കൊച്ചി: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസവും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ തീരത്ത് ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. കാറ്റ് 60 കിലോമീറ്റർ വരെ വേഗം പ്രാപിക്കാൻ സാധ്യതയുളളതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് അറിയിപ്പുണ്ട്.

വടക്കൻ ജില്ലകളായ കോഴിക്കോട്, വയനാട് എന്നിവിടങ്ങളിൽ പലയിടത്തും ശക്തമായ മഴയാണ്. അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജലം പുറത്തേക്ക് ഒഴുക്കിക്കളയുകയാണ്. ഇന്നലെ മുതൽ തുറന്നിട്ടിരിക്കുന്ന ഇടമലയാർ അണക്കെട്ടിൽ ജലനിരപ്പിൽ വലിയ മാറ്റം ഉണ്ടായിട്ടില്ല. 169 മീറ്റർ സംഭരണ ശേഷിയുളള ഇവിടെ ഇന്ന് രാവിലെ 168.71 മീറ്ററാണ് ജലനിരപ്പ് രേഖപ്പെടുത്തിയത്.

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2396.88 അടിയായി. ഇവിടെ ചെറുതോണി അണക്കെട്ടിന്റെ 2,3,4 ഷട്ടറുകള്‍ 1.5 മീറ്റര്‍ തുറന്നിട്ടുണ്ട്. കനത്ത മഴയ്ക്ക് പിന്നാലെ ശക്തമായ നീരൊഴുക്കിനെ തുടർന്ന് മാട്ടുപ്പെട്ടി അണക്കെട്ടിലെ ഒരു ഷട്ടർ തുറന്നു. ഇവിടെ ജലനിരപ്പ് 1599.20 അടി എത്തി. ഇതോടെ രാവിലെ ഒൻപത് മണിക്ക് ഷട്ടർ 30 സെന്റിമീറ്റർ ഉയർത്തി. 12.50 ക്യുമക്സ് വെള്ളമാണ് ഇതിലൂടെ പുറത്തേക്ക് ഒഴുക്കിവിടുന്നത്.

അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 1599.59 അടിയാണ്. മൂന്നാർ, മുതിരപ്പുഴ, കല്ലാർകട്ടി, ലോവർ പെരിയാർ മേഖലകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

കക്കി, പമ്പ, ഇടമലയാര്‍, മലമ്പുഴ അണക്കെട്ടുകളും തുറന്നിരിക്കുകയാണ്. വാളയാര്‍, ചുള്ളിയാര്‍ അണക്കെട്ടുകളും ഇന്ന് തുറക്കുമെന്നാണ് വിവരം. കേരളം, കര്‍ണാടകം, തമിഴ്‌നാട്, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ അടുത്ത 48 മണിക്കൂറില്‍ കനത്ത മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ