തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കുറഞ്ഞു. കേരളത്തിൽ അടുത്ത ദിവസങ്ങളിൽ പൊതുവെ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. നദികളിലെ ജലനിരപ്പ് അപകടനിരപ്പിൽ നിന്ന് താഴ്ന്നു. വെള്ളക്കെട്ട് രൂപപ്പെട്ട ഇടങ്ങളിലെല്ലാം സ്ഥിതി മാറി.

കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിച്ച മലയോര മേഖലയിൽ ശക്തമായ മഴ ലഭിച്ചാൽ തന്നെ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ ദുരന്തങ്ങൾ സംഭവിക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിച്ച മലയോര മേഖലയിൽ ജാഗ്രത തുടരാൻ പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.

Read Also: Kerala Floods Idukki Rajamala Landslide: ലയങ്ങൾ കാണാനില്ല സാർ, അതിലെല്ലാം ആളുകളുണ്ടായിരുന്നു; വിറങ്ങലിച്ച് രാജമല

ഓഗസ്റ്റ് 15 ഓടെ പുതിയ ന്യൂനമർദം രൂപപ്പെട്ടേക്കും. എന്നാൽ, ഈ ന്യൂനമർദം കേരളത്തിൽ സ്വാധീനം ചെലുത്തില്ലെന്നാണ് വിലയിരുത്തൽ. ഓഗസ്റ്റ് അവസാനത്തോടെയോ സെപ്റ്റംബർ ആദ്യത്തോടെയോ സംസ്ഥാനത്ത് വീണ്ടും മഴ ശക്‌തമാകാനാണ് സാധ്യത.

സംസ്ഥാനത്ത് മഴ കുറയുമെങ്കിലും കേരള തീരത്ത് കാറ്റിന്റെ വേഗം 40 മുതൽ 50 കിലോ മീറ്റർ വരെയാകാനും തിരമാലകള്‍ നാല് മീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ട്. ഇതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം ഓഗസ്റ്റ് 14 വരെ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയില്ല. എന്നാൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് തുടരുമെന്ന് കേന്ദ്ര ജല കമ്മീഷൻ അറിയിച്ചു. കോഴിക്കോട്, പാലക്കാട്, വയനാട്, ഇടുക്കി, പത്തനംതിട്ട, കോട്ടയം , തൃശൂർ എന്നി ജില്ലകൾ വെള്ളപ്പൊക്ക ബാധിതമാണെന്നും പെരിയാർ അടക്കമുള്ള നദികളുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം തുടരുമെന്നും കമ്മീഷൻ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.