കൊച്ചി: പ്രളയം സർവ്വവും നശിപ്പിച്ച് പോയി! സങ്കടക്കടലിലാണ് പലരും ദുരിതാശ്വാസ ക്യാംപുകളിൽ എത്തിയത്. അവരെ കരയിക്കാതെ ചിരിപ്പിച്ച ആൾക്കാരുണ്ട്. അവരാണ് മലയാളിയെ ലോക സമൂഹത്തിന് മുന്നിൽ സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും പങ്കുവയ്ക്കലിന്റെയും മതേതരത്വത്തിന്റെയും അടയാളമാക്കി മാറ്റുന്നതിൽ പ്രധാന പങ്ക് വഹിച്ചത്.

ത്യാഗത്തിന്റെ ഓർമ്മപുതുക്കൽ ദിനമായി ഇസ്‌ലാം മത വിശ്വാസികൾ ആചരിക്കുന്ന വലിയ പെരുന്നാളാണ് ഇന്ന്. എന്നാൽ ആഘോഷത്തിൽ മതിമറന്നിരിക്കുകയല്ല കേരളത്തിൽ ഇസ്‌ലാം മതവിശ്വാസികൾ. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാണ് അവർ. കാരണം മതവും ദൈവവും മനുഷ്യനന്മയ്ക്കാണെന്ന് വ്യക്തമായി പഠിച്ചവരും ലോകത്തെ പഠിപ്പിക്കുന്നവരുമാണ് അവർ. കൊടുങ്ങല്ലൂരിലെ കുലശേഖരപുരത്തെ സാന്റാ മരിയം സ്കൂളിലും ദുരിതാശ്വാസ ക്യാംപുണ്ട്. കൊടുങ്ങല്ലൂരിലെ പ്രധാന സ്ത്രീ കൂട്ടായ്‌മയായ സധൈര്യത്തിനാണ് ക്യാംപിന്റെ കോർഡിനേഷൻ ചുമതല. നൈജു ഇസ്മായിലാണ് കോർഡിനേറ്റർ. മാല്യങ്കര, മടപ്ലാത്തുരുത്ത് മേഖലകളിൽ നിന്ന് വെളളപ്പൊക്കത്തിൽ ജീവനും കൊണ്ട് രക്ഷപ്പെട്ടവരാണ് ഈ ക്യാംപിലെത്തിയത്. സ്ത്രീകൾക്ക് മാത്രമാണ് ഇവിടെ താമസം ഒരുക്കിയത്. പുരുഷന്മാർ തൊട്ടരികെയുളള ബിബിഎസ് ഹാളിലാണ് കഴിഞ്ഞത്.

സ്വന്തമായി ഭക്ഷണം പാകം ചെയ്താണ് ഇവിടെ വോളന്റിയർമാരും ദുരിതബാധിതരും കഴിയുന്നത്. ഇന്നലെ രാത്രി ഭക്ഷണത്തിനുളള പച്ചക്കറികൾ അരിഞ്ഞുവച്ച ശേഷമാണ് ആൾക്കൂട്ടത്തിൽ നിന്ന് മൈലാഞ്ചിയിട്ടാലോ എന്ന ആശയം പുറത്തേക്ക് വന്നത്. ഇതോടെ ആളുകൾക്കെല്ലാം ആവേശമായി. ഈ കൂട്ടത്തിലെ ദുരിതബാധിതർക്കൊപ്പം ക്യാമ്പിലെത്തിയ മടപ്ലാത്തുരുത്തിലെ സന്യാസിനി സമൂഹത്തിലെ അംഗങ്ങളും ചേർന്നു. ആ ചിത്രം പകർത്തിയ ഒരാളത് ഫെയ്‌സ്ബുക്കിൽ പങ്കുവച്ചു. പ്രളയകാലത്തെ മനുഷ്യർ തമ്മിൽ സ്നേഹവും സന്തോഷവും പങ്കുവയ്ക്കുന്ന സുന്ദര ചിത്രങ്ങളിലൊന്നായി അത് മാറി. ജാതിമത വേർതിരിവുകളില്ലാതെ ഇസ്‌ലാം മത വിശ്വാസിയായ നൈജു, ക്രൈസ്തവ മത വിശ്വാസിയായ കന്യാസ്ത്രീയുടെ കൈയ്യിൽ മൈലാഞ്ചിയിട്ടു.

“അവർക്ക് സങ്കടങ്ങൾ മറക്കാനും സന്തോഷമായിരിക്കാനും എന്തൊക്കെ ചെയ്യണോ, അതെല്ലാം ചെയ്യുകയാണ് ഞങ്ങളുടെ ചുമതല. ഭക്ഷണം വസ്ത്രം, സമാധാനം, സന്തോഷം എല്ലാം നൽകേണ്ടതും, സഹായം നൽകേണ്ടതും ഞങ്ങളുടെ ചുമതലയാണ്. അതിൽ എല്ലാവരും പങ്കാളികളാവുന്നത് കൂടുതൽ സന്തോഷകരം എന്നല്ലാതെ എന്ത് പറയാൻ? ചെറുപ്പക്കാർ കുട്ടികളൊക്കെ ക്യാംപിൽ ഓടിച്ചാടി പണിയെടുക്കുകയാണ്. അവർക്ക് സാമൂഹ്യബോധമില്ലെന്നാണ് നമ്മൾ പറയാറുളളത്. അത് ശരിയല്ലെന്ന് ഈ ദുരിതകാലത്തെ അനുഭവം കൊണ്ട് മാത്രം പറയാൻ കഴിയും,” നൈജു, ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ