തിരുവനന്തപുരം: 2017ലെ കേരള എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റുകള്‍ പ്രഖ്യാപിച്ചു. ആദ്യ പത്ത് റാങ്ക് ആണ്‍കുട്ടികളാണ്. 61,716 വിദ്യാര്‍ഥികള്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

കോഴിക്കോട് സ്വദേശി ഷാഫീല്‍ മായിനിനാണ് ഒന്നാം റാങ്ക്. ഐഐടി പ്രവേശനത്തിനുള്ള ജെഇഇ പരീക്ഷയിലും ഷാഫീല്‍ മികച്ച വിജയം നേടിയിരുന്നു. അഖിലേന്ത്യാ തലത്തില്‍ നാലാം റാങ്കും കേരളത്തില്‍ ഒന്നാം റാങ്കുമായിരുന്നു ജെഇഇ മെയിന്‍ പരീക്ഷയില്‍ ഷാഫിലിന് ലഭിച്ചത്. കോട്ടയം സ്വദേശികളായ വേദാന്ത് പ്രകാശ് ഷേണായി, അഭിലാഷ് ഘാര്‍, ആനന്ദ് ജോര്‍ജ് എന്നിവര്‍ക്കാണ് യഥാക്രമം രണ്ടും മൂന്നും നാലും റാങ്കുകള്‍. എസ്ടി വിഭാഗത്തില്‍ കോട്ടയം സ്വദേശി ജിബിന്‍ ജോര്‍ജിനാണ് ഒന്നാം റാങ്ക്. എസ് സി വിഭാഗത്തില്‍ മലപ്പുറം സ്വദേശി ഇന്ദ്രജിത്തിനാണ് ഒന്നാം റാങ്ക്. തിരുവനന്തപുരത്ത് വിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസാണ് ഫലം പ്രഖ്യാപിച്ചത്.

ഫാര്‍മസി കോഴ്‌സിലെ റാങ്ക് പട്ടികയില്‍ 28,022 വിദ്യാര്‍ഥികള്‍ യോഗ്യത നേടി. മലപ്പുറം സ്വദേശി സി.പി. അലിഫ് അന്‍ഷിലിനാണ് ഒന്നാം റാങ്ക്.

എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ യോഗ്യത നേടിയ വിദ്യാര്‍ഥികളുടെ പ്ലസ് ടു പരീക്ഷയിലെ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങളില്‍ ലഭിച്ച മാര്‍ക്കും പ്രവേശന പരീക്ഷയ്ക്ക് ലഭിച്ച സ്‌കോറും തുല്യ അനുപാതത്തില്‍ പരിഗണിച്ചാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്.

മാര്‍ക്ക് ലിസ്റ്റ് സമര്‍പ്പിക്കാത്ത 699 പേരുടെ ഫലം തടഞ്ഞുവെച്ചിരിക്കുകയാണ്. ആദ്യ അയ്യായിരം റാങ്കില്‍ 2535പേര്‍ കേരള സിലബസുകാരാണ്. എന്‍ജിനീയറിങ്ങിന്റെ ആദ്യഘട്ട അലോട്ട്‌മെന്റ് ജൂണ്‍ 30ന് മുമ്പായിരിക്കും. രണ്ടാംഘട്ട അലോട്ട്‌മെന്റ് ജൂലൈ 20നും മൂന്നാംഘട്ടം ജൂലൈ 30നും നടക്കും. ആഗസ്റ്റ് 15നായിരിക്കും പ്രവേശനം അവസാനിപ്പിക്കുക.
ഫലം അറിയാൻ: www.cee.kerala.gov.in

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ