കൊച്ചി: പ്രളയത്തെ തുടര്‍ന്ന് നാളുകളായി അടച്ചിട്ടിരിക്കുന്ന കൊച്ചി നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം നാളെ മുതൽ പ്രവർത്തനം പുനരാരംഭിക്കും. നാളെ ഉച്ചയ്ക്ക് രണ്ട് മണി മുതൽ ദേശീയ, അന്തർദേശീയ സർവ്വീസുകൾ നടത്തുമെന്ന് സിയാൽ അറിയിച്ചു.

ഇപ്പോഴത്തെ വിമാനസർവ്വീസ് സമയക്രമത്തിൽ മാറ്റമുണ്ടാകില്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. നാളെ ഉച്ചയോടെ കൊച്ചി നാവികസേന എയർ സ്റ്റേഷനായ ഐഎൻഎസ് ഗരുഡിലെ താത്കാലികമായി പ്രവർത്തിച്ചുവന്നിരുന്ന സംവിധാനം അവസാനിപ്പിക്കും.

വിമാനത്താവളം വീണ്ടും പൂർണ്ണസജ്ജമായി പ്രവർത്തിക്കാനൊരുങ്ങുകയാണെന്ന വിവരം എല്ലാ വിമാനക്കമ്പനികളെയും അറിയിച്ചിട്ടുണ്ട്. ആഗസ്റ്റ് 29 നും തുടർന്നുമുളള യാത്രക്ക് വിമാനക്കമ്പനികൾ ടിക്കറ്റ് ബുക്കിങ് സൗകര്യം പുനസ്ഥാപിച്ചിട്ടുണ്ട്.

സംസ്ഥാനം നേരിട്ട കനത്ത പ്രളയ ദുരന്തത്തിൽ വിമാനത്താവളം വെളളത്തിനടിയിലായിരുന്നു.  എയര്‍ലൈനുകളുടെയും ഗ്രൗണ്ട് ഡ്യൂട്ടി അംഗങ്ങളുടെയും ഇടയില്‍ 90 പേരും പ്രളയദുരിതത്തില്‍ അകപ്പെട്ടു. വിമാനത്താവളത്തിന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ഹോട്ടലുകളും റസ്റ്ററന്റുകളും അടച്ചിട്ട നിലയിലുമായിരുന്നു.

വലുപ്പത്തില്‍ രാജ്യത്ത് ഏഴാം സ്ഥാനമാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്. ഇവിടെ പറന്നിറങ്ങുന്ന അമ്പത്തിയഞ്ച് ശതമാനം വിമാനങ്ങളും രാജ്യാന്തര വിമാനങ്ങളാണ്. മഴക്കെടുതിയില്‍ അടച്ചിട്ടതോടെ കൊച്ചി വിമാനത്താവളത്തിന് കനത്ത നഷ്ടം സംഭവിച്ചിട്ടുണ്ട്. ആഗസ്റ്റ് മാസത്തിൽ പ്രളയക്കെടുതിക്ക് ശേഷം 30 നും 35 കോടി രൂപയ്ക്കും ഇടയിൽ നഷ്ടം സംഭവിച്ചതായാണ് കണക്ക്.

കൊച്ചി രാജ്യാന്തര വിമാനത്താവളം അടച്ചിട്ടതിനെ തുടര്‍ന്ന് പല വിമാനങ്ങളും കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലായാണ് ക്രമീകരിച്ചത്. കൊച്ചിയിലെ നാവികസേനാ വിമാനത്താവളത്തിലേക്കും പല സര്‍വീസുകളും മാറ്റിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook