scorecardresearch

വയനാട്ടില്‍ കനത്തമഴ, വെള്ളപ്പൊക്കം; ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

ജില്ലയിലെ എല്ലാ പുഴകളും ഇപ്പോള്‍ കരകവിഞ്ഞ് ഒഴുകുന്നതിനാല്‍ ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നു കലക്ടര്‍ അഭ്യർഥിച്ചു

കേരളം വെള്ളപ്പൊക്കം മഴ, വയനാട്, പാലക്കാട്, ദുരിതാശ്വാസ ക്യാമ്പുകള്‍, കേരളം വെള്ളപ്പൊക്കം 2020,

സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും തുടരുന്നു. ഞായറാഴ്ച വരെ കനത്ത മഴ തുടരുമെന്നാണു മുന്നറിയിപ്പ്. വയനാട്, കോഴിക്കോട് ജില്ലകളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണു ദേശീയ ജല കമ്മിഷന്‍.  വയനാട് ജില്ലയില്‍ കാലവര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് പനമരം, മാനന്തവാടി പുഴകൾ  കരകവിഞ്ഞൊഴുകി. ജില്ലയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. മൂന്നു താലൂക്കുകളിലായി  1664 പേരെ 30 ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റി.
വയനാട് വെള്ളപ്പൊക്കം, wayanad flood, kerala flood 2020,

പനമരം, മാനന്തവാടി പുഴകളുടെ തീരത്തുള്ളവരെ അടിയന്തരമായി മാറ്റിപാര്‍പ്പിക്കാന്‍ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല ദുരന്ത നിവാരണ സമിതി യോഗത്തില്‍ തീരുമാനിച്ചു. പുഴകളില്‍ വെള്ളം ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ജില്ലയിലെ എല്ലാ പുഴകളും ഇപ്പോള്‍ കരകവിഞ്ഞാണ് ഒഴുകുന്നതെന്നതിനാല്‍ ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നു കലക്ടര്‍ അഭ്യര്‍ഥിച്ചു.

വയനാട് വെള്ളപ്പൊക്കം, കേരള വെള്ളപ്പൊക്കം, kerala flood, wyanad flood

മുത്തങ്ങപ്പുഴയില്‍ ജലനിരപ്പുയരുന്നതിനാല്‍ മുത്തങ്ങ വഴിയുള്ള യാത്രകള്‍ ഓഗസ്റ്റ് ഒൻപതുവരെ പരമാവധി ഒഴിവാക്കണമെന്ന് ജില്ലാഭരണകൂടം നിർദേശിച്ചു. അത്യാവശ്യക്കാര്‍ അപകട സാധ്യത മുന്‍കൂട്ടി മനസിലാക്കി വേണം യാത്ര തുടങ്ങാന്‍. ബദല്‍ വഴികള്‍ ഉപയോഗിക്കാനും ശ്രദ്ധിക്കണം. പേരിയ ഭാഗത്ത് മണ്ണടിച്ചില്‍ സാധ്യതയുള്ളതിനാല്‍ ഇവിടം താമസിക്കുന്നവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കാരാപ്പുഴ, ബാണാസുര ഡാമുകളില്‍ അകടകരമായ സ്ഥിതിവിശേഷമില്ലെന്ന് ജില്ലാ ഭരണകൂടം വിലയിരുത്തി. കാരാപ്പുഴയില്‍ മൂന്ന് ഷട്ടറുകള്‍ 15 സെന്റര്‍ മീറ്റര്‍ വീതം ഉയര്‍ത്തി അളവ് നിയന്ത്രിക്കുന്നുണ്ട്. കബനി ബീച്ചനഹള്ളി ഡാമില്‍നിന്നു കൂടുതല്‍ വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്.

വയനാട് വെള്ളപ്പൊക്കം, കേരള വെള്ളപ്പൊക്കം, kerala flood, wayanad flood 2020

കോട്ടത്തറ, വേങ്ങപ്പള്ളി, കാരാറ്റിപ്പടി എന്നിവിടങ്ങളിൽ വെള്ളം കയറി. ജില്ലയില്‍ ഇതിനകം 20 ഹെക്ടറിലധികം കൃഷിഭൂമി വെള്ളത്തിനടിയിലായതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. വെള്ളം ഒഴിഞ്ഞുപോയ ശേഷമേ കൃത്യമായ നാശനഷ്ടം കണക്കാക്കാനാവൂ. 10 ഹെക്ടര്‍ നെല്‍കൃഷിയും 17,500 വാഴകളും 125 റബ്ബര്‍ മരങ്ങളും നശിച്ചിട്ടുണ്ടെന്നും ഓഫീസര്‍ അറിയിച്ചു.

വയനാട് വെള്ളപ്പൊക്കം, കേരള വെള്ളപ്പൊക്കം, kerala flood, wayanad

ജില്ലയില്‍ അതിതീവ്രമായ മഴയും ശക്തമായ കാറ്റും വീശിയടിക്കുന്ന സാഹചര്യത്തില്‍ മിക്ക ഭാഗങ്ങളിലും വൈദ്യുതി ബന്ധം തകരാറിലാണ്. വൈദ്യുതി വിതരണ ശൃംഖലയിലെ തടസങ്ങള്‍ പരിഹരിക്കാന്‍ കെ.എസ്.ഇ.ബിയുടെ മുഴുവന്‍ ടീമും മുഴുസമയം പ്രവര്‍ത്തന സജ്ജമാണ്. പൊതുജനങ്ങള്‍ക്ക് പരാതി നല്‍കുന്നതിന് കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസുകളില്‍ വിളിക്കുമ്പോള്‍ ഫോണില്‍ ലഭ്യമാവാത്ത അവസ്ഥ നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ ജില്ലാ അടിസ്ഥാനത്തില്‍ 9496010626 എന്ന വാട്‌സാപ്പ് നമ്പറിൽ പരാതി അറിയിക്കാം.

കമ്പി പൊട്ടുക, വൈദ്യുതി തൂണുകള്‍ തകരാറിലാവുക തുടങ്ങിയ വളരെ പ്രധാനപ്പെട്ട പരാതികള്‍ ഈ നമ്പറില്‍ വാട്‌സാപ്പ് മുഖാന്തിരം അറിയിക്കാം. ഈ നമ്പറിൽ വാട്‌സാപ്പ് മെസേജ് മുഖേനയുള്ള പരാതികള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നും വളരെ അപകടകരമായ കാര്യങ്ങള്‍ അറിയിക്കുന്നതിനാണ് ഈ നമ്പര്‍  ഉപയോഗപ്പെടുത്തേണ്ടതെന്നും കെ.എസ്.ഇ.ബി, കല്‍പ്പറ്റ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.

ആശുപത്രികള്‍ ഉള്‍പ്പെടെ ജനറേറ്ററുകള്‍ സജ്ജമാക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. മൊബൈല്‍ ടവര്‍ ഓപ്പറേറ്റര്‍മാര്‍ 24 മണിക്കൂറും പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനുള്ള ജനറേറ്ററുകള്‍ സജ്ജമാക്കണമെന്നു നിര്‍ദ്ദേശം നല്‍കി. ഇന്ധന ലഭ്യത ജില്ലാ ഭരണ കൂടം ഉറപ്പു വരുത്തും. പെട്രോള്‍ ബങ്കുകള്‍ ആവശ്യത്തിന് സ്റ്റോക്ക് കരുതണമെന്ന് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയിലേക്ക് കൂടുതല്‍ ജനറേറ്ററുകള്‍ എത്തിക്കും

വയനാട് വെള്ളപ്പൊക്കം, കേരള വെള്ളപ്പൊക്കം, kerala flood, wayanad flood

കാലവര്‍ഷം ശക്തി പ്രാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കലക്ടര്‍ ഉത്തരവിട്ടു. ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ദുരന്തനിവാരണ നിയമ പ്രകാരം കേസ്സെടുക്കും. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ജില്ലാ ജിയോളജിസ്റ്റ്, തഹസില്‍ദാര്‍മാര്‍ എന്നിവര്‍ ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

വയനാട് വെള്ളപ്പൊക്കം, കേരള വെള്ളപ്പൊക്കം, kerala flood, wayanad flood

പ്രളയ ദുരന്ത നിവാരണത്തിനായി അഗ്‌നി രക്ഷാസേനയ്ക്ക് വയനാട് ജില്ലാ പഞ്ചായത്തിന്റെ ബോട്ടുകള്‍ നല്‍കി. ജലവിതാനത്തിന് മുകളില്‍ രക്ഷാ പ്രവര്‍ത്തനം നടത്താന്‍ രണ്ടു രക്ഷാബോട്ടുകളാണ് ജില്ലാപഞ്ചായത്ത് ദുരന്ത നിവാരണ പദ്ധതിയില്‍ വാങ്ങി നല്‍കിയത്. നാട് അഭിമുഖീകരിച്ച രണ്ട് പ്രളയത്തിലും ബോട്ടുകളടക്കമുള്ള സംവിധാനങ്ങള്‍ ഇതര ജില്ലകളില്‍ നിന്നുമാണ് എത്തിയത്.

എട്ടു മുതല്‍ പത്ത് വരെ ആളുകള്‍ക്ക് ഒരേ സമയം സഞ്ചരിക്കാന്‍ കഴിയുന്നതും എഞ്ചിന്‍ ഘടിപ്പിക്കാവുന്നതുമാണ് ഈ ബോട്ടുകള്‍. കുത്തൊഴുക്കിലൂടെ മുന്നേറി അതിവേഗ രക്ഷാ പ്രവര്‍ത്തനത്തിന് ഈ ബോട്ടുകള്‍ ഉപയോഗിക്കാം. ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് എത്തിക്കാനും എളുപ്പം കഴിയും. ഏഴര ലക്ഷം രൂപ വീതം ചെലവ് വരുന്ന ബോട്ടുകളും ആവശ്യത്തിന് ലൈഫ് ജാക്കറ്റുകളും മഹാരാഷ്ട്രയില്‍ നിന്നാണ് കഴിഞ്ഞ ദിവസം ജില്ലയില്‍ എത്തിച്ചത്.

വയനാട് വെള്ളപ്പൊക്കം, കേരള വെള്ളപ്പൊക്കം, kerala flood, wayanad

വെള്ളപ്പൊക്ക ഭീഷണിയും മലയിടിച്ചില്‍ സാധ്യതയുമുള്ളതിനാല്‍ വൈത്തിരി, മാനന്തവാടി, സുൽത്താൻ ബത്തേരി താലൂക്കുകളിലായി 30 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. വൈത്തിരിയിൽ പതിനെട്ടും മാനന്തവാടിയിൽ പത്തും ബത്തേരിയിൽ രണ്ടും ക്യാമ്പുകളാണു തുറന്നത്. 456 കുടുംബങ്ങളിലെ 1664 പേരാണ് ഈ ക്യാമ്പുകളിലുള്ളത്.

വൈത്തിരിയിൽ 250 കുടുംബങ്ങളിലെ 897 പേരും  മാനന്തവാടിയിൽ  154 കുടുംബങ്ങളിലെ 610 പേരും ബത്തേരിയിൽ  52 കുടുംബങ്ങളിലെ 157 പേരുമാണു ക്യാമ്പുകളിലുള്ളത്.

വയനാട് വെള്ളപ്പൊക്കം, കേരള വെള്ളപ്പൊക്കം, kerala flood, wayanad flood

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് താമസം മാറിയവര്‍ പുറത്തിറങ്ങി നടക്കരുതെന്ന് കലക്ടര്‍  കര്‍ശന നിര്‍ദേശം നല്‍കി. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ക്യാമ്പുകളില്‍ കഴിയേണ്ടത്. ആവശ്യമായ വസ്തുക്കള്‍ ക്യാമ്പുകളില്‍ ലഭ്യമാക്കാന്‍ പഞ്ചായത്തുകള്‍ നടപടി സ്വീകരിക്കണം. മാസ്‌കുകള്‍, സാനിറ്റൈസറുകള്‍, സോപ്പ്, എലിപ്പനിക്കുള്ള മരുന്ന് മുതലായവ ലഭ്യമാക്കണം. റേഡിയോയും അനൗണ്‍സ്‌മെന്റ് സംവിധാനവും ഒരുക്കണം. ക്യാമ്പുകളില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കുമെന്നും കലക്ടർ അറിയിച്ചു.

വയനാട് വെള്ളപ്പൊക്കം, കേരള വെള്ളപ്പൊക്കം, kerala flood, wayanad flood

കലക്ടറുടെ ഉത്തരവ് പ്രകാരം സ്വകാര്യ ഭൂമിയിലെ അപകടകരങ്ങളായ മരങ്ങളും മരച്ചില്ലകളും മുറിച്ച് മാറ്റുവാൻ നിർദേശം നൽകിയിരുന്നു. മുറിച്ചു മാറ്റാത്ത മരങ്ങളോ ചില്ലകളോ വീണ് ഉണ്ടാകുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള ബാധ്യത അതത് ഭൂമിയുടെ ഉടമസ്ഥരായ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമാണെന്ന് മാനന്തവാടി നഗരസഭാ സെക്രട്ടറി അറിയിച്ചു.

പാലക്കാട് വെള്ളപ്പൊക്കം, കേരളം വെള്ളപ്പൊക്കം, palakkad flood, kerala flood

കനത്ത മഴ,  ചൂരൽമലയിൽ അതീവ ജാഗ്രത

വയനാട് ജില്ലയിലെ മേപ്പാടി ചൂരൽമല പ്രദേശത്ത് 6 ദിവസത്തെ മഴ 1200 മില്ലീമീറ്റർ കവിഞ്ഞു. കൂടുതൽ മഴ തുടർന്നാൽ അത് ഉരുൾപൊട്ടലിലേക്കും മണ്ണിടിച്ചിലിലേക്കും നയിക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പ്രദേശത്ത് അതീവ ജാഗ്രത പാലിക്കാനും നിർദേശമുണ്ട്..

ശിരുവാണിയിലും ജലനിരപ്പ് ഉയരുന്നു

വൃഷ്ടിപ്രദേശത്ത് മഴ കനക്കുന്നതിനെത്തുടര്‍ന്ന് പാലക്കാട് ജില്ലയിലെ ശിരുവാണിപ്പുഴയിലും ജലനിരപ്പ് ഉയരുകയാണ്. കോട്ടത്തറ ഭാഗത്തുള്ള തീരദേശ വാസികള്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. മഴക്കെടുതിയിൽ ജില്ലയില്‍ മണ്ണാര്‍ക്കാട്, അട്ടപ്പാടി മേഖലകളില്‍ നാശനഷ്ടമുണ്ടായി.

ജില്ലയിലെത്തിയ ദേശീയ ദുരന്ത നിവാരണ പ്രതികരണ സംഘം മലമ്പുഴ അണക്കെട്ടും പരിസര പ്രദേശങ്ങളും സന്ദര്‍ശിച്ചു. സേനയുടെ ഒരു യൂണിറ്റ് മലപ്പുറം ജില്ലയിലെ നിലമ്പൂരിലേക്ക് തിരിച്ചു. മലപ്പുറം ജില്ലയില്‍ ചാലിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ അടിയന്തരമായ ബന്ധുവീടുകളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറി താമസിക്കണമെന്ന് കലക്ടര്‍ നിർദേശിച്ചു.

palakkad flood, kerala flood

മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ രണ്ടു ക്യാമ്പുകൾ തുറന്നു. ഷോളയൂർ ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിലും പാലക്കയം ദാറുൽ ഫർഖാൻ ഗേൾസ് ഹോമിലുമാണ് ക്യാമ്പുകൾ തുറന്നത്. ഷോളയൂരിൽ മൂന്ന് കുടുംബങ്ങളിലെ 14 പേരും പാലക്കയത്ത് എട്ടു കുടുംബങ്ങളിലെ 20 പേരുമാണ് താമസിക്കുന്നത്.

ജില്ലയിൽ കഴിഞ്ഞദിവസമുണ്ടായ കനത്ത മഴയിൽ മണ്ണാർക്കാട് താലൂക്കിലെ ഒരു വീട് പൂർണമായും തകർന്നിരുന്നു. ആലത്തൂർ, ചിറ്റൂർ, പാലക്കാട്, മണ്ണാർക്കാട് താലൂക്കുകളിലായി 35 വീടുകളിൽ ഭാഗികമായ കേടുപാടുകൾ സംഭവിച്ചു.

48.79 കിലോമീറ്റർ കെഎസ്ഇബി കണക്ഷനുകൾക്കാണ് കഴിഞ്ഞ ദിവസം പെയ്ത മഴയിൽ കേടുപാട് സംഭവിച്ചത്. കൂടാതെ 347 പോസ്റ്റുകളും 2 ട്രാൻസ്ഫോർമറുകളും തകർന്നു. 79.17 ഹെക്ടർ കൃഷിനാശവും ഉണ്ടായി.

പാലക്കാട് -പൊള്ളാച്ചി, കൽമണ്ഡപം -കൽപാത്തി, തണ്ണീർപന്തൽ എന്നീ റോഡുകളിലെ ചില ഭാഗങ്ങളിൽ കേടുപാടുകൾ സംഭവിച്ചു. ഒറ്റപ്പാലം മണ്ണാർക്കാട് റോഡിലെ കലുങ്കിന് കേടുപാടുണ്ടായി. മണ്ണാർക്കാട് ചിന്നതടാകം റോഡിലും മരം വീണും കേടുപാട് സംഭവിച്ചു.

കോഴിക്കോട്ട് രണ്ട് ക്യാമ്പ് തുറന്നു

കോഴിക്കോട് ജില്ലയിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും ജാഗ്രത പാലിക്കാനും തയാറെടുപ്പുകൾ നടത്താനും ജില്ലാ ഭരണകൂടത്തിന്റെ നിർദേശം. ചാലിയാർ, ഇരുവഴഞ്ഞിപ്പുഴ തീരവാസികൾ ജാഗ്രത പുലർത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അഭ്യർഥിച്ചു. കാലവർഷം ശക്തിപ്രാപിച്ചതോടെ ജില്ലയിലുടനീളം ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. എല്ലാ താലൂക്കുകളിളും കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നാലു വീടുകളാണ് ഭാഗികമായി തകർന്നു. കാലവർഷം ആരംഭിച്ച ജൂൺ മുതൽ ഇതുവരെ രണ്ടു വീട് പൂർണമായും 62 വീടുകൾ ഭാഗികമായും തകർന്നു. മഴക്കെടുതി നേരിടുന്നതിനായി ജില്ലയിലെ നാലു താലൂക്കുകളിലും ദുരിതാശ്വാസ പ്രവർത്തന സജ്ജീകരണങ്ങൾ പൂർത്തിയായി. രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.

മാവൂർ വില്ലേജിലെ ജിഎംയുപി സ്‌കൂൾ, കച്ചേരിക്കുന്ന് അംഗൻവാടി എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ ആരംഭിച്ചത്. രണ്ടിടങ്ങളിലുമായി ഓരോ കുടുംബത്തെയാണു മാറ്റിപ്പാർപ്പിച്ചത്. വെള്ളപ്പൊക്ക ഭീഷണിയുള്ള രണ്ട് കുടുംബങ്ങൾ ബന്ധു വീടുകളിലേക്ക് മാറിയിട്ടുണ്ട്.

കൊടിയത്തൂർ വില്ലേജിൽ മലയിടിച്ചിൽ സാധ്യതയുള്ള പ്രദേശത്തുനിന്ന് ഒരു കുടുംബത്തെ ബന്ധുവീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു. കനത്ത മഴയും ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാലും താമരശേരി മുത്തപ്പൻപുഴ ആദിവാസി കോളനിയിലെ എട്ടു കുടുംബങ്ങളെ മാറ്റിപാർപ്പിക്കാനുള്ള നടപടി സ്വീകരിച്ചുവരികയാണ്.

താമരശേരി താലൂക്കിൽഅടിയന്തിര സാഹചര്യങ്ങൾ നേരിടാൻ ഫയർഫോഴ്സ് അടക്കമുള്ള സജ്ജീകരണങ്ങൾ  ഒരുങ്ങി. മുക്കത്ത് നിന്നുള്ള ഒരു യൂണിറ്റ് ഫയർഫോഴ്സാണ് താമരശേരി പൊതുമരാമത്ത് റസ്റ്റ്ഹൗസിൽ ക്യാമ്പ് ചെയ്യുന്നത്.

കൺട്രോൾ റൂം നമ്പറുകൾ: 1077 (കലക്ടറേറ്റ്), 0496 2522361 (വടകര), 8075359910, 9746397980 (കോഴിക്കോട്), 0496-2620235 (കൊയിലാണ്ടി), 0495 2220588,0495 2223088 (താമരശേരി).

മലപ്പുറത്ത് എട്ട് ക്യാമ്പുകള്‍ തുറന്നു

മലപ്പുറം ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കൂടുതല്‍  ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.നിലമ്പൂര്‍ താലൂക്കില്‍ ആറും ഏറനാട്, പൊന്നാനി താലൂക്കുകളില്‍ ഓരോ ക്യാമ്പുകളുമാണ് നിലവിലുള്ളത്. 104 കുടുംബങ്ങളില്‍ നിന്നായി 408 പേര്‍   ക്യാമ്പുകളിലുണ്ട്.

പ്രളയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കൊണ്ടോട്ടി താലൂക്കില്‍ 48 ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്. താലൂക്കിലെ എല്ലാ ക്യാമ്പുകളിലേക്കും അവശ്യ സൗകര്യങ്ങളൊരുക്കുന്നതിനും പ്രളയ സുരക്ഷാ ക്രമീകരണങ്ങളൊരുക്കുന്നതിനുമായി ചീക്കോട്  പഞ്ചായത്തില്‍ ബെയ്‌സ് ക്യാമ്പ് ആരംഭിച്ചു.  പ്രളയ സുരക്ഷാ ക്രമീകരങ്ങള്‍ക്കാവശ്യമായ ബോട്ട്, ലൈഫ് ജാക്കറ്റ് തുടങ്ങിയ എല്ലാ വസ്തുക്കളും ക്യാമ്പില്‍ ഒരുക്കിയിട്ടുണ്ട്. ഇവിടേക്ക് 20 അഗ്‌നി സുരക്ഷാ സേനാംഗങ്ങള്‍ എത്തി. റവന്യൂ ഉദ്യോഗസ്ഥര്‍, പൊലീസ് തുടങ്ങിയ സുരക്ഷാ ഉദ്യേഗസ്ഥരുടെ സേവനവും ലഭിക്കും.

ചാലിയാറിന്റെ തീരത്തുള്ള വാഴക്കാട്, വാഴയൂര്‍ ഗ്രാമ പഞ്ചായത്തുകളില്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങളൊരുക്കി.നാല് ഫൈബര്‍  ബോട്ടുകളും ഈ മേഖലകളില്‍  ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ ബോട്ടുകള്‍  എത്തുമെന്നു കൊണ്ടോട്ടി തഹസില്‍ദാര്‍ പി.ചന്ദ്രന്‍ അറിയിച്ചു.

ജില്ലാ കണ്‍ട്രോള്‍ റൂം നമ്പറുകൾ- 1077, 0483: 2736320. താലൂക്ക് തല കണ്‍ട്രോള്‍ റൂംറൂം നമ്പറുകൾ: പൊന്നാനി 0494- 2666038, തിരൂര്‍-0494 2422238, തിരൂരങ്ങാടി- 0494 2461055, ഏറനാട്- 0483 2766121, പെരിന്തല്‍മണ്ണ-0493 3227230, നിലമ്പൂര്‍-04931 221471, കൊണ്ടോട്ടി-0483 2713311.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala flood 2020 weather districts