തൊടുപുഴ: ചെറുതോണിയില്‍ കനത്ത മഴവെളളപ്പാച്ചിലിനിടെ കുഞ്ഞിനേയും രക്ഷിച്ച് നെഞ്ചോട് ചേര്‍ത്ത് ഓടുന്ന രക്ഷാപ്രവര്‍ത്തകന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് ഉയർന്നതോടെ ചെറുതോണി അണക്കെട്ടിന്റെ മുഴുവൻ ഷട്ടറുകൾ തുറന്നതോടെയാണ് പ്രദേശം വെള്ളത്തിനടിയിലായത്. ഇവിടെ നിന്നും ഒരു കുഞ്ഞിനെ എടുത്ത് ചെറുതോണി പാലത്തിന് മുകളിലൂടെ ഓടുന്ന രക്ഷാപ്രവര്‍ത്തകന്റെ ദൃശ്യങ്ങളാണ് ന്യൂസ് 18 പുറത്തുവിട്ടത്. കണ്ണന്‍ പ്രസന്നന്‍ ആണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. എല്ലാ രക്ഷാപ്രവര്‍ത്തകര്‍ക്കും സമര്‍പ്പിക്കുന്നുവെന്ന കുറിപ്പോടെ ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ വൈറലായി മാറി.

ദൈവത്തിന്റെ കൈകളാണ് രക്ഷാപ്രവര്‍ത്തകര്‍ക്കെന്ന് നിരവധി പേര്‍ സോഷ്യൽ മീഡിയയില്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ ജലക്കെടുതിയില്‍ സ്വന്തം ജീവന്‍ പോലും വകവയ്ക്കാതെ മറ്റുളളവരുടെ രക്ഷയ്ക്കിറങ്ങിയവര്‍ക്ക് അഭിവാദ്യങ്ങളുമായി സോഷ്യൽമീഡിയയില്‍ പോസ്റ്റുകള്‍ നിറഞ്ഞു.


(വീഡിയോ കടപ്പാട്: ന്യൂസ് 18)

ചെറുതോണി പാലം വെള്ളത്തിനടിയിലാണ്. ചെറുതോണി അണക്കെട്ടിന്റെ 40 സെന്റിമീറ്റർ വീതം ഷട്ടറുകൾ തുറന്നിട്ടും ജലനിരപ്പ് കുറയാതെ വന്നതോടെ ഷട്ടറുകൾ വീണ്ടും ഉയർത്തി. സെക്കന്റിൽ 700 ഘനമീറ്റർ വെളളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

വ്യാഴാഴ്ച ട്രയൽ റണ്ണിന്റെ ഭാഗമായി ഒരു ഷട്ടറാണ് തുറന്നത്. ഇന്നു രാവിലെയോടെ രണ്ടു ഷട്ടറുകൾ കൂടി തുറന്നു. ഷട്ടറുകളിൽ കൂടി ഒഴുക്കുന്ന വെളളത്തിന്റെ ഇരട്ടി അണക്കെട്ടിലേക്ക് ഒഴുകി എത്തിയതോടെയാണ് രണ്ടു ഷട്ടറുകൾ കൂടി വീണ്ടും തുറന്നത്. ഇതോടെ ഇടുക്കി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും തുറന്നു.

അഞ്ചാമത്തെ ഷട്ടറും തുറന്നതോടെ ചെറുതോണി ഡാമിന്റെ താഴ്ന്ന പ്രദേശങ്ങളിൽ വെളളം കയറി. ചെറുതോണി തീരത്തെ മരങ്ങൾ കടപുഴകി വീണു. തീരത്തുളള ചില മരങ്ങൾ അഗ്നിശമന വിഭാഗം മുറിച്ചു മാറ്റി. ചെറുതോണി പുഴയുടെ തീരത്തുളള കെട്ടിടങ്ങള്‍ തകർന്ന് വീണു. ചെറുതോണി ബസ് സ്റ്റാന്റിലേക്കും വെളളം കയറി.

ചെറുതോണിയിൽ പെരിയാർ തീരത്തുളള ജനങ്ങളെ മാറ്റിപാർപ്പിച്ചു. പെരിയാർ തീരത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രണ്ടു പഞ്ചായത്തുകളിലായി അഞ്ചോളം ദുരിതാശ്വാസ ക്യാംപുകളും തുറന്നിട്ടുണ്ട്. അതേസമയം, ആശങ്കപ്പെടേണ്ടതില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് മന്ത്രി എം.എം.മണി പ്രതികരിച്ചു. സ്ഥിതിഗതികൾ ജില്ലാ അധികൃതരും കെഎസ്ഇബിയും ഡാം അധികൃതരും സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.

ചെറുതോണിയില്‍ നിന്ന് ഒഴുകിയെത്തുന്ന വെള്ളം ലോവര്‍ പെരിയാര്‍ വഴി ഭൂതത്താന്‍കെട്ട് അണക്കെട്ടിലേക്കാണ് എത്തുക. ഇത്തരം ഒരു സാഹചര്യം മുന്നില്‍ കണ്ട് ഭൂതത്താന്‍കെട്ട് അണക്കെട്ടിന്റെ 12 ഷട്ടറുകളും ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ തുറന്നിട്ടിരിക്കുകയാണ്. ഭൂതത്താന്‍കെട്ടില്‍ ഒരടിയോളം വെള്ളം ഉയര്‍ന്നിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.