്നു

11.20 am: ഇടുക്കി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു, പുറത്തേക്ക് ഒഴുകുന്ന ജലത്തിന്റെ അളവ് 700 ഘനമീറ്ററായി കുറച്ചു

11.15 am: ചെങ്ങന്നൂരില്‍ കുടുങ്ങിക്കിടക്കുന്നവര്‍ വീട് വിട്ട് വരാന്‍ തയ്യാറാവണമെന്ന് വ്യോമസേനയുടെ അഭ്യര്‍ത്ഥന

11.10 am: കഴിയുന്നത്ര ചെറുവളളങ്ങളുമായി പറവൂരില്‍ എത്തണമെന്ന് അഭ്യര്‍ത്ഥന

11.00 am: എറണാകുളം-ഷൊര്‍ണൂര്‍-കോഴിക്കോട് ട്രെയിനുകള്‍ ഓടുന്നില്ല, അവലോകന യോഗം ചേര്‍ന്ന് തീരുമാനിക്കും

10.55 am: ചില രക്ഷാപ്രവര്‍ത്തന ബോട്ടുകളുമായി വയര്‍ലെസ് ബന്ധം നഷ്ടപ്പെട്ടു

10.50 am: ചെങ്ങന്നൂരില്‍ വെള്ളം താഴ്ന്നതോടെ മീന്‍പിടിത്ത ബോട്ടുകളുടെ രക്ഷാപ്രവര്‍ത്തനം ദുസഹമാകുന്നു

10.45 am: 3000 പേരാണ് ഇപ്പോള്‍ നെല്ലിയാമ്പതിയില്‍ കുടുങ്ങിക്കിടക്കുന്നത്

10.40 am: അരവിന്ദന്റെ മൃതദേഹം കണ്ടെത്തിയതോടെ നെന്മാറയില്‍ മരിച്ചവരുടെ എണ്ണം പത്തായി

നെന്മാറയിലുണ്ടായ ഉരുള്‍പൊട്ടല്‍

10.35 am: നെന്മാറ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു

10.30 am: ചെങ്ങന്നൂരില്‍ പലരും വീട് വിട്ട് വരാന്‍ തയ്യാറാകുന്നില്ലെന്ന് പരാതി

10.25 am: സീതാറാം യെച്ചൂരി തിരുവനന്തപുരത്ത് ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ചു

10.20 am: ഇടമലക്കുടി ആദിവാസി ഊരില്‍ കെഎസ്ഇബി ജീവനക്കാര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ കുടുങ്ങിക്കിടക്കുന്നു

10.10 am: ഭരണം തന്നെ സൈന്യത്തെ ഏല്‍പ്പിക്കണമെന്നാണ് ചിലര്‍ ആവശ്യപ്പെടുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍

10.05 am: ആലപ്പുഴ നഗരത്തിന്റെ സമീപപ്രദേശങ്ങളിലേക്ക് വെള്ളം കയറുന്നു

10.00 am: കേന്ദ്രം നല്‍കിയ 500 കോടി അപര്യാപ്തമെന്ന് യെച്ചൂരി

9.58 am: രക്ഷാപ്രവർത്തനത്തിന് കൂടുതൽ സൈന്യത്തെ നിയോഗിക്കണമെന്നും ദേശിയദുരന്തമായി പ്രഖ്യാപിക്കണമെന്നും സീതാറാം യെച്ചൂരി

9.45 am: നാവികസേന ആസ്ഥാനത്ത് നാളെ മുതൽ ചെറുവിമാനങ്ങൾ ഇറങ്ങും

9.31 am: സംസ്ഥാനത്താകമാനം മഴയുടെ ശക്തി കുറയുന്നു

9.26 am: ചെങ്ങന്നൂരിലേക്ക് രക്ഷാപ്രവർത്തനത്തിന് കൂടുതൽ ഹെലികോപ്റ്ററുകൾ എത്തും

9.14 am: യാത്രക്കാർക്ക് ആശ്വാസമായി കെഎസ്ആർടിസി കൂടുതൽ സർവ്വീസുകൾ ആരംഭിച്ചു

9.08 am: ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനത്തിന് തടസ്സമായി വീണ്ടും മഴ

9.00 am: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്

kerala floods

8.50 am: പറവൂരിൽ പള്ളിമതിൽ ഇടിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് മൃതദേഹങ്ങൾകൂടി കണ്ടെത്തി

8.40 am: നെന്മാറ ഉരുൾപ്പൊട്ടലിൽ മരണം 10 ആയി. ഇന്ന് ഒരു മൃതദേഹംകൂടി കണ്ടെടുത്തു

8.20 am: ചെങ്ങന്നൂരിൽ ഇന്ന് ഉന്നതതല യോഗം,ആരോഗ്യമന്ത്രിയുടെ കെ കെ ഷൈലജയുടെ അദ്ധ്യക്ഷതയിലാണ് യോഗം

8.14 am: ഏറനാട്, വേണാട് എക്സ്പ്രസുകള്‍ തിരുവനന്തപുരത്ത് നിന്ന് തുടങ്ങി എറണാകുളത്ത് യാത്ര അവസാനിപ്പിക്കും

8.13 am: ചെന്നൈ- ഗുരുവായൂര്‍ എക്സ്പ്രസ് എറണാകുളം പാതയില്‍ ഓടില്ല

8.11 am: തിരുവനന്തപുരം-ഗുരുവായൂര്‍ എക്സ്പ്രസ് എറണാകുളത്ത് യാത്ര അവസാനിപ്പിക്കും

8.10 am: ഇന്നത്തെ പരശുറാം, ശബരി, മാവേലി, മലബാര്‍ എക്സ്പ്രസുകള്‍ റദ്ദാക്കി, ചെന്നൈ-തിരുവനന്തപുരം എക്സ്പ്രസുകളും തിരിച്ചുളള എക്സ്പ്രസുകളും റദ്ദാക്കി

8.08 am: എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കണ്ണൂര്‍, കോട്ടയം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യത

8.05 am: 7 ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത

8.00 am: ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ റെഡ് അലേര്‍ട്ട് പിന്‍വലിച്ചു

7.55 am: രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഇന്ന് പ്രവര്‍ത്തിക്കും. കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കും

7.50 am: എംസി റോഡ് വഴിയുളള ഗതാഗതവും പുനസ്ഥാപിച്ചു

7.45 am: പന്തളം വഴിയുളള ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു

ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു:

7.40 am: ഷൊര്‍ണൂര്‍ ഭാഗത്തേക്കുളള ട്രെയിന്‍ സര്‍വീസുകള്‍ രാവിലെ 11 മണിയോടെ പുനസ്ഥാപിച്ചേക്കും

7.30 am: റോഡ് മാര്‍ഗമുളള ഗതാഗതവും ഭാഗികമായി പുനസ്ഥാപിച്ചിട്ടുണ്ട്, എറണാകുളത്ത് നിന്നും തൃശൂരിലേക്ക് ബസുകള്‍ ഓടുന്നുണ്ട്

7.38 am: എറണാകുളം- തിരുവനന്തപുരം പാസഞ്ചര്‍ കോട്ടയം വഴി രാവിലെ 9.30ന് പുറപ്പെടും

7.35 am: കോട്ടയം വഴിയുളള തിരു-എറണാകുളം സ്പെഷ്യല്‍ പാസഞ്ചര്‍ രാവിലെ 8 മണിക്ക്

7.30 am: എറണാകുളം- തിരുവനന്തപുരം പാസഞ്ചര്‍ ആലപ്പുഴ വഴി 8 മണിക്ക് പുറപ്പെടും

7.25 am: ആലപ്പുഴ വഴിയുളള തിരുവനന്തപുരം-എറണാകുളം സ്പെഷ്യല്‍ പാസഞ്ചര്‍ രാവിലെ 11.30, 1.00, 3.00 മണിക്കും

7.20 am: ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരുന്നുണ്ട്

7.15 am: എറണാകുളം ജില്ലയില്‍ വെള്ളം ഇറങ്ങി തുടങ്ങി. മഴ മാറിനില്‍ക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം സുഗമമാകുമെന്നാണ് പ്രതീക്ഷ

7.10 am: നെല്ലിയാമ്പതിയിൽ ഒറ്റപ്പെട്ടവരെ ഹെലികോപ്റ്ററിൽ നെന്മാറയിലെത്തിക്കും. ആദ്യഘട്ടത്തിൽ രോഗികളെയും കുട്ടികളെയുമാണ് സ്വകാര്യ ആശുപത്രിയുടെ ഹെലികോപ്റ്റര്‍ വഴി നെന്മാറയിലെത്തിക്കുന്നത്.

7.05 am: 2,401.10 അടിയാണ് നിലവിലെ ജലനിരപ്പ്. അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കില്ലെന്നാണ് സൂചന

7.00 am:ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും കുറഞ്ഞു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.