കോട്ടയം: കോട്ടയത്ത് ഓടുന്ന ട്രെയിനിനു മുകളിലേക്കു വൈദ്യുതിലൈൻ പൊട്ടിവീണു. സംഭവത്തിൽ ആളപായമില്ലെന്ന് റെയിൽവേ അറിയിച്ചു. കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു.
കോട്ടയം കോതനല്ലൂരിലാണ് അപകടം നടന്നത്. തിരുവനന്തപുരം – ന്യൂഡൽഹി കേരള എക്‌പ്രസിനു മുകളിലേക്കാണ് വൈദ്യുതി ലൈൻ പൊട്ടി വീണത്.
അപകടം നടന്ന ഉടൻ തന്നെ ട്രെയിൻ നിർത്തി യാത്രക്കാരെ പുറത്തിറക്കി. ട്രെയിൻ പിടിച്ചിട്ടിരിക്കുകയാണ്. വൈദ്യുതി ലൈനുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെത്തുടർന്നാണ് ട്രെയിൻ പിടിച്ചിട്ടത്.
തൃശൂരിനു സമീപം പുതുക്കാട്ട് ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയതിനെത്തുടർന്ന് താറുമാറായ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചതിനു പിന്നാലയാണ് പുതിയ സംഭവം. ഇന്നലെ ഉച്ചയ്ക്കുശേഷമാണ് പുതുക്കാട്ട് ട്രെയിൻ പാളം തെറ്റിയത് ഇന്ന് രാവിലെ ഗുഡ്‌സ് ട്രെയിനിന്റെ ബോഗികൾ പൂർണമായും നീക്കി. തകർന്ന ട്രാക്കും ശരിയാക്കി.
Read More: തൃശൂരിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു; കടത്തിവിടുന്നത് വേഗത കുറച്ച്
ട്രയൽ റൺ നടത്തിയ ശേഷമാണ് പാളത്തിലൂടെ വീണ്ടും ഗതാഗതം ആരംഭിച്ചത്. ആദ്യം കടന്നു പോകുന്ന കുറച്ചു ട്രെയിനുകൾക്ക് വേഗനിയന്ത്രണം ഉണ്ടാകുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് ചാലക്കുടിക്കും ഒല്ലൂരിനുമിടയിൽ ഒറ്റവരിയിലായിരുന്നു രാവിലെ വരെ ഗതാഗതം.
അപകടത്തെത്തുടർന്ന് ഇന്നലെയും ഇന്നുമായി നിരവധി ട്രെയിനുകൾ പൂർണമായും മറ്റു ചിലത് ഭാഗികമായും റദ്ദാക്കിയിരുന്നു. പല ട്രെയിനുകളുടെയും യാത്ര ക്രമീകരിക്കുകയും ചെയ്തു. പല ട്രെയിനുകളും വൈകിയാണ് ഓടിയത്.