തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങള്‍ക്ക് ജി എസ് ടി ഈടാക്കില്ലെ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തില്‍ വ്യക്തത വരുത്തി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍.
സപ്ലൈക്കൊ, ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ്, സാധരണ കടകള്‍ എന്നിവ വഴി വില്‍ക്കുന്ന സാധനങ്ങള്‍ക്ക് അഞ്ചു ശതമാനം ജി എസ് ടി ഇല്ലെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉദ്യോഗസ്ഥര്‍ സ്റ്റോറുകളില്‍ നേരിട്ടെത്തി പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച ബില്ല് ഉള്‍പ്പടെ കാണിച്ചായിരുന്നു മന്ത്രിയുടെ വിശദീകരണം.
“ചെറുകിട സംരംഭകരെ ജി എസ് ടിയുടെ അധിക ബാധ്യതയിൽ നിന്ന് ഒഴിവാക്കും എന്നാണ് പറഞ്ഞത്. നിയമപ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. സുപ്രീം കോടതി വിധിയും പരിശോധിച്ച് കാര്യങ്ങളില്‍ വ്യക്തത വരുത്താനാകും,” ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
“ജി എസ് ടി നടപ്പാക്കില്ല എന്ന് പറയുന്നതിൽ പ്രായോഗിക പ്രശ്നങ്ങൾ ഇല്ല. കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം മാറ്റം വരുത്താതെയാണ് കേരളത്തിലും ഇറക്കിയത്. സാധാരണ കടകളിൽ ജി എസ് ടിയുടെ പേരിൽ വില കൂട്ടിയാൽ ജനങ്ങൾക്ക് പരാതിപ്പെടാം. 40 ലക്ഷത്തിന് താഴെ വിറ്റുവരവുള്ള കടകൾ ജി എസ് ടി ചുമത്തിയാലും പരാതിപ്പെടാവുന്നതാണ്,” ധനമന്ത്രി വ്യക്തമാക്കി.
ബ്രാന്‍ഡ് ഉത്പന്നങ്ങളുടെ കാര്യം വ്യത്യസ്തമാണെന്നും മന്ത്രി അറിയിച്ചു. “മില്‍മ ബ്രാന്‍ഡാണ്. അതിനാലാണ് ജി എസ് ടി ഉള്‍പ്പെടുത്തിയത്. ബ്രാന്‍ഡുകളുടെ കാര്യത്തില്‍ പരിമിതിയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കാര്യങ്ങള്‍ മനസിലാക്കുമെന്നാണ് കരുതുന്നത്,” മന്ത്രി പറഞ്ഞു.
ജി എസ് ടി വകുപ്പിന്റെ പുഃസംഘടനയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയതായും മന്ത്രി അറിയിച്ചു. നികുതി സമ്പ്രദായത്തില്‍ പുതിയ കാഴ്ചപാട് രൂപപ്പെട്ടതോടെ പുതിയ നിയമത്തിനും ചട്ടത്തിനും അനുസൃതമായി കാലോചിതമായ പരിഷ്കരണം വകുപ്പിന്റെ ഘടനയിലും പ്രവര്‍ത്തനത്തിലും നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായാണ് പുഃസംഘടന. 2018ല്‍ രൂപീകരിച്ച ഉന്നതല സിമിതിയുടെ ശുപാര്‍ശകള്‍ കൂടി പരിഗണിച്ചാണ് പുഃസംഘടനയ്ക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്.
ഇതനുസരിച്ച് ചരക്കുസേവന നികുതി വകുപ്പില്‍ പ്രധാനമായും മൂന്നു വിഭാഗങ്ങളാണ് ഉണ്ടാകുക. 1. നികുതിദായകസേവന വിഭാഗം, 2. ഓഡിറ്റ് വിഭാഗം, 3. ഇന്റലിജന്‍സ് ആന്റ് എന്‍ഫോഴ്സ് വിഭാഗം. ഈ മൂന്നു വിഭാഗങ്ങള്‍ക്കും നിലവിലുള്ള മറ്റു വിഭാഗങ്ങള്‍ക്കും പുറമേ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്നതിനായി ടാക്സ് റിസേര്‍ച്ച് ആന്റ് പോളിസി സെല്‍, റിവ്യൂ സെല്‍, സി ആന്റ് എജി സെല്‍, അഡ്വാന്‍സ് റൂളിംഗ് സെല്‍, പബ്ലിക്ക് റിലേഷന്‍സ് സെല്‍, സെന്റട്രല്‍ രജിസ്ട്രേഷന് യൂണിറ്റ്, ഇന്റര്‍ അഡ്മിനിസ്ട്രേഷന് കോ-ഓര്‍ഡിനേഷന്‍ സെല്‍ എന്നിവ ആസ്ഥാന ഓഫീസ് കേന്ദ്രീകരിച്ചും പുതുതായി സൃഷ്ടിക്കും. ഏഴ് സോണുകളിലായി 140 ഓഡിറ്റ് ടീമുകളെയും നിയമിക്കും.