കൊച്ചി: സാമ്പത്തിക ശേഷിയുള്ളവര്‍ക്ക് പാചക വാതകത്തിന്റെ സബ്ബ്‌സിഡി വേണ്ടെന്ന് വെക്കാന്‍ അവസരം നല്‍കികൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2015ലെ പദ്ധതിയുടെ മാതൃകയില്‍ റേഷന്‍ അരി വേണ്ടെന്ന് വെക്കാനുള്ള അവസരം നല്‍കുന്ന പദ്ധതിയുമായി കേരള സര്‍ക്കാരും. സാമ്പത്തികമായി മുന്നിലുള്ള എപിഎല്‍ കുടുംബങ്ങള്‍ക്കാണ് ഈ അവസരം ലഭിക്കുക.

പത്ര പരസ്യത്തിലൂടെയാണ് കേരള സര്‍ക്കാര്‍ ജനങ്ങളെ പദ്ധതിയെ കുറിച്ച് അറിയിച്ചത്. ‘ഗിവ് അപ്പ് റേഷന്‍’ പദ്ധതി പ്രകാരം മാര്‍ക്കറ്റ് റേറ്റിലുള്ള അരി വാങ്ങാന്‍ സാധിക്കുന്ന സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് തങ്ങളുടെ അടുത്ത ആറ് മാസത്തെ റേഷന്‍ അരി വേണ്ടെന്ന് വെക്കാം. ഇതിനായി താല്‍പര്യമുള്ളവര്‍ക്ക് സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ്ബ് സൈറ്റ് സന്ദര്‍ശിച്ചാല്‍ ഇതേ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. വെബ്ബ് സൈറ്റില്‍ തങ്ങളുടെ പത്തക്ക റേഷന്‍ കാര്‍ഡ് നമ്പര്‍ ഉപയോഗിച്ചാണ് റേഷന്‍ ഉപേക്ഷിക്കാന്‍ സമ്മതം അറിയിച്ചു കൊണ്ടുള്ള ഫോം പൂരിപ്പിക്കേണ്ടത്. ഇതിനായി ഒരു ഒടിപി ലഭിക്കും. ആറുമാസത്തിന് ശേഷം വീണ്ടും റേഷന്‍ ലഭിക്കാനുള്ള ഫോമും സൈറ്റില്‍ നിന്നു തന്നെ പൂരിപ്പിക്കാന്‍ സാധിക്കും.

കഴിഞ്ഞ ഓഗസ്റ്റില്‍ സംസ്ഥാനത്തെ ആകെ ഉലച്ചു കളഞ്ഞ പ്രളയത്തെ തുടര്‍ന്നുണ്ടായ അരി ക്ഷാമവും മറ്റുമാണ് പദ്ധതിയിലേക്ക് നയിച്ചത്. പദ്ധതി പ്രകാരം സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുന്ന (ബിപിഎല്‍) കുടുംബങ്ങള്‍ക്ക് അവശ്യമായ അരിയെത്തിക്കാന്‍ സാധിക്കും. നേരത്തെ, പ്രളയ ദുരിതം അനുഭവിക്കുന്ന എല്ലാ കുടുംബങ്ങള്‍ക്കും മൂന്ന് മാസത്തേക്ക് സര്‍ക്കാര്‍ സൗജന്യമായി അരി നല്‍കിയിരുന്നു. നേരത്തെ തന്നെ ഇത്തരത്തില്‍ നിയമുണ്ടായിരുന്നുവെങ്കിലും ഇതാദ്യമായാണ് പദ്ധതിയായി അവതരിപ്പിക്കുന്നതെന്ന് സപ്ലൈ കോ അധികൃതര്‍ അറിയിച്ചു.

അതേസമയം, നീക്കം സേവനം ലക്ഷ്യം വച്ചു കൊണ്ടുള്ളത് മാത്രമാണെന്നും ഇത് മൂലം കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് വേണ്ട അരി എത്തിക്കാന്‍ സാധിക്കുമെന്ന് സിവില്‍ സപ്ലൈസ് കമ്മീഷണറേറ്റ് അസിസ്റ്റന്റ് സെക്രട്ടറി വേണുഗോപാല്‍ പറഞ്ഞു.

”ഈ തിരഞ്ഞെടുക്കല്‍ നേരത്തെ തന്നെ കാര്‍ഡിലുണ്ടായിരുന്നു. ആളുകള്‍ക്ക് അറിയാവുന്നതുമാണ്. പക്ഷെ ഞങ്ങളത് ഇപ്പോള്‍ ഊന്നി പറയുന്നുവെന്ന് മാത്രം. ജനങ്ങള്‍ സ്വമേധയാ മുന്നോട്ട് വരുമെന്ന ധാരണയിലാണ് പദ്ധതി അവതരിപ്പിക്കുന്നത്” അദ്ദേഹം പറഞ്ഞു.

നിലവില്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് നാല് കിലോ അരി വീതമാണ് നല്‍കുന്നത്. എന്നാല്‍ പദ്ധതി നടപ്പിലാവുകയാണെങ്കില്‍ അത് അഞ്ച് കിലോയായി ഉയര്‍ത്താനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തില്‍ 81 ലക്ഷം പേര്‍ക്ക് റേഷന്‍ കാര്‍ഡുണ്ട്. ഇതില്‍ 29 ലക്ഷം ആളുകളാണ് ബിപിഎല്‍ കാർഡ് ഉടമകള്‍. ഇതിന് പുറമെ 5.85 ലക്ഷം പേര്‍ എഎവൈ വിഭാഗത്തില്‍ പെടുന്നവരാണ്. ഇവര്‍ക്ക് ലഭിക്കുന്നത് പ്രതിമാസം 35 കിലോ ഭക്ഷ്യ വസ്തുക്കളാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.