ദുബായ്: ദുരിതാശ്വാസ ക്യാംപിലേക്ക് തന്റെ കടയിലെ വസ്ത്രങ്ങൾ മുഴുവൻ നൽകി ദുരിതബാധിതർക്കൊപ്പം ചേർന്നു നിന്ന നൗഷാദിന് യുഎഇയിൽ നിന്നും പെരുന്നാള്‍ സമ്മാനം. ദുബായിലെ ഒരു മലയാളി വ്യവസായിയാണ് നൗഷാദിന് ഒരു ലക്ഷം രൂപയും കുടുംബത്തോടൊപ്പം ദുബായിലേക്ക് ഒരു സൗജന്യ യാത്രയും പ്രഖ്യാപിച്ചിരിക്കുന്നത്
Read More: അബിയാണെന്ന് കരുതി പലരും വന്ന് സംസാരിക്കാറുണ്ട്: നൗഷാദിന്റെ മറ്റു ചില വിശേഷങ്ങൾ
യുഎഇയിലെ സ്മാർട്ട് ട്രാവൽ മനേജിങ് ഡയറക്ടർ അഫി അഹമ്മദാണ് നൗഷാദിന്റെ ഹൃദയ വിശാലതയ്ക്ക് പാരിതോഷികവുമായി രംഗത്തെത്തിയിരിക്കുന്നത്. ലോകത്തിന് നല്ലൊരു സന്ദേശം പകർന്നു നൽകിയ നൗഷാദിനെ ദുബായ് കാണാൻ ക്ഷണിക്കുകയാണെന്നും അതിനുള്ള എല്ലാ ചെലവും സ്മാർട്ട് ട്രാവൽ വഹിക്കുമെന്നും അഫി അഹമ്മദ് അറിയിച്ചു. ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ദുരിതാശ്വാസ ക്യാംപുകളിലേക്കുള്ള അവശ്യ സാധനങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി ബ്രോഡ്വേയിലെത്തിയ നടൻ രാജേഷ് ശർമ്മയേയും സംഘത്തേയും തന്റെ കടയിലേക്ക് കൂട്ടിക്കൊണ്ടു പോയി ആവശ്യമുള്ള വസ്ത്രങ്ങൾ എടുത്തുകൊള്ളാൻ പറയുകയായിരുന്നു നൗഷാദ്. ഇക്കാര്യം രാജേഷ് ശർമ്മ തന്നെയാണ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. ഒറ്റരാത്രികൊണ്ടാണ് നൗഷാദ് മലയാളികളുടെ ഹീറോ ആയി മാറിയത്.
കടയിലെത്തിയ സംഘത്തെ ഞെട്ടിച്ച് പുതിയ വസ്ത്രങ്ങളെല്ലാം വാരി പല ചാക്കുകളില്‍ നിറച്ചു കൊടുക്കുകയാണ് നൗഷാദ് ചെയ്തത്. ‘നമ്മള് പോകുമ്പോള്‍ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോകില്ല. ഉപകാരപ്പെടുന്നവര്‍ക്ക് ഉപകാരപ്പെടട്ടേ….’ എന്ന് പറഞ്ഞ് നൗഷാദ് വീണ്ടും ചാക്കുകൾ നിറച്ചു. ഇത് രാജേഷ് ശർമ്മ വീഡിയോയിൽ പകർത്തി. സംവിധായകന് ആഷിഖ് അബു അടക്കമുള്ളവര്‍ വീഡിയോ പങ്കുവച്ചിരുന്നു.
Read More: അള്ളാഹൂവിനെ മുന്‍ നിര്‍ത്തിയാണ് ചെയ്തത്: മമ്മൂട്ടിയോട് നൗഷാദ് പറഞ്ഞത്
ഇതിനു പുറകെ നൗഷാദിനെ അഭിനന്ദിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യമന്ത്രി കെ.കെ ശൈലജ സിനിമാ രംഗത്തെ പ്രമുഖർ തുടങ്ങിയവരൊക്കെ രംഗത്തെത്തി. മെഗാസ്റ്റാർ മമ്മൂട്ടി നൗഷാദിനെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു.
നൗഷാദിന്റെ മകന് ഫഹദിന്റെ ഫോണിലേക്കാണ് മമ്മൂട്ടി വിളിച്ചത്. ഫോണ്‍ എടുത്തത് നൗഷാദ് തന്നെയാണ്. മമ്മൂട്ടി നൗഷാദിനെ അഭിനന്ദിച്ചു. നല്ല സന്തോഷമുള്ള കാര്യമാണ് നൗഷാദ് ചെയ്തതെന്ന് മമ്മൂട്ടി പറഞ്ഞു. ദൈവം അനുഗ്രഹിക്കട്ടെ എന്ന് പറഞ്ഞ മമ്മൂട്ടി നൗഷാദിന് ഈദ് ആശംസകള്‍ കൂടി നേര്‍ന്നാണ് ഫോണ്‍ വച്ചത്.
മമ്മൂട്ടി ഫോണിലൂടെ പറഞ്ഞത് ഇങ്ങനെ: “കടയിലുള്ള സാധനങ്ങളൊക്കെ എടുത്തു കൊടുത്തൂവെന്ന് കേട്ടു. നല്ല സന്തോഷമായ കാര്യമാണ് ചെയ്തത്. നല്ലൊരു ദിവസമായിട്ട് ‘റാഹത്താ’യ കാര്യങ്ങള്‍ ചെയ്യുക. അതിന് പടച്ചോന് അനുഗ്രഹിക്കട്ടെ. ഞങ്ങള്‍ക്കാര്‍ക്കും തോന്നാത്ത ഒരു കാര്യമാണ് ചെയ്തത്. വല്യേ കാര്യമാണ്. നന്നായി വരട്ടെ. ഈദ് മുബാറക്ക്.”