കൊച്ചി: പ്രളയത്തിൽ പുസ്തകങ്ങൾ നഷ്ടപ്പെട്ട സംസ്ഥാനത്തെ മുഴുവൻ വിദ്യാർത്ഥികൾക്കും പാഠപുസ്തകങ്ങൾക്ക് പുറമെ നോട്ടുപുസ്തകങ്ങളും ബാഗുകളും സർക്കാർ നൽകും. പാഠപുസ്തകങ്ങൾ മാത്രമേ നൽകൂ എന്നത് തെറ്റായ പ്രചാരണം ആണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ സ്കൂളുകളും ഓണാവധിക്കുശേഷം ഓഗസ്റ്റ് 29നു തുറക്കും.

പ്രളയദുരിതത്തെ തുടർന്ന് ഒട്ടേറെ ദിവസത്തെ ക്ലാസുകൾ നഷ്ടപ്പെട്ട സാഹചര്യത്തിൽ ഇനിയുള്ള അധ്യയന ദിവസങ്ങൾ നഷ്ടപ്പെടുത്താനാവില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. ഇതിനാൽ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ വേഗത്തിൽ നിറവേറ്റി സാധാരണ നിലയിലേക്ക് അദ്ധ്യയനം തിരികെ കൊണ്ടുവരാനാണ് ശ്രമം.

നിലവിൽ ദുരിതാശ്വാസ ക്യാംപുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾ മറ്റ് ഇടങ്ങൾ കണ്ടെത്തി മാറ്റാനാണ് തീരുമാനം. പ്രളയത്തിൽ നഷ്ടപ്പെട്ട പാഠപുസ്തകങ്ങൾ ആഗസ്റ്റ് 31 ന് മുൻപ് വിദ്യാർത്ഥികളുടെ കൈയ്യിൽ ലഭിക്കും. ഇതിന് പുറമെ ക്ലാസ് തുടങ്ങി മൂന്ന് ദിവസത്തിനുളളിൽ പ്രളയബാധിതരായ വിദ്യാർത്ഥികൾക്ക് എന്തൊക്കെ നഷ്ടപ്പെട്ടുവെന്ന് കണക്കെടുത്ത് സർക്കാരിനെ അറിയിക്കണം.

സ്കൂളുകൾ തുറക്കുന്നതിന് മുൻപ് കെട്ടിടങ്ങളുടെ ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റ് വാങ്ങണം. ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകളിലും അദ്ധ്യയനം 29 ന് തന്നെ പുനരാരംഭിക്കാനാണ് ശ്രമം. സ്‌കൂളുകളിലേക്കുളള ശുദ്ധജല ദൗർലഭ്യമാണ് പ്രധാന പ്രശ്നം. വെളളപ്പൊക്ക ബാധിത മേഖലയിലെ സ്കൂളുകളിലെ കിണറുകളിലെല്ലാം ഇന്നും നാളെയുമായി ക്ലോറിനേഷൻ നടത്തും. വിദ്യാർത്ഥികൾക്ക് തിളപ്പിച്ച് ആറ്റിയ വെളളം മാത്രമേ കുടിക്കാൻ നൽകാവൂ എന്നും വിദ്യാഭ്യാസ വകുപ്പ് ജീവനക്കാർക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook