സംസ്ഥാനത്ത് ഒമിക്രോൺ കോവിഡ് വകഭേദം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. യുകെയിൽ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് വകഭേദം സ്ഥിരീകരിച്ചത്. യുകെയിൽ നിന്ന് അബുദബിയിലെത്തിയ ഇയാൾ ഈ മാസം ആറിന് അബൂദബിയിൽ നിന്ന് കൊച്ചിയിലെത്തുകയായിരുന്നെന്ന് മന്ത്രി അറിയിച്ചു.
കൊച്ചിയിലെത്തിയ ശേഷം ആദ്യം ഇയാളിൽ നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവ് ഫലമാണ് ലഭിച്ചതെന്നും എന്നാൽ രണ്ട് ദിവസത്തിന് ശേഷം ഈ മാസം എട്ടിന് നടത്തിയ പരിശോധനയിൽ പോസിറ്റീവ് ഫലം ലഭിച്ചെന്നും മന്ത്രി പറഞ്ഞു. തുടർന്ന് സാംപിൾ അയച്ച് നടത്തിയ പരിശോധനയിൽ ഒമിക്രോൺ വകഭേദമാണെന്ന് സ്ഥിരീകരിച്ചു.
വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രികരെയും, പ്രത്യേകിച്ച് സമീപ സീറ്റുകളിലുണ്ടായിരുന്ന ഹൈ റിസ്ക് യാത്രക്കാരെ വിവരം അറിയിച്ചിട്ടുണ്ട്. 149 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
Also Read: ഒമിക്രോൺ: വാക്സിൻ ബൂസ്റ്റർ ഡോസുകൾ നൽകാനുള്ള സാധ്യത എത്രത്തോളം
ഒമിക്രോൺ ബാധിതനെ ഐസൊലേഷനിലേക്ക് മാറ്റിയതായും സ്ഥിതി ഗുരുതരമല്ലെന്നും മന്ത്രി അറിയിച്ചു. മാതാവും ഭാര്യയുമായാണ് പ്രാദേശികമായി ഇയാൾ സമ്പർക്കത്തിലുണ്ടായിരുന്നത്. അവർ രണ്ടുപേരും പോസിറ്റീവ് ആയിട്ടുണ്ട്. ഇവരെയും ഐസൊലേഷനിലേക്ക് മാറ്റിയതായി മന്ത്രി അറിയിച്ചു.
എല്ലാ വിധ നടപടികളും ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. കോണ്ടോക്ടുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ മാർഗ നിർദേശങ്ങൾ അനുസരിച്ച് എല്ലാ നടപടികളും സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.