തൃശ്ശൂർ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.എൻ.ബാലകൃഷ്ണൻ (84) അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം.

വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകളെ തുർന്ന് ദീർഘനാളായി സ്വന്തം വീട്ടിൽ വിശ്രമത്തിലായിരുന്നു. ഇതിനിടെയാണ് ന്യൂമോണിയ ബാധിച്ചത്. ഒരാഴ്ചയായി കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി എട്ടരയോടെ ആരോഗ്യസ്ഥിതി കൂടുതൽ വഷളായി. രാത്രി പതിനൊന്നരയോടെ അന്ത്യം സംഭവിച്ചു.

കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് സഹകരണ – ഖാദി വകുപ്പ് മന്ത്രിയായിരുന്നു.  1934 നവംബർ 18ന് തൃശ്ശൂർ ജില്ലയിലെ  പുഴയ്‌ക്കൽ ചെമ്മങ്ങാട്ട്‌ വളപ്പിൽ നാരായണന്‍റെയും പാറു അമ്മയുടെയും ആറാമത്തെ മകനായാണ് ജനിച്ചത്. പുഴയ്‌ക്കൽ ഗ്രാമീണ വായനശാലയുടെ ലൈബ്രേറിയനായാണ് പൊതുരംഗത്തെത്തിയത്.

വിനോബാഭാവേയുടെ ഭൂദാൻ യജ്‌ഞത്തിന്റെ ഭാഗമായി സംസ്‌ഥാനത്ത്‌ 45 ദിവസം നടന്ന പദയാത്രയിൽ പങ്കെടുത്തു.  ഗ്രന്ഥശാല പ്രസ്ഥാനത്തിന് എഴുപതുകളിൽ ജീവൻ നൽകിയ സംഘത്തിന് നേതൃത്വം കൊടുത്തവരിലും സിഎൻ ഉണ്ടായിരുന്നു.

മിൽമ വരും മുമ്പേ തൃശ്ശൂരിൽ ക്ഷീരസഹകരണ സംഘം രൂപീകരിച്ച് പാക്കറ്റിൽ പാൽ വിതരണം നടത്താൻ കാൽ നൂറ്റാണ്ട് മുമ്പ് ബാലകൃഷ്ണന് സാധിച്ചു. ജില്ലാ ബാങ്ക് പ്രസിഡന്റ് ആയിരിക്കെയാണ് കൺവെൻഷൻ സെന്റർ നിർമ്മിച്ചത്.

കെ.കരുണാകരന്‍റെ വിശ്വസ്ഥനും, അടുത്ത അനുയായിയും ആയിരുന്നു.  എന്നാൽ കരുണാകരൻ കോൺഗ്രസ് വിട്ടപ്പോൾ സി.എൻ.ബാലകൃഷ്ണൻ കോൺഗ്രസിൽ തന്നെ നിന്നു. തൃശ്ശൂരിൽ ഡിസിസി ആസ്ഥാനമായ കരുണാകരൻ സപ്തതി സ്മാരക മന്ദിരം,  ജില്ലാ സഹകരണ ബാങ്കിന്റെ ജവഹർലാൽ കൺവെൻഷൻ സെന്റർ, കെപിസിസി ആസ്ഥാന മന്ദിരം തുടങ്ങിയവയുടെ നിർമ്മാണത്തിന് നേതൃത്വം നൽകിയത് ഇദ്ദേഹമാണ്.

ദീർഘകാലം തൃശ്ശൂർ ഡിസിസി പ്രസിഡന്റും കെപിസിസി ട്രഷററുമായിരുന്നു. എന്നാൽ 2011 ലെ തിരഞ്ഞെടുപ്പിലാണ് സി.എൻ.ബാലകൃഷ്ണൻ ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. വടക്കാഞ്ചേരി മണ്ഡലത്തിൽ നിന്ന് സിപിഎമ്മിലെ എൻ.ആർ.ബാലനെതിരെ 6685 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.  തങ്കമണിയാണ് ഭാര്യ. തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ ഗീത, മിനി എന്നിവർ മക്കളാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.