തിരുവനന്തപുരം: സംസ്ഥാനത്തെ നടുക്കിയ മഹാപ്രളയത്തിൽ നിന്ന് കരകയറാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായമായി എത്തിയ സംഭാവന 700 കോടി കവിഞ്ഞു. ഇന്നലെ വൈകിട്ട് ഏഴ് മണിക്ക് ദുരിതാശ്വാസ നിധിയിൽ 713.92 കോടി രൂപയാണ് ഉണ്ടായിരുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിക്ഷേപമായി മാത്രം 518.24 കോടി രൂപ ലഭിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ ചെക്കുകളും ഡ്രാഫ്റ്റുകളുമായി എത്തിയത് 20 കോടി രൂപയാണ്. ശേഷിച്ച തുകയിൽ 132.68 കോടി രൂപ പേയ്മെന്റ് ഗേറ്റ് വേയിലെ ബാങ്കുകളും യുപിഐകളും വഴി ലഭിച്ചതാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ 3.91 ലക്ഷം പേർ മാത്രമാണ് സംഭാവന നൽകിയത്. donation.cmdrf.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ലോകത്ത് എവിടെ നിന്നും  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓണ്‍ലൈനായി പണമടയ്ക്കാനാവും.  ഐ.ഡി.ബി.ഐ.ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ആക്‌സിസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയുടെ പേമെന്റ് ഗേറ്റ്-വേകളും, റേസര്‍ പേ ഗേറ്റ്-വേ വഴിയും ഇപ്പോള്‍ പണമടയ്ക്കാനാവും.

അതേസമയം കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിൽ നിന്ന് രക്ഷപ്പെടാനുളള സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് വിവിധ കോണുകളിൽ നിന്ന് പിന്തുണ ലഭിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലിക്ക് 250 രൂപയ്ക്ക് മേലുളള ഓരോ നിക്ഷേപത്തിനും അധികമായി 500 രൂപ സിറ്റി ബാങ്ക് ദുരിതാശ്വാസ പ്രവർത്തനത്തിന് സന്നദ്ധ സംഘടനയ്ക്ക് സംഭാവനയായി നൽകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook