കൊച്ചി: ഭാര്യയുടെ ചേതനയറ്റ ശരീരം കാണാൻ വിജയകുമാർ നാട്ടിലെത്തി. ഭാര്യയെ അവസാനമായി ഒരുനോക്ക് കാണാൻ സാധിക്കുമാേ എന്ന സങ്കടത്തിലായിരുന്നു ഇന്നലെ വരെ വിജയകുമാർ. ഇന്നലെ രാത്രി കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ വിജയകുമാർ ഇന്ന് ജില്ലാ ആശുപത്രിയിലെ മോച്ചറിയിൽ പ്രിയ പത്‌നിയെ കാണാനെത്തും.

ദുബായിലെ സ്വകാര്യ കമ്പനിയിൽ ഇലക്ട്രിക്കൽ സൂപ്പർവൈസറാണ് വിജയകുമാർ. ഇദ്ദേഹത്തിന്റെ ഭാര്യ ഗീത ഈ മാസം 10ന് ഹൃദയാഘാതം മൂലമാണ് നാട്ടിൽ മരിച്ചത്. ഭാര്യയെ അവസാനമായി ഒരുനോക്ക് കാണാൻ വിജയകുമാർ ശ്രമങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ, നാട്ടിലേക്ക് വരാനുള്ള ശ്രമങ്ങളെല്ലാം വിമാനങ്ങളിൽ സീറ്റ് ഒഴിവില്ലാത്തതിനെ തുടർന്ന് പരാജയപ്പെട്ടു.

Read Also: ദുബായ്-കൊച്ചി വിമാനത്തിലെത്തിയത് 181 പേർ; തൃശൂർ സ്വദേശിനിക്ക് രോഗലക്ഷണം

തനിക്കു നാട്ടിലേക്ക് പോകാൻ സാധിക്കില്ലെന്ന സാഹചര്യം വന്നതോടെ വിജയകുമാർ വലിയ വിഷമത്തിലായി. ഭാര്യയെ അവസാനമായി കാണാൻ സാധിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായതോടെ വിജയകുമാറിനു സ്വന്തം വേദന നിയന്ത്രിക്കാൻ സാധിച്ചില്ല. വിജയകുമാറിന്റെ സങ്കടം പിന്നീട് മാധ്യമങ്ങളാണ് പുറംലോകത്തെ അറിയിച്ചത്. നാട്ടിലേക്കുള്ള വിമാനത്തില്‍ ആരുടെയെങ്കിലും യാത്ര ഒഴിവായാല്‍ അതു തനിക്കു ലഭിക്കുമോ എന്ന പ്രതീക്ഷയില്‍ മേയ് 10 മുതൽ വിജയകുമാര്‍ ദുബായ് വിമാനത്താവളത്തില്‍ കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.

ടിക്കറ്റ് ലഭിക്കാനുള്ള ശ്രമങ്ങൾ വിജയകുമാർ തുടരുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസ്, കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഓഫിസ് എന്നിവയിലൂടെ യുഎഇയിലെ എംബസി ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ ബന്ധപ്പെട്ടെങ്കിലും ടിക്കറ്റ് ലഭിച്ചില്ല. ടിക്കറ്റ് ലഭിക്കാൻ യുഎഇയിലെ എംബസി കയറിയിറങ്ങുകയായിരുന്നു വിജയകുമാർ. ഇതെല്ലാം മാധ്യമങ്ങളിലൂടെയാണ് പുറംലോകമറിഞ്ഞത്. വിജയകുമാറിന്റെ വേദനയ്‌ക്കൊപ്പം മലയാളികളും തേങ്ങി. ഒടുവിൽ സാമൂഹിക പ്രവർത്തകനും ഇൻകാസ് നേതാവുമായ അഡ്വ.ടി.കെ.ഹാഷിക് നൽകിയ വിമാന ടിക്കറ്റിലാണ് വിജയകുമാർ ഇന്നലെ ഉച്ചയോടെ ദുബായ് വിമാനത്താവളത്തിൽ നിന്നു യാത്ര തിരിച്ചത്.

ഇന്നലെ രാത്രിയോടെ വിജയകുമാർ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. ദുബായ്-കൊച്ചി വിമാനത്തിലെ (IX 434 ) 181 യാത്രക്കാരിൽ ഒരാളായിരുന്നു വിജയകുമാർ. ഇന്നലെ രാത്രി മുഴുവൻ ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിലാണ് വിജയകുമാർ കഴിഞ്ഞത്. ഇന്ന് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ എത്തി ഭാര്യ ഗീതയുടെ ചേതനയറ്റ ശരീരം അവസാനമായി കാണും. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും വിജയകുമാർ ആശുപത്രിയിലെത്തുക.

Read Also: പെയ്ഡ് ക്വാറന്റൈൻ: നിങ്ങളുടെ ജില്ലയിലെ റൂമുകൾ കണ്ടെത്താം, നിരക്കും സൗകര്യങ്ങളും അറിയാം

കഴിഞ്ഞ ശനിയാഴ്‌ചയാണ് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഗീത ആശുപത്രിയിലേക്കു പോകുന്നത്. മരുന്നു വാങ്ങി തിരിച്ചെത്തിയെങ്കിലും വീണ്ടും ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്കു കൊണ്ടു പോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 22 വർഷമായി വിജയകുമാർ പ്രവാസിയാണ്. ഇവർക്ക് മക്കളില്ല. നാട്ടിലെത്താൻ തന്നെ സഹായിച്ച മാധ്യമപ്രവർത്തകർ അടക്കമുള്ള എല്ലാവർക്കും വിജയകുമാർ നന്ദി അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.