തിരുവനന്തപുരം:  സംസ്ഥാനസർക്കാർ പ്രഖ്യാപിച്ച നൂറു ദിന കർമ പദ്ധതികളുടെ ഭാഗമായി കൂടുതൽ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 100 ദിവസത്തിനുള്ളില്‍ 15,000 നവസംരംഭങ്ങളിലൂടെ 50,000 പേര്‍ക്ക് കാര്‍ഷികേതര മേഖലയില്‍ തൊഴില്‍ നല്‍കുമെന്ന്  മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പ്രാദേശിക സഹകരണ ബാങ്കുകള്‍,  കുടുംബശ്രീ, കെഎഫ്‌സി , ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവയായിരിക്കും മുഖ്യ ഏജന്‍സികള്‍. ഒരു പ്രത്യേക പോര്‍ട്ടലിലൂടെ ഓരോ ഏജന്‍സികളും അധികമായി സൃഷ്ടിച്ച തൊഴിലവസരങ്ങള്‍ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read More: സംസ്ഥാനത്തെ സ്കൂളുകൾ ജനുവരിയിൽ തുറക്കാനായേക്കും; 250 പുതിയ സ്കൂൾ കെട്ടിടങ്ങൾ നിർമിക്കും

100 ദിവസത്തിനുള്ളില്‍ കോളേജ്, ഹയര്‍ സെക്കണ്ടറി മേഖലകളിലായി 1000 തസ്തികകള്‍ സൃഷ്ടിക്കും. പിഎസ്‌സിക്ക് നിയമനം വിട്ടുകൊടുത്ത 11 സ്ഥാപനങ്ങളില്‍ സ്‌പെഷ്യല്‍ റൂള്‍സ് ഉണ്ടാക്കുന്നതിനുള്ള പ്രത്യേക ടാസ്‌ക്‌ഫോഴ്‌സിനെ നിയമ-ധന-പൊതുഭരണ വകുപ്പുകളുടെ നേതൃത്വത്തില്‍ സൃഷ്ടിക്കും.

നിയമനം പിഎസ്‌സിയെ ഏല്‍പ്പിച്ചാലും  സ്‌പെഷ്യല്‍ റൂള്‍സിന്റെ അപാകം മൂലം ഉദ്ദേശ്യം പൂര്‍ത്തീകരിക്കാനാവാത്ത സ്ഥിതിയാണ് ഇപ്പേഴുള്ളത്. ഈ പ്രശ്‌നം പരിഹരിക്കു എന്നത് ഉദ്യോഗാര്‍ത്ഥികളുടെ ഏറെനാളായുള്ള ആവശ്യമാണ്. ഈ സ്ഥാപനങ്ങളുടെ സ്‌പെഷ്യല്‍ റൂള്‍സിന് അവസാനരൂപം നല്‍കും. ടാസ്‌ക്ക് ഷോഴ്‌സ് സമയബന്ധിതമായി ഈ വിഷയത്തിന് പരിഹാരം കാണുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Read More: സാമൂഹിക സുരക്ഷ പെൻഷൻ വർധിപ്പിക്കും, വിതരണം മാസംതോറുമാക്കും; 100 പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

സംസ്ഥാനസർക്കാർ നാലുവര്‍ഷം കൊണ്ട് 1,41,615 പേര്‍ക്ക് തൊഴില്‍ നല്‍കിയതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളുടെ കണക്ക് ഉള്‍പ്പെടുത്താതെയാണ് ഈ കണക്കെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് അടുത്ത നൂറ് ദിവസത്തിനുള്ളിൽ പൂർത്തീകരിക്കാനോ തുടക്കം കുറിക്കാനോ ലക്ഷ്യമിടുന്ന 100 കർമ പദ്ധതികളുടെ ഭാഗമായാണ് തൊഴിൽ രംഗത്തെ പുതിയ പദ്ധതികൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

കാർഷിക രംഗത്തും പുതിയ പദ്ധതികൾ ആരംഭിക്കുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അടുത്ത കേരളപ്പിറവി ദിനത്തില്‍ 14 ഇനം പച്ചക്കറികള്‍ക്ക് തറവില പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ആദ്യമാണ് ഒരു സംസ്ഥാനം പച്ചക്കറിക്ക് തറവില ഏര്‍പ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പച്ചക്കറി ന്യായവിലയ്ക്ക് ഉപഭോക്താവിന് ഉറപ്പുവരുത്തുന്നതിനും കൃഷിക്കാരില്‍ നിന്നും സംഭരിക്കുന്നതിനും പ്രാദേശിക സഹകരണ ബാങ്കുകളുടെ ആഭിമുഖ്യത്തില്‍ കടകളുടെ ശൃംഖല ആരംഭിക്കും.

Read More: മൊറട്ടോറിയം നീട്ടണമെന്ന് കേരളം; റിസർവ് ബാങ്കിന് കത്തയക്കും

കൃഷിക്കാര്‍ക്ക് തത്സമയം തന്നെ അക്കൗണ്ടിലേയ്ക്ക് പണം നല്‍കും. വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ മിച്ച പഞ്ചായത്തുകളില്‍ നിന്നും കമ്മിയുള്ള പഞ്ചായത്തുകളിലേക്ക് പച്ചക്കറി നീക്കുന്നതിനുള്ള ചുമതലയെടുക്കും. അതിഥിത്തൊഴിലാളികള്‍ക്ക് വാടകയ്ക്ക് താമസസൗകര്യം ഏര്‍പ്പെടുത്തുന്ന ഗസ്റ്റ് വര്‍ക്കര്‍ ഫ്രണ്ട്‌ലി റസിഡന്റ്‌സ് ഇന്‍ കേരള ഉദ്ഘാടനം ചെയ്യുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.