Latest News

ജിഎസ്ടി നഷ്ടപരിഹാരം: 75,000 കോടി വിതരണം ചെയ്ത് കേന്ദ്രം; കേരളത്തിന് 4122 കോടി

കേരളത്തിന് ജിഎസ്ടി നഷ്ടപരിഹാരം കാലതാമസമില്ലാതെ നല്‍കുമെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാലിന് ഉറപ്പുനല്‍കിയിരുന്നു

gst, gst compensation kerala, nirmala sithraman, kn balagopal, gst compensation due, kn balagopal meets nirmala sitharaman, kerala demand gst compensation due, covid19 financial support for states, ie malayalam
ഫൊട്ടോ: ട്വിറ്റർ/നിർമല സീതാരാമൻ

ന്യൂഡല്‍ഹി: ജിഎസ്ടി നടപ്പാക്കിയതു മൂലം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമുണ്ടായ വരുമാനത്തിലെ കുറവ് പരിഹരിക്കാന്‍ 75,000 കോടി രൂപ വായ്പയെടുത്ത് നല്‍കി കേന്ദ്രസര്‍ക്കാര്‍. കേരളത്തിന് 4122.27 കോടി രൂപയാണ് ലഭിക്കുക. കോവിഡ് സാചര്യത്തിൽ വലയുന്ന സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വലിയ ആശ്വാസം പകരുന്നതാണ് കേന്ദ്രത്തിന്റെ നടപടി.

യഥാര്‍ത്ഥ നികുതി ശേഖരത്തില്‍നിന്ന് രണ്ടു മാസം കൂടുമ്പോൾ അനുവദിക്കുന്ന സാധാരണ ജിഎസ്ടി നഷ്ടപരിഹാരത്തിനു പുറമെയാണ് ഇപ്പോൾ അനുവദിച്ച തുക. ഒരു വര്‍ഷത്തേക്കുള്ള മൊത്തം കുറവിന്റെ 50 ശതമാനവും ഒരൊറ്റ തവണയായി വിതരണം ചെയ്തതായി ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ ട്വീറ്റില്‍ പറഞ്ഞു.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട ജിഎസ്ടി നഷ്ടപരിഹാരത്തിൽ 2.59 ലക്ഷം കോടി രൂപയുടെ കുറവുണ്ടായതായാണ് കേന്ദ്രം കണക്കാക്കിയിരിക്കുന്നത്. ഒരു ലക്ഷം കോടി രൂപ ആഡംബര വസ്തുക്കള്‍ ഉള്‍പ്പെടയെുള്ളവയുടെ സെസ് വഴി സമാഹരിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നതത്. 1.59 ലക്ഷം കോടി രൂപ ഈ വര്‍ഷം വായ്പയെടുക്കേണ്ടിവരും. ഈ തുക ജിഎസ്ടി നടപ്പാക്കുന്നതിലൂടെ ഉണ്ടാകുന്ന വരുമാനത്തിലെ കുറവിന് പരിഹാരമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കും.

വിഭവ വിടവ് നികത്താന്‍ കേന്ദ്രസര്‍ക്കാര്‍ 1.59 ലക്ഷം കോടി രൂപ വായ്പയെടുത്ത് വിതരണം ചെയ്യാന്‍ തീരുമാനിച്ചതായി മേയ് 28 ലെ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ധനമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

കേരളത്തിന് ജിഎസ്ടി നഷ്ടപരിഹാരം കാലതാമസമില്ലാതെ നല്‍കുമെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാലിന് ഉറപ്പുനല്‍കിയിരുന്നു. കുടിശികയായ 4524 കോടി രൂപ അടിയന്തിരമായി നല്‍കണമെന്ന് കെ.എന്‍. ബാലഗോപാല്‍ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു ഈ ഉറപ്പ്. നഷ്ടപരിഹാര കാലയളവ് അഞ്ചു വര്‍ഷത്തേയ്ക്കു കൂടി ദീര്‍ഘിപ്പിക്കണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കുമെന്നും നിർമല സീതാരാമൻ പറഞ്ഞു.

സംസ്ഥാനങ്ങളുടെ വാര്‍ഷിക വായ്പാ പരിധി ഉപാധികളില്ലാതെ സംസ്ഥാന ജിഡിപിയുടെ അഞ്ചു ശതമാനമായി ഉയര്‍ത്തണമെന്നതാണ് ബാലഗോപാല്‍ ഉന്നയിച്ച മറ്റൊരു ആവശ്യം. കോവിഡ് സാഹചര്യത്തില്‍ ചെറുകിട കച്ചവടക്കാരും കര്‍ഷകരും തൊഴിലാളികളും കടുത്ത പ്രതിസന്ധിയിലാണ്. പ്രതിസന്ധി നേരിടുന്ന കശുവണ്ടിത്തൊഴിലാളികളിലും കയര്‍, കൈത്തറി തുടങ്ങിയ പരമ്പതാഗത വ്യവസായങ്ങളിലും ഏറിയ പങ്കും വനിതകളാണ്. കുടുംബശ്രീ പ്രവര്‍ത്തകരും റബര്‍ തുടങ്ങിയ പ്ലാന്റേഷന്‍ വ്യവസായങ്ങളും കടുത്ത പ്രതിസന്ധിയിലാണ്. ഈ മേഖലകളില്‍ തൊഴിലില്ലായ്മ അതിരൂക്ഷമാണ്. റബറിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കാന്‍ റബറൈസ്ഡ് റോഡുകളുടെ നിര്‍മാണം പോത്സാഹിപ്പിക്കുന്നതിന് ഇടപെടല്‍ ഉണ്ടാകണം. ചെറുകിട വ്യാപാരികളും ഉപഭോക്താക്കളും വായ്പ തിരിച്ചടവിന് കഴിവില്ലാത്ത അവസ്ഥയിലാണ്. വായ്പകള്‍ക്കു മോറട്ടോറിയം പ്രഖ്യാപിക്കണമെന്നതും സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ ആവശ്യമാണ്.

Also Read: ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പ്: അനുപാതം പുനക്രമീകരിക്കാൻ മന്ത്രിസഭാ തീരുമാനം

നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനികളുടെ മൈക്രോ ഫിനാന്‍സ് (എന്‍ ബി എഫ് സി) മുഖാന്തിരം 1.5 ലക്ഷം രൂപ വരെ വ്യക്തിഗത വായ്പ ഈടില്ലാതെ നല്‍കാന്‍ നടപടിയായിട്ടുണ്ടെന്ന് നിര്‍മല സീതാരാമന്‍ അറിയിച്ചു. വനിതാ തൊഴിലാളികള്‍ക്കും കുടുബശ്രീ പ്രവര്‍ത്തകര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഏതെല്ലാം ആവശ്യങ്ങള്‍ക്ക് ഇത് ഉപയോഗിക്കാമെന്ന നിബന്ധനയുമില്ല. വ്യാപാരികളെ എംഎസ്എംഇ പ്രയോരിറ്റി സെക്ടര്‍ ലെന്‍ഡിങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. പ്രയോരിറ്റി സെക്ടര്‍ ലെന്‍ഡിങ്ങിന് അധികമായി 1.5 ലക്ഷം കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ പ്രയോജനവും വ്യാപാരികള്‍ക്കു ലഭിക്കും. ഇതില്‍ തടസങ്ങളുണ്ടായാല്‍ ഇടപെടുമെന്നും മന്ത്രി അറിയിച്ചു.

പതിനഞ്ചാം ധനകാര്യ കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരം 2025-26 വരെ കാലയളവില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ നികുതി വിഹിതം 2.50 ശതമാനത്തില്‍നിന്ന് 1.92 ആയി കുറച്ചിട്ടുണ്ട്. ഇതില്‍ ഇടപെടലുണ്ടാകണമെന്നും കേരളത്തിന് സെക്ടര്‍ സ്പെസിഫിക് ഗ്രാന്റായി 2412 കോടി രൂപയും സ്റ്റേറ്റ് സ്പെസിഫിക് ഗ്രാന്റായി 1100 കോടി രൂപയും നല്‍കണമെന്നും കെഎന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു.

ഉന്നയിച്ച വിഷയങ്ങളിലെല്ലാം നടപടിയുണ്ടാകുമെന്നും ഓണം കഴിഞ്ഞ് കേരളം സന്ദര്‍ശിക്കുമെന്നും വിഷയങ്ങള്‍ പരിഹരിക്കുന്നത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേരളത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ പിന്തുണ ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി ഉറപ്പു നല്‍കി. ഫിനാന്‍സ് സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala finance minister kn balagopal meeting with nirmala sitharaman gst compensation

Next Story
വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ റഗുലേറ്ററി കമ്മീഷൻElectricity
The moderation of comments is automated and not cleared manually by malayalam.indianexpress.com