തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ പ്രളയത്തിന്റെ ആഘാതം വിലയിരുത്താൻ കേന്ദ്ര സർക്കാർ അയച്ച സംഘം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തും. ഉച്ചകഴിഞ്ഞ് 3.30നാണ് ചർച്ച. പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട് സംസ്ഥാനം നേരിടുന്ന ബുദ്ധിമുട്ടുകൾ മുഖ്യമന്ത്രി, കേന്ദ്രസംഘത്തെ അറിയിക്കും.
കേന്ദ്ര മാനദണ്ഡം അനുസരിച്ച് 4,700 കോടി രൂപ നഷ്ടപരിഹാരം ആശ്യപ്പെട്ടാണ് കേരളം അപേക്ഷ നൽകിയത്. കഴിഞ്ഞ അഞ്ച് ദിവസമായി ദുരന്ത ബാധിത മേഖലകളിൽ സന്ദർശനം നടത്തിയ സംഘം നാശനഷ്ടം വിലയിരുത്തിയിരുന്നു.
നിയമസഭയുടെ പരിസ്ഥിതി സമിതി ഇടുക്കിയിലെ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കും. പ്രളയ ദുരിതത്തിന്റെ പശ്ചാത്തലത്തിൽ നഷ്ടങ്ങൾ തിട്ടപ്പെടുത്തുന്നതിന് മുന്നോടിയായാണ് നിയമസഭ സംഘത്തിന്റെ സന്ദർശനം. മുല്ലക്കര രത്നാകരൻ എംഎൽഎയാണ് സമിതി ചെയർമാൻ.
സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ ഇതേ തുടർന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും ബുധനാഴ്ച ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലുമാണ് യെല്ലോ അലർട്ട്. 64 മുതൽ 125 വരെ സെ.മീ വരെ മഴയ്ക്ക് സാധ്യത ഉണ്ട്.