തിരുവനന്തപുരം: വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമല്ലാത്ത രാജ്യാന്തര വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന തീരുമാനത്തില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് സൂചന. രോഗവ്യാപനം പിടിച്ചുനിര്‍ത്താന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നാണ് സര്‍ക്കാര്‍ നിലപാട്.
നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിലപാടിനെതിരെ ശക്തമായ പ്രതിഷേധമുണ്ടെങ്കിലും രോഗനിരക്ക് പിടിച്ചുനിര്‍ത്താന്‍ ഏക ഉപാധിയാണിതെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു. വിഷയം, മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്നു നടക്കുന്ന യോഗത്തില്‍ ചര്‍ച്ചയാകും. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഇന്നുണ്ടായേക്കും.
അതേസമയം, ചാർട്ടേഡ് വിമാനങ്ങളിൽ എത്തുന്ന പ്രവാസികൾക്ക് കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സർക്കാർ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ ഹർജി ഫയല്‍ ചെയ്തിട്ടുണ്ട്. യാത്രക്കാർ കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നോർക്ക പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവ് വിവേചനപരമാണന്ന് ചൂണ്ടിക്കാട്ടി ഓവർസീസ് ഇൻഡ്യൻ കൾച്ചറൽ കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റ് പത്തനംതിട്ട അയിരൂർ സ്വദേശി റെജി താഴമൺ ആണ് പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചത്.
Read Also: Horoscope Today June 16, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം
ചാർട്ടേഡ് വിമാനങ്ങളിൽ രോഗവ്യാപനത്തിന് കൂടുതൽ സാധ്യതയുണ്ടന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഉത്തരവ്. എന്നാൽ, കേന്ദ്ര സർക്കാരിന്റെ വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള വിമാനങ്ങളിൽ യാത്രക്കാർക്ക് ഈ നിബന്ധന ഇല്ലെന്നും രോഗവ്യാപന സാധ്യത രണ്ടു വിമാനങ്ങളിലും ഒരു പോലെയാണന്നും സംസ്ഥാന സർക്കാരിന്റെ നടപടി ഏകപക്ഷീയമാണന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
കോവിഡ് സ്ഥിരീകരണ പരിശോധനയ്ക്ക് ഗൾഫ് രാജ്യങ്ങളിൽ ചെലവ് കൂടുതലാണന്നും ചെലവ് താങ്ങാനാവാത്തവരാണ് ചാർട്ടേഡ് വിമാനങ്ങളിൽ ഉദാരമതികളുടെയും സന്നദ്ധ സംഘടനകളുടേയും സഹായത്താൽ എത്തുന്നതെന്നും ഹർജിയിൽ പറയുന്നു. കോവിഡ് സ്ഥീരീകരണപരിശോധന ഒഴിവാക്കണമെന്നും യാത്രക്കാർക്ക് വിമാനത്താവളത്തിൽ പ്രവേശിക്കും മുൻപ് നടത്തുന്ന റാപിഡ് ടെസ്റ്റ് മാത്രം നടത്താൻ നിർദേശിക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം.