ആലപ്പുഴ: സംസ്ഥാനത്ത് കനത്ത ദുരന്തം വിതച്ച കാലവർഷക്കെടുതിയിൽ രക്ഷാപ്രവർത്തനത്തിനായി ബോട്ടുകൾ പിടിച്ചെടുത്തു തുടങ്ങി. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ബോട്ട് വിട്ടുകൊടുക്കാത്ത ഉടമകളെ അറസ്റ്റ് ചെയ്യുമെന്നും ബോട്ടുകൾ പിടിച്ചെടുക്കുമെന്നും സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ആലപ്പുഴയിലെ ലേക്ക് ലഗൂൺ‌സ് ഉടമ സക്കറിയയെയാണ് അറസ്റ്റ് ചെയ്‌തത്. സക്കറിയയുടെ ഉടമസ്ഥതയിലുളള ബോട്ടുകളും സർക്കാർ പിടിച്ചെടുത്തു. ദുരന്ത നിവാരണ നിയമപ്രകാരം ഇന്ന് രാവിലെ 33 ബോട്ടുകളാണ് കളക്ടർ പിടിച്ചെടുത്തത്.

മഴക്കെടുതിയിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായ കുട്ടനാട്ടിൽ രക്ഷാപ്രവർത്തനത്തിന് ബോട്ടുകൾ വിട്ടുകൊടുക്കുന്നില്ലെന്ന് പരാതി ഉണ്ടായിരുന്നു. ഇതോടെ വേമ്പനാട് കായലിലുള്ള എല്ലാ ബോട്ടുകളും പിടിച്ചെടുക്കാൻ പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ നിർദ്ദേശം നൽകിയിരുന്നു.

സംസ്ഥാനം ചരിത്രത്തിലെ വലിയ ദുരന്തം നേരിടുന്ന കാലത്ത് ദുരിതാശ്വാസത്തിന് ബോട്ടുകളെല്ലാം രംഗത്തിറക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. പ്രളയക്കെടുതിയിൽ അകപ്പെട്ടവരെ രക്ഷിക്കാൻ ഉപയോഗിക്കാതെ ബോട്ടുകൾ ഉപയോഗശൂന്യമായി വച്ചതാണ് സർക്കാർ നടപടിക്ക് കാരണം. ഒരാളുടെ കൈവശമുളള മൂന്നിൽ രണ്ട് ബോട്ടുകൾ വിട്ടുകൊടുക്കണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടത്.

ബോട്ടുകൾ പിടിച്ചെടുക്കാനും ഇതിന് വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യാനും മന്ത്രി നിർദ്ദേശം നൽകി. ജലാശയങ്ങളിലുളള എല്ലാ ബോട്ടുകളും പിടിച്ചെടുക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ആരെങ്കിലും ബോട്ട് ഓടിക്കാൻ തയ്യാറായില്ലെങ്കിൽ ഇവരുടെ ബോട്ട് ഓടിക്കാനുളള ലൈസൻസ് റദ്ദാക്കാനും തീരുമാനമുണ്ട്. പോർട്ട് ഓഫീസർമാരോട് ജില്ലാ കളക്ടറേറ്റിൽ അടിയന്തരമായി റിപ്പോർട്ട് ചെയ്യാനും മന്ത്രി നിർദേശിച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ