തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ഔദ്യോഗിക വസതിയിൽ ഐസലേഷനിലേക്ക് മാറിയ മന്ത്രിയെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകിട്ട് നടത്തിയ ആന്റിബോഡി പരിശോധനയിൽ ആണ് അദ്ദേഹം കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.  മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണ്. രോഗ ഉറവിടം ഇതുവരെ കണ്ടെത്താനായില്ലെന്നാണ് വിവരം. കോവിഡ് രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെത്തുടർന്നാണ് മന്ത്രി പരിശോധനയ്ക്ക് വിധേയനായത്.

അണുനശീകരണ ത്തിന്റെ ബാഗമായി ധനമന്ത്രിയുടെ ഓഫീസ്‌ നാളെ പ്രവർത്തിക്കില്ല. മന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫ് അടക്കമുളളവര്‍ നിരീക്ഷണത്തില്‍ പോയി. മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളിൽ ആർക്കും രോഗം സ്ഥിരീകരിച്ചിട്ടല്ല.

അതേ സമയം സംസ്ഥാനത്ത് ഇന്ന് കോവിഡ് രോഗബാധ കുതിച്ചുയരുകയാണ്. ഇന്ന് സംസ്ഥാനത്ത് 3082 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. പ്രതിദിന കണക്കിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ആദ്യമായാണ് സംസ്ഥാനത്ത് ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 3000 കടക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 2844 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. ഇന്ന് 10 കോവിഡ് മരണങ്ങൾ കൂടി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തപ്പോൾ ചികിത്സയിലായിരുന്ന 2196 പേർ രോഗമുക്തി നേടി.

Read More: എട്ട് ജില്ലകളിലും ഇരുന്നൂറിലധികം പുതിയ രോഗബാധിതർ, മൂന്ന് ജില്ലകളിൽ മുന്നൂറിലധികം

സംസ്ഥാനത്ത് ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിലും ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം നൂറിലധികമാണ്. ഇതിൽ കോട്ടയം, തൃശൂര്‍, പാലക്കാട് , പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇരുന്നൂറോ അതിലധികമോ ആണ്. തിരുവനന്തപുരം ജില്ലയിൽ 528 പേർക്കും മലപ്പുറം ജില്ലയിൽ 324 പേർക്കും കൊല്ലം ജില്ലയിൽ 328 പേർക്കും രോഗം സ്ഥിരീകരിച്ചു.

Read More: മൂവായിരവും കടന്ന് പ്രതിദിന കണക്ക്; ഇന്ന് സംസ്ഥാനത്ത് 3082 പേർക്ക് കോവിഡ്, 2196 പേർക്ക് രോഗമുക്തി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.