കൊച്ചി: പൊലീസ് സംരക്ഷണം തേടി കേരള ഫിഷറീസ് സര്‍വകലാശാല (കുഫോസ്) വൈസ് ചാന്‍സലര്‍ ഹൈക്കോടതിയെ സമീപിച്ചു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ ക്യാംപസിൽ അഴിഞ്ഞാടുകയാണെന്നും സര്‍വകലാശാലയ്ക്കും വൈസ് ചാന്‍സലര്‍ക്കും അധ്യാപകര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും സംരക്ഷണം വേണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.
സർവകലാശാലയുടെ പ്രവർത്തനം സുഗമമായി നടത്താൻ പൊലീസ് സഹായം വേണമെന്നാണ് വൈസ് ചാൻസലർ ഡോക്ടർ എ.രാമചന്ദ്രന്റെ ഹർജിയിലെ ആവശ്യം. ചില വിഷയങ്ങൾ ഉന്നയിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തിൽ സർവകലാശാലയിൽ സമരം നടത്തിയെന്നും പ്രശ്നപരിഹാരത്തിന് ‘സ്റ്റുഡൻസ് ഗ്രീവൻസ് സെൽ’ രൂപീകരിച്ചിട്ടുണ്ടന്നും ഹർജിയിൽ പറയുന്നു.
Read Also: അഭിമന്യു കുറിച്ച വരികളാണ് എസ്എഫ്ഐയുടെ ആയുധം, കത്തിയും കഠാരയുമല്ല: വി.പി.സാനു
ബി.ടെക്, എം.ടെക് കോഴ്സുകൾക്ക് കൊച്ചി സർവകലാശാല അംഗീകാരം പിൻവലിച്ചെന്നും, അംഗീകാരം നേടിയെടുക്കാൻ കുഫോസ് ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചായിരുന്നു എസ്എഫ്ഐയുടെ സമരം. കുടിവെള്ളം മലിനമാണെന്നും മാലിന്യ സംസ്കരണത്തിനു നടപടിയില്ലെന്നുമായിരുന്നു വിദ്യാർഥികളുടെ മറ്റ് പരാതികൾ.
ജസ്റ്റിസ് വിനോദ ചന്ദ്രന്റെ അധ്യക്ഷതയിലുള്ള ബഞ്ച് കേസ് കേൾക്കുന്നതിൽ നിന്ന് ഒഴിവായി. ബഞ്ച് തീരുമാനിക്കാനായി കേസ് ചീഫ് ജസ്റ്റിസിനയച്ചു. അടുത്ത ദിവസം കേസ് പരിഗണിക്കും.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കുഫോസിൽ നിന്നും ഇത്തരം ഒരു ആരോപണം ഉയർന്നിരിക്കുന്നത്. ഇതോടെ എസ്എഫ്ഐ സംസ്ഥാന നേതൃത്വവും പ്രതിരോധത്തിലായിരിക്കുകയാണ്.