‘എല്ലാവരും ഞെട്ടിക്കുന്നു, അത്ഭുതപ്പെടുത്തുന്നു, പലപ്പോഴും കണ്ണ് നിറയ്ക്കുന്നു’, ഒഴുക്കിനെതിരെ ഒന്നിച്ച് നീന്തുന്ന കേരളത്തിലെ കാഴ്ച്ചകളെ കുറിച്ചാണ് വിശേഷണം. കൈയും മെയ്യും മറന്നാണ് ഓരോരുത്തരും തോളോട് തോള്‍ ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുന്നത്. എല്ലായിടത്തു നിന്നുളള കാഴ്ച്ചയും ശക്തി പകരുന്നതാണ്. വിവിധസേനാവിഭാഗങ്ങൾ, പൊലീസ്, ഫയർഫോഴ്സ്, ആതുരസേവന രംഗത്തുള്ളവർ, യുവതീയുവാക്കൾ, വിവിധ തൊഴിൽ മേഖലകളിലുള്ളവർ, മത്സ്യത്തൊഴിലാളികൾ‌, മാധ്യമപ്രവർത്തകർ, യുവജനസംഘടനകൾ.
അങ്ങനെ ഒരായിരങ്ങൾ രക്ഷാപ്രവ‌ർത്തനരംഗത്ത് സജീവമാണ് കഴുത്തോളം മുങ്ങിയിരുന്ന നമ്മള്‍ വെള്ളക്കെട്ടുകളെ അതിജീവിക്കുകയാണ്, ജീവിതത്തിലേക്ക് പലായനം നടത്തുകയാണ്.

രക്ഷാപ്രവര്‍ത്തകന്റെ മുതുകില്‍ ചവിട്ടി കയറുന്ന ദുരിതബാധിതരുടെ വീഡിയോ ആണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയത്. ‘മൂപ്പരും മനുഷ്യനാണ് കല്ലല്ല.. ഉമ്മാ, നിങ്ങള് ശ്രദ്ധിച്ചോളിൻ..സമീപത്ത് നിന്ന് വ്യക്തിയുടെ വാക്കുകളിൽ അയാൾ മനുഷ്യനാണ്. ഇന്ന് ഈ വിഡിയോ കാണുന്ന പതിനായിരങ്ങളുടെ മനസിൽ ഇയാൾക്ക്മനുഷ്യന്‍ എന്ന വാക്കിനപ്പുറം എന്തൊക്കെയോ അര്‍ത്ഥങ്ങളുണ്ട്. കേരളത്തിന് പ്രളയത്തിന് മുന്നിൽ തോൽക്കാതെ ചവിട്ടിക്കയറ്റാൻ സ്വന്തം മുതുക് കാണിച്ച് കൊടുക്കുകയാണ് ഈ യുവാവ്. ഇന്നത്തെ നല്ല കാഴ്ചകളുടെ പട്ടികയില്‍ മുന്നിൽ നിർത്താവുന്ന ഹൃദ്യദൃശ്യം’, വീഡിയോയ്ക്ക് കൂടെ പ്രചരിക്കുന്ന അടിക്കുറിപ്പാണിത്.

‘ബോട്ടിൽ കയറി രക്ഷപ്പെടാനുള്ള വെപ്രാളത്തിൽ കാലിൽ കിടന്ന ചെരുപ്പ് ഊരാൻ പോലും ആ അമ്മ മറന്നു. എന്നാൽ അപ്പോഴും ആ മനുഷ്യൻ നിങ്ങള് കയറിക്കോളൂ ഉമ്മ എന്ന് ഒരുനൂറാവർത്തി മനസിൽ പറഞ്ഞുകാണും. രക്ഷാപ്രവർത്തനത്തിനിടയിൽ ബോട്ടിൽ കയറാൻ കഴിയാതിരുന്ന സ്ത്രീകൾക്കാണ് ഈ മനുഷ്യൻ തന്റെ മുതുക് ചവിട്ട് പടിയാക്കിയത്. ഇത്തരത്തിൽ സർക്കാരിനും സൈന്യത്തിനുമൊപ്പം ഇങ്ങനെ വലിയ ഒരു സമൂഹം കാര്യക്ഷമായി മുന്നിട്ടിറങ്ങിയത് കൊണ്ടാണ് കേരളം മഹാപ്രളയത്തിൽ നിന്നും അതിജീവിക്കാനൊരുങ്ങുന്നത്’,

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.