തിരുവനന്തപുരം: പ്രളയത്തിൽ അകപ്പെട്ട് വീടുകളിൽ നിന്നും ദുരിതാശ്വാസ ക്യാംപുകളിലേക്ക് എത്തിയ എല്ലാവർക്കും സർക്കാർ ധനസഹായം വേഗത്തിൽ വിതരണം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പുരോഗതി ഇന്ന് രാവിലെ വീഡിയോ കോൺഫറൻസിലൂടെ വിലയിരുത്തിയ ശേഷമാണ് മുഖ്യമന്ത്രി ഈ നിർദ്ദേശം നൽകിയത്.

ധനസഹായം വേഗത്തിൽ ലഭ്യമാക്കാൻ ചീഫ് സെക്രട്ടറി ടോം ജോസ് ഇൻഷുറൻസ് കമ്പനികളുടെ യോഗം വിളിക്കും. ദുരിതാശ്വാസ ക്യാംപുകളിൽ നിന്ന് വീടുകളിലേക്ക് മടങ്ങിയവർ ധനസഹായം ലഭിച്ചിട്ടില്ലെന്ന് പരാതിപ്പെട്ടതോടെയാണിത്.

ധനസഹായം എല്ലാവർക്കും പണമായി കൈയ്യിൽ കൊടുക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം തോമസ് ഐസക് വ്യക്തമാക്കിയത്. ഇതിന് പുറമെ ബാങ്കുകൾക്ക് തുടർച്ചയായി അവധിയുണ്ടായതും സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി.

അതേസമയം ദുരിതബാധിതരെ കൂടുതൽ പ്രയാസത്തിലാക്കരുതെന്നാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്. അധികം വൈകാതെ എല്ലാ ദുരിതബാധിത കുടുംബങ്ങൾക്കും സർക്കാർ ധനസഹായം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി ജില്ല കളക്ടർമാരോട് ആവശ്യപ്പെട്ടു. ദുരിതാശ്വാസ ക്യാംപുകളിൽ കഴിഞ്ഞവർക്ക് മാത്രമായി സഹായധനം ഒതുങ്ങില്ല. എല്ലാ ദുരിതബാധിതർക്കും സഹായമെത്തും.

ആഗസ്റ്റ് എട്ട് മുതൽ ഇതുവരെ 322 പേരാണ് സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ പ്രളയത്തിൽ കൊല്ലപ്പെട്ടത്. സംസ്ഥാനത്താകമാനം പത്ത് ലക്ഷത്തോളം പേർ ക്യാംപുകളിൽ കഴിഞ്ഞ സമയമുണ്ടായിരുന്നു. ഇപ്പോഴത് 3,42,699 പേരാണ്. നാളെ വിദ്യാലയങ്ങൾ ഓണാവധി കഴിഞ്ഞ് തുറക്കുന്ന സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാംപുകൾ മറ്റിടങ്ങൾ കണ്ടെത്തി മാറ്റാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ